വാഹനങ്ങളുടെ റീട്ടെയ്ല്‍ വില്‍പ്പനയില്‍ 55% ഇടിവ്
റിപ്പോര്‍ട്ട് പ്രകാരം പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) വില്‍പ്പന ഏപ്രിലിനെ അപേക്ഷിച്ച് 59 ശതമാനം കുറഞ്ഞു
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ മേയില്‍ വാഹനങ്ങളുടെ റീട്ടെയ്ല്‍ വില്‍പ്പനയില്‍ ഉണ്ടായത് വന്‍ ഇടിവ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണുകള്‍ വാഹനങ്ങളുടെ വില്‍പ്പനയെയും രജിസ്ട്രേഷനെയും ബാധിച്ചതിന്‍റെ ഫലമായി 55 ശതമാനം ഇടിവാണ് വാഹനങ്ങളുടെ റീട്ടെയ്ല്‍ വില്‍പ്പനയില്‍ ഉണ്ടായതതെന്ന് ഓട്ടോമൊബൈല്‍ ഡീലര്‍മാരുടെ സംഘടനയായ എഫ്എഡിഎ അറിയിച്ചു.
പല സംസ്ഥാനങ്ങളിലും ഷോറൂമുകള്‍ അടഞ്ഞുകിടന്നതിനാല്‍ എല്ലാ വിഭാഗങ്ങളിലെയും വില്‍പ്പന കഴിഞ്ഞ മാസം ബാധിക്കപ്പെട്ടു. ഈ വര്‍ഷം ഏപ്രിലിലെ 11,85,374 യൂണിറ്റിനെ അപേക്ഷിച്ച് മേയ് മാസത്തില്‍ രജിസ്ട്രേഷന്‍ 5,35,855 യൂണിറ്റായി കുറഞ്ഞു. 1,497 പ്രാദേശിക ഗതാഗത ഓഫീസുകളില്‍ (ആര്‍ടിഒ) 1,294 ല്‍ നിന്നുള്ള വാഹന രജിസ്ട്രേഷന്‍ വിവരങ്ങള്‍ ശേഖരിച്ചാണ് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (എഫ്എഡിഎ) റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.
റിപ്പോര്‍ട്ട് പ്രകാരം പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) വില്‍പ്പന ഏപ്രിലിലെ 2,08,883 യൂണിറ്റുകളെ അപേക്ഷിച്ച് 59 ശതമാനം കുറഞ്ഞു. ത്രീ വീലര്‍ വില്‍പ്പന 76 ശതമാനം ഇടിവ് രേഖപ്പെടുത്തി 5,215 യൂണിറ്റായി. ഏപ്രിലില്‍ ഇത് 21,636 യൂണിറ്റായിരുന്നു. ട്രാക്ടര്‍ വില്‍പ്പന 57 ശതമാനം ഇടിഞ്ഞ് 16,616 യൂണിറ്റായി. ഏപ്രിലില്‍ ഇത് 38,285 യൂണിറ്റായിരുന്നു.
‘കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്തെ ഒരു കുടുംബത്തെ പോലും ബാധിക്കാത്തതായി ഇല്ല. നഗര വിപണികള്‍ കൂടാതെ, ഇത്തവണ ഗ്രാമപ്രദേശങ്ങള്‍ പോലും മോശമായി ബാധിച്ചു. മിക്ക സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ തുടരുകയാണ്,’ എഫ്എഡിഎ പ്രസിഡന്‍റ് വിന്‍കേഷ് ഗുലാത്തി കുറിച്ചു. മഹാമാരി മൂലമുണ്ടായ ബിസിനസ്സ് തടസ്സങ്ങളുടെ പശ്ചാത്തലത്തില്‍ ഓട്ടോ റീട്ടെയില്‍ മേഖലയ്ക്ക് പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടാറ്റാ മോട്ടോഴ്സ് (സിവി യൂണിറ്റ്), റെനോ, ഭാരത് ബെന്‍സ്, എച്ച്എംഎസ്ഐ എന്നിവ തങ്ങളുടെ ചാനല്‍ പങ്കാളികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവര്‍ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല. അതിനാല്‍, എല്ലാ ഒഇഎമ്മുകളോടും അടിയന്തരമായി സഹായ നടപടികള്‍ പ്രഖ്യാപിക്കാന്‍ എഫ്എഡിഎ അഭ്യര്‍ത്ഥിക്കുകയാണെന്നും ഗുലാത്തി കൂട്ടിച്ചേര്‍ത്തു.