മൂന്നാം തലമുറ ആമസോണ്‍ എക്കോ ഷോ 10 അവതരിപ്പിച്ചു
ആമസോണില്‍നിന്ന് ഇതുവരെയുള്ളതില്‍ ഏറ്റവും വിലയേറിയതും നൂതനവുമായ സ്മാര്‍ട്ട് ഡിസ്‌പ്ലേ ആന്‍ഡ് സ്പീക്കറിന് ഇന്ത്യയില്‍ 24,999 രൂപയാണ് വില
ന്യൂഡെല്‍ഹി: മൂന്നാം തലമുറ ആമസോണ്‍ എക്കോ ഷോ 10 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആമസോണില്‍നിന്ന് ഇതുവരെയുള്ളതില്‍ ഏറ്റവും വിലയേറിയതും നൂതനവുമായ സ്മാര്‍ട്ട് ഡിസ്‌പ്ലേ ആന്‍ഡ് സ്പീക്കറാണ് മൂന്നാം തലമുറ ആമസോണ്‍ എക്കോ ഷോ 10. വോയ്‌സ്, ഓഡിയോ, ഡിസ്‌പ്ലേ അധിഷ്ഠിത സ്മാര്‍ട്ട് ഫീച്ചറുകളുമായി വരുന്ന ആമസോണ്‍ എക്കോ ഷോ 10, അലക്‌സ വോയ്‌സ് അസിസ്റ്റന്റ് സപ്പോര്‍ട്ട് ചെയ്യും. 10.1 ഇഞ്ച് ഡിസ്‌പ്ലേയാണ് നല്‍കിയത്. യൂസറുടെ മുഖത്തിനുനേരെ ഓട്ടോമാറ്റിക്കായി സ്‌ക്രീന്‍ തിരിയുന്ന സവിശേഷ ‘മോഷന്‍’ ഫീച്ചറുകള്‍ ലഭിച്ചു.
ഇന്ത്യയില്‍ 24,999 രൂപയാണ് വില. ഇതോടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ എക്കോ ഡിവൈസായി മൂന്നാം തലമുറ ആമസോണ്‍ എക്കോ ഷോ 10 മാറി. ബ്ലാക്ക് കളര്‍ ഓപ്ഷനില്‍ മാത്രമായിരിക്കും ആമസോണില്‍ സ്മാര്‍ട്ട് ഡിസ്‌പ്ലേ ആന്‍ഡ് സ്പീക്കര്‍ ലഭിക്കുന്നത്.
ഇതോടൊപ്പം രണ്ടാം തലമുറ ആമസോണ്‍ എക്കോ ഷോ 5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8,999 രൂപയാണ് വില. എന്നാല്‍ ഇപ്പോള്‍ 6,999 രൂപ നല്‍കിയാല്‍ മതി. രണ്ടാം തലമുറ ആമസോണ്‍ ഫയര്‍ ടിവി ക്യൂബ് ഈയിടെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 12,999 രൂപയാണ് വില. ഫയര്‍ ടിവിയുടെയും എക്കോ മോഡലുകളുടെയും കഴിവുകള്‍ ഒരു ഡിവൈസില്‍ നല്‍കിയതാണ് രണ്ടാം തലമുറ ആമസോണ്‍ ഫയര്‍ ടിവി ക്യൂബ്.
മറ്റ് എക്കോ ഷോ മോഡലുകള്‍ പോലെ, സിംഗിള്‍ ഡിവൈസില്‍ സ്മാര്‍ട്ട് ഡിസ്‌പ്ലേ, സ്മാര്‍ട്ട് സ്പീക്കര്‍ എന്നിവ നല്‍കിയതാണ് മൂന്നാം തലമുറ ആമസോണ്‍ എക്കോ ഷോ 10. ഡിസ്‌പ്ലേയുടെ കാര്യത്തില്‍, 10.1 ഇഞ്ച് 1280, 800 പിക്‌സല്‍ സ്‌ക്രീന്‍, രണ്ട് ട്വീറ്ററുകള്‍, ഒരു വൂഫര്‍ സഹിതം സ്പീക്കര്‍ സംവിധാനം എന്നിവ ലഭിച്ചു. വോള്യം നിയന്ത്രിക്കുന്നതിന് ബട്ടണുകള്‍ നല്‍കി. സ്വകാര്യത സൂക്ഷിക്കുന്നതിന് കാമറ തടയുന്നതിന് ഫിസിക്കല്‍ സ്ലൈഡര്‍ നല്‍കി.