യുഎസ്- റഷ്യ ഉച്ചകോടി അടുത്തമാസം നടക്കുമെന്ന് ബൈഡന്‍
1 min readവാഷിംഗ്ടണ്‍: ജൂണ്‍മാസത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍.’ കൂടിക്കാഴ്ച നടക്കുമെന്ന് ഉറപ്പുണ്ട്.അതിന് പ്രത്യേക സമയമോ സ്ഥലമോ ഇല്ല. കൂടിക്കാഴ്ചക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണ്’ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് ബൈഡന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉക്രൈനിന്‍റെ അതിര്‍ത്തിയില്‍ റഷ്യ വലിയ സൈനിക വിന്യാസം നടത്തിയത് അന്താരാഷ്ട്ര തലത്തില്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ മോസ്കോയുടെ ഈ നടപടി കാരണം പുടിനുമായി കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം മാറ്റില്ലെന്നും ബൈഡന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഉച്ചകോടിയുടെ സ്ഥാനം, സമയം, അജണ്ട എന്നിവ സംബന്ധിച്ച് ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടന്നുവരികയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പിന്നീട് ഒരു ബ്രീഫിംഗില്‍ പറഞ്ഞു. യുഎസും റഷ്യയും ഒന്നിലധികം വിഷയങ്ങളില്‍ വിയോജിപ്പുണ്ടാക്കുമെന്നും ഉച്ചകോടിക്ക് മുമ്പ് ഈ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.ജൂണില്‍ നടക്കാനിരിക്കുന്ന യൂറോപ്പിലേക്കുള്ള യാത്രയില്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബൈഡന്‍ ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു. യുകെയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലും തുടര്‍ന്ന് ബെല്‍ജിയത്തില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയിലും ബൈഡന്‍ പങ്കെടുക്കുന്നുണ്ട്.
വാഷിംഗ്ടണും മോസ്കോയും തമ്മിലുള്ള ബന്ധം അടുത്ത കാലത്തായി തീരെ വഷളായി വരികയാണ്. ഇക്കാര്യത്തില്‍ റഷ്യയെ ചൈന പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. കാരണം യുഎസിനെതിരെ ബെയ്ജിംഗിന്‍റെ നില കൂടുതല്‍ ശക്തമാക്കാന്‍ അവര്‍ക്ക് മോസ്കോയുടെ പിന്തുണ ആവശ്യമാണ്. ഇക്കാര്യത്തിനായി ഇന്ന് ഷി ജിന്‍പിംഗ് റഷ്യയെ ഉപയോഗിക്കുന്നു. ഇതുവരെ റഷ്യയും ചൈനയുടെ പാതയിലൂടെയാണ് മുന്നോട്ടുപോകുന്നത്.
ഉക്രെയ്ന്‍, മനുഷ്യാവകാശം, സൈബര്‍ സുരക്ഷ പ്രശ്നങ്ങള്‍ എന്നിവയില്‍ യുഎസും റഷ്യയും ഭിന്നത പുലര്‍ത്തുന്നു.ആഭ്യന്തര രാഷ്ട്രീയ ഇടപെടല്‍ അവര്‍ പരസ്പരം ആരോപിച്ചു. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതായും മുമ്പ് വാര്‍ത്തകള്‍ വന്നതാണ്. ഈ ഭിന്നതയ്ക്ക് ഒരു ഭാഗികമായ പരിഹാരമെങ്കിലും സൃഷ്ടിക്കാനാകുമോ എന്നാണ് ഇപ്പോള്‍ ബൈഡന്‍ ഉറ്റുനോക്കുന്നത്.