എഐഎഡിഎംകെ പരാജയപ്പെട്ടു; എന്നാല്‍ പളനിസ്വാമി വിജയിയാണ്
1 min readചെന്നൈ: തമിഴ്നാട്ടില്‍ എഐഎഡിഎംകെയുടെ പരാജയം ഏവരും പ്രതീക്ഷിച്ചതും എക്സിറ്റ് പോളുകള്‍ പ്രവചിച്ചതുമായിരുന്നു. എന്നാല്‍ കനത്ത് ഭരണവിരുദ്ധ വികാരത്തിനിടയിലും താരപ്രചാരകരില്ലാതെ സാധാരണക്കാരനായ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേടിയ സീറ്റുകള്‍ ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.
കേവലം അന്‍പതില്‍ താഴെ സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. ഡിഎംകെ മൃഗീയ ഭൂരിപക്ഷം ഉറപ്പാക്കുമെന്നും ഏവരും കരുതി. എന്നാല്‍ പളനിസ്വാമി കനത്ത പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചതെന്ന് എഐഎഡിഎംകെയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പടിഞ്ഞാറന്‍ തമിഴ്നാട്ടില്‍ അതിന്‍റെ ശക്തികേന്ദ്രം നിലനിര്‍ത്തുക മാത്രമല്ല, മറ്റുള്ള പ്രദേശങ്ങളില്‍ സ്റ്റാലിന്‍ നയിച്ച ഡിഎംകെക്കെതിരെ മികച്ച മത്സരം കാഴ്ചവെക്കുകയും ചെയ്തു.
എഐഎഡിഎംകെയെ സഹായിക്കാന്‍ ജയലളിതയുടെ താരപ്രഭാവം ഇല്ലാതെ നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. അതുകൊണ്ടുതന്നെ അവര്‍ കനത്ത നഷ്ടം നേരിടുമെന്ന് രാഷഅട്രീയ നിരീക്ഷകര്‍ വിധിയെഴുതി. പളനിസ്വാമിക്കുമുമ്പില്‍ പ്രതിസന്ധികളുടെ കൂമ്പാരമായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും വിശകലന വിദഗ്ധരുടെ പ്രതീക്ഷയ്ക്കും അപ്പുറം വിജയം കണ്ടെത്താന്‍ എഐഎഡിഎംകെയ്ക്ക് സാധിച്ചു. സ്റ്റാലിന്‍ നേടിയ അനായാസ വിജയം അദ്ദേഹത്തിന്‍റെ മാസ്മരികതകൊണ്ട് നേടിയതല്ല എന്ന് അദ്ദേഹം മനസിലാക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ പളനിസ്വാമിയെ ജനം പൂര്‍ണമായും തിരസ്കരിച്ചിട്ടല്ല ഈ വിജയം ഡിഎംകെയ്ക്ക് നല്‍കിയതെന്നും തിരിച്ചറിയണം.
234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയില്‍ ഡിഎംകെ സഖ്യം 180ല്‍അധികം സീറ്റുകള്‍ നേടുമെന്നായിരുന്നു കണക്കുകൂട്ടല്‍. അത് സംഭവിച്ചില്ല. ഇതിനര്‍ത്ഥം അദൃശ്യയായ ജയലളിത എന്ന സാന്നിധ്യം ഇപ്പോഴും ഡിഎംകെയ്ക്ക് വെല്ലുവിളിയാണെന്നാണ്. രണ്ട് പതിറ്റാണ്ടിനുശേഷം ബിജെപി ജയിച്ചുകയറി എന്ന പ്രത്യേകതയും ഇക്കുറിയുണ്ടായി. എഐഎഡിഎംകെയുടെ പിന്തുണയോടെ നാല് സീറ്റുകളിലാണ് അവര്‍ വിജയം കണ്ടെത്തിയത്.
എഐഎഡിഎംകെയുടെ പരാജയത്തിന് വിവിധ കാരണങ്ങള്‍ പാര്‍ട്ടി അംഗങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ചിലര്‍ ഭരണ വിരുദ്ധ ഘടകത്തെയും ബിജെപിയുമായുള്ള സഖ്യത്തെയും പരാജയത്തിന്‍റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കുമ്പോള്‍, മിക്കവരും ഒപിഎസ് -ഉപമുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം -ഇപിഎസ്” നേതൃത്വത്തിന് പിന്തുണ നല്‍കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതിലും മോശമാകുമെന്നാണ് ഏവരും കരുതിയതെന്ന് ചെന്നൈ പ്രസിഡന്‍സി കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം വിഭാഗം മേധാവി ഡോ. പി. മുതുല്‍കുമാര്‍ പറയുന്നു. എഐഎഡിഎംകെ ദയനീയമായി പരാജയപ്പെട്ടാല്‍ പാര്‍ട്ടിക്ക് ഒരു തിരിച്ചുവരവിന് കഠിനമായി പ്രയത്നിക്കേണ്ടി വരും എന്ന് സാരം. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് ലഭിച്ച സീറ്റുകള്‍ വ്യക്തമാക്കുന്നത് എഐഎഡിഎംകെ ശക്തമായ പ്രതിപക്ഷമായി തുടരും എന്നാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐഎഡിഎംകെ മറ്റ് പാര്‍ട്ടികള്‍ക്കൊപ്പം നിലകൊണ്ടതില്‍ പാര്‍ട്ടി നേതാക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചിട്ടുമുണ്ട്.
ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യത്തില്‍ ജയിക്കുന്നതും തോല്‍ക്കുന്നതും തെരഞ്ഞെടുപ്പിന്‍റെ കളിയുടെ ഭാഗമാണെന്ന് എഐഎഡിഎംകെ ഐ.ടി വിംഗ് മേധാവി ആസ്പയര്‍ സ്വാമിനാഥന്‍ പറയുന്നു. 180 മുതല്‍ 200സീറ്റുകള്‍ വരെ ഡിഎംകെ നേടും എന്ന ചര്‍ച്ച നടന്നത് യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാതെയാണ്. ,” ഞങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഒരു ഭരണ വിരുദ്ധ ഘടകം ഉള്ളതിനാല്‍ ഞാന്‍ ഇതിനെ തോല്‍വി എന്ന് വിളിക്കില്ല. പ്രതിപക്ഷമെന്ന നിലയില്‍ ഞങ്ങള്‍ ജനങ്ങളെ സേവിക്കുന്നത് തുടരും, “സ്വാമിനാഥന്‍ പറഞ്ഞു.സ്വാമിനാഥനും പാര്‍ട്ടി നേതൃത്വത്തില്‍ വിശ്വാസം പ്രകടിപ്പിച്ചു. ” എടപ്പാടി പളനിസ്വാമി എല്ലാവരുടെയും കുടുംബത്തിന്‍റെ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹം വളരെ ലളിതജീവിതം നയിക്കുന്ന വ്യക്തിയാണ്. കപടത അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്ല. അതാണ് അദ്ദേഹത്തിനെ ജനകീയനാക്കിയത്, “അദ്ദേഹം വിശദീകരിച്ചു.
കര്‍ഷകര്‍ക്കും സ്വാശ്രയ ഗ്രൂപ്പുകള്‍ക്കും സംസ്ഥാനത്തെ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമായി പാര്‍ട്ടി വളരെയധികം സഹായം നല്‍കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളതായി പൊന്നയ്യനെപ്പോലുള്ള നേതാക്കള്‍ വിശ്വസിക്കുന്നു. അതിനാല്‍ ഭരണവിരുദ്ധ വികാരം എന്നതിന് വലിയ പരിഗണന അവര്‍ നല്‍കുന്നില്ല.തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ശരിയായി വിശകലനം ചെയ്യേണ്ടതുണ്ടെന്നും ഈ നേതാക്കള്‍ അഭിപ്രായപ്പെടുന്നു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി ബിജെപിയുമായുള്ള സഖ്യവും അതിന്‍റെ രാഷ്ട്രീയവുമാണെന്ന വാദഗതിയോടും ഈ നേതാക്കള്‍ വിയോജിക്കുന്നു. പട്ടികജാതി, മുസ്ലിം, ക്രിസ്ത്യന്‍ എന്നിവരില്‍ നിന്നുള്ളവര്‍ ബിജെപിക്കോ അവരുമായി സഖ്യമുണ്ടാക്കുന്ന ആര്‍ക്കും വോട്ട് ചെയ്യില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു, അതിനാല്‍ അത് പ്രതീക്ഷിക്കപ്പെട്ടതായി പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തി.