9 മാസത്തില്‍ ബാങ്കുകള്‍ എഴുതിത്തള്ളിയത് 1.15 ലക്ഷം കോടി രൂപ
1 min readകുടിശ്ശിക ഈടാക്കുന്നതിനുള്ള ശ്രമങ്ങള്‍ എഴുതിത്തള്ളിയ വായ്പകളിലും തുടരുമെന്ന് അനുരാഗ് താക്കൂര്‍
ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 1.15 ലക്ഷം കോടി രൂപയുടെ മോശം വായ്പകളാണ് ബാങ്കുകള്‍ എഴുതിത്തള്ളിയതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ലോക്സഭയെ അറിയിച്ചു. ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ബാങ്ക് ബോര്‍ഡുകള്‍ അംഗീകരിച്ച നയവും അനുസരിച്ചാണ് നിഷ്ക്രിയ വായ്പകള്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റില്‍ നിന്നും എഴുതിത്തള്ളിയിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിതിന്‍റെ അടിസ്ഥാനത്തില്‍ പൂര്‍ണ വകയിരുത്തല്‍ നടത്തുന്ന വായ്പകളും ഇതില്‍ ഉള്‍പ്പെടുന്നു.
റിസര്‍വ് ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അവരുടെ ബോര്‍ഡുകള്‍ അംഗീകരിച്ച നയത്തിനും അനുസൃതമായി മൂലധനം ക്രമീകരിക്കുന്നതിനുള്ള പതിവ് പ്രക്രിയയുടെ ഭാഗമാണ് എഴുതിത്തള്ളല്‍ എന്നും തങ്ങളുടെ ബാലന്‍സ് ഷീറ്റ് വൃത്തിയാക്കാനും നികുതി ആനുകൂല്യം നേടാനും ഇതിലൂടെ ബാങ്കുകള്‍ക്ക് സാധിക്കുന്നുവെന്നും താക്കൂര്‍ പറഞ്ഞു. എന്നിരുന്നാലും, എഴുതിത്തള്ളിയ വായ്പകളുടെ തിരിച്ചടവിന് വായ്പ വാങ്ങിയവര്‍ക്ക് ബാധ്യതയുണ്ടെന്നും കുടിശ്ശിക ഈടാക്കുന്നതിനുള്ള ശ്രമങ്ങള്‍ എഴുതിത്തള്ളിയ വായ്പകളിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിസര്‍വ് ബാങ്ക് ഡാറ്റ അനുസരിച്ച് ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ 2,36,265 കോടി രൂപ, 2,34,170 കോടി രൂപ എന്നിങ്ങനെയാണ് യഥാക്രമം 2018-19, 2019-20 സാമ്പത്തിക വര്‍ഷങ്ങളില്‍ എഴുതിത്തള്ളിയിട്ടുള്ളത്.
കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ മൂന്ന് പാദങ്ങളിലും ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ 3,68,636 കോടി രൂപ വീണ്ടെടുത്തു. ഇതില്‍ എഴുതിത്തള്ളിയ വായ്പ എക്കൗണ്ടുകളില്‍ നിന്നുള്ള 68,219 കോടി രൂപയും ഉള്‍പ്പെടുന്നുണ്ട്.
സര്‍ക്കാര്‍ കൈകൊണ്ട് വിവിധ നടപടികളുടെ ഭാഗമായി ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി (എന്‍പിഎ) 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 2,79,627 കോടി രൂപ കുറഞ്ഞ് 7,56,560 കോടി രൂപയായെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു