ക്രിപ്‌റ്റോകറന്‍സി ബില്‍ ഉടന്‍ അവതരിപ്പിക്കും: അനുരാഗ് താക്കൂര്‍
ന്യൂഡെല്‍ഹി: ക്രിപ്‌റ്റോകറന്‍സികളെ കറന്‍സികളായോ തിരിച്ചറിയാനാകുന്ന ഉപയോക്താക്കളുള്ള സാമ്പത്തിക ഉല്‍പ്പന്നങ്ങളായോ കടപ്പത്രങ്ങളായോ കാണാനാകാത്ത സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) തുടങ്ങിയ റെഗുലേറ്ററി ബോഡികള്‍ക്ക് ഇവയെ നേരിട്ട് നിയന്ത്രിക്കുന്നതിന് നിയമപരമായ പരിമിതികളുണ്ടെന്ന് ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ഈ വിഷയം കൈകാര്യം ചെയ്യാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണ്, അതിനാലാണ് സര്‍ക്കാര്‍ ഒരു മന്ത്രിസഭാ സമിതി രൂപീകരിച്ചിരിക്കുന്നതെന്നും താക്കൂര്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചു.
‘ഈ കമ്മിറ്റി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, ഉടന്‍ ഉന്നതതല ടെക്‌നോളജി ഗ്രൂപ്പിന്റെ യോഗം ചേരും. സെക്രട്ടറിമാരുടെ സമിതിയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്, ഇപ്പോള്‍ മന്ത്രിസഭയിലേക്ക് അയയ്ക്കുന്നതിന് മുമ്പായി ബില്ലിന് അന്തിമരൂപം നല്‍കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോളതലത്തില്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് വ്യത്യസ്ത നിര്‍വചനങ്ങള്‍ ഉണ്ട്, അവ അന്താരാഷ്ട്ര സംഘടനകള്‍ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് റിസര്‍വ് ബാങ്കും മുന്‍കൈയെടുത്ത് ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിച്ചിരുന്നു. ഇക്കാര്യങ്ങള്‍ എല്ലാം വിലയിരുത്തിക്കൊണ്ടുള്ള ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് കേന്ദ്ര നിയമ സഹമന്ത്രി വ്യക്തമാക്കുന്നത്.