ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്തയ്ക്ക് പിന്നാലെ പെഗാസസ് ഉടമകളുടെ എക്കൗണ്ടുകള്‍ നീക്കം ചെയ്ത് ആമസോണ് വെബ് സര്‍വീസ്
ചോര്‍ന്ന ഡാറ്റയുടെ വിശകലനത്തില്‍ കുറഞ്ഞത് 10 സര്‍ക്കാരുകളെങ്കിലും എന്‍എസ്ഒ ഉപഭോക്താക്കളാണെന്നാണ് റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പെഗാസസ് സ്പൈവെയര്‍ വിവാദത്തിന് പിന്നാലെ, ആമസോണിന്‍റെ ക്ലൗഡ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസ് (എഡബ്ല്യുഎസ്) ഇസ്രായേല്‍ നിരീക്ഷണ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇന്‍ഫ്രാസ്ട്രക്ചറുകളും എക്കൗണ്ടുകളും നീക്കം ചെയ്തു. പെഗാസസ് സോഫ്റ്റ്വെയറിന്‍റെ ഉടമകളാണ് എന്‍എസ്ഒ
‘ഈ വാര്‍ത്തയെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ, ഞങ്ങള്‍ വേഗത്തില്‍ തീരുമാനമെടുത്ത് ഈ ഇന്‍ഫ്രാസ്ട്രക്ചറും അക്കൗണ്ടുകളും അടച്ചുപൂട്ടാന്‍ നടപടികളെടുത്തു,’ എഡബ്ല്യുഎസ് വക്താവ് പറഞ്ഞു.
ഇന്ത്യയുള്‍പ്പെടെ 50 രാജ്യങ്ങളിലായി 50,000 ത്തിലധികം ആളുകളെ നിരീക്ഷിക്കാന്‍ ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പില്‍ നിന്നുള്ള മിലിട്ടറി ഗ്രേഡ് പെഗാസസ് സ്പൈവെയറിനെ ഉപയോഗപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.
എഡബ്ല്യുഎസ്, ആമസോണ്‍ ക്ലൗഡ് ഫ്രണ്ട് തുടങ്ങിയ വാണിജ്യ സേവനങ്ങളിലൂടെ ഫോണുകളും ഡാറ്റയും വശത്താക്കാനായി പെഗാസസ് പ്രവര്‍ത്തിച്ചുവെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ അന്വേഷണത്തിലൂടെ വ്യക്തമാക്കിയിരുന്നു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവരെ പെഗാസസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നതിന് സ്വേച്ഛാധിപത്യ പ്രവണതയുള്ള സര്‍ക്കാരുകള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ഗാര്‍ഡിയന്‍ പത്രമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ചോര്‍ന്ന ഡാറ്റയുടെ വിശകലനത്തില്‍ കുറഞ്ഞത് 10 സര്‍ക്കാരുകളെങ്കിലും എന്‍എസ്ഒ ഉപഭോക്താക്കളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അസര്‍ബൈജാന്‍, ബഹ്റൈന്‍, കസാക്കിസ്ഥാന്‍, മെക്സിക്കോ, മൊറോക്കോ, റുവാണ്ട, സൗദി അറേബ്യ, ഹംഗറി, ഇന്ത്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നിവയാണ് ഈ രാഷ്ട്രങ്ങള്‍. എന്‍എസ്ഒയുടെ ഹാക്കിംഗ് സ്പൈവെയറായ പെഗാസസ് വ്യാപകമായും തുടര്‍ച്ചയായും ദുരുപയോഗം ചെയ്യപ്പെട്ടുവെന്നാണ് ഗാര്‍ഡിയന്‍റെയും മറ്റ് 16 മാധ്യമ സംഘടനകളുടെയും അന്വേഷണം വ്യക്തമാക്കുന്നത്. കുറ്റവാളികള്‍ക്കും തീവ്രവാദികള്‍ക്കുമെതിരായ് മാത്രമാണ് പെഗാസസ് ഉപയോഗിക്കുന്നതെന്നാണ് കമ്പനി വാദിക്കുന്നത്.
സന്ദേശങ്ങള്‍, ഫോട്ടോകള്‍, ഇമെയിലുകള്‍ എന്നിവ ചോര്‍ത്താനും കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനും രഹസ്യമായി മൈക്രോഫോണുകള്‍ ആക്റ്റിവ് ആക്കാനും ഓപ്പറേറ്റര്‍മാരെ സഹായിക്കുന്ന മാല്‍വെയറാണ് പെഗാസസ്. ഇന്ത്യയില്‍ പെഗാസസിലൂടെ ചോര്‍ത്താന്‍ ലക്ഷ്യമിട്ട ഫോണുകള്‍ കേന്ദ്ര സര്‍ക്കാരിന്‍റെയും സര്‍ക്കാരിന്‍റെ നേതൃത്വത്തിന്‍റെയും ഗൂഢ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.