വ്യവസായവല്‍ക്കരണം; ആന്ധ്രയ്ക്ക് പ്രത്യേക പദവി അനുവദിക്കണം: ജഗന്‍
അമരാവതി: ദ്രുതഗതിയിലുള്ള വ്യവസായവല്‍ക്കരണത്തിനായി സംസ്ഥാനത്തിന് പ്രത്യേക കാറ്റഗറി പദവി (എസ്സിഎസ്) നല്‍കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. ‘പ്രത്യേക പദവി ലഭിച്ചാല്‍ മാത്രമേ ആന്ധ്രയുടെ ദ്രുതഗതിയിലുള്ള വ്യവസായവല്‍ക്കരണം സാധ്യമാകൂ. ഇക്കാര്യം സംസ്ഥാന വിഭജനത്തിനുമുമ്പുള്ള ഒരു വ്യവസ്ഥയായിരുന്നു’ റെഡ്ഡി പറഞ്ഞു. നിതി ആയോഗിന്‍റെ ഭരണസമിതി യോഗത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച സാഹചര്യത്തിലാണ് എസ്സിഎസ് ആവശ്യമുന്നയിച്ചത്.
ബിസിനസ്സ് സൗഹൃദ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഉണ്ടായിരുന്നിട്ടും സംസ്ഥാനത്തിന് വ്യവസായവല്‍ക്കരണത്തിന്‍റെ വളര്‍ച്ചാ വേഗത കൈവരിക്കാനായിട്ടില്ലെന്ന് റെഡ്ഡി പറഞ്ഞു. ‘നിരവധി തടസങ്ങള്‍ മൂലമാണ് ഇത് സംഭവിച്ചത്. വിഭജനം അസന്തുലിതമായിരുന്നു. വിഭജനത്തിന്‍റെ ഫലമായി തന്‍റെ സംസ്ഥാനത്തിന് ഒരു ടയര്‍ വണ്‍ സിറ്റി, അടിസ്ഥാന സൗകര്യങ്ങള്‍, തൊഴിലവസരങ്ങള്‍, സാമ്പത്തിക സ്രോതസ്സുകള്‍ എന്നിവ നഷ്ടപ്പെട്ടു,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ 62ശതമാനം ജനത കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് കഴിയുന്നത്. അഞ്ച് പ്രധാന നയ ഇടപെടലുകള്‍ ഈ മേഖലയ്ക്ക് ഉത്തേജനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കായി മാര്‍ക്കറ്റ് സ്റ്റബിലൈസേഷന്‍ ഫണ്ട് സ്ഥാപിക്കണമെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു.