Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഭയാര്‍ത്ഥികള്‍ക്കിടയിലെ വ്യത്യസ്ത നിലപാടുകള്‍ ബിജെപിക്ക് തിരിച്ചടിയായി

1 min read

കൊല്‍ക്കത്ത: പൗരത്വ (ഭേദഗതി) നിയമത്തിന്‍റെ ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതിലും അത് ജനങ്ങളെ അറിയിക്കുന്നതിലും മോദി സര്‍ക്കാര്‍ പരാജയപ്പെട്ടത് പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് വലിയ നഷ്ടമുണ്ടാക്കിയതായി കരുതപ്പെടുന്നു. ബംഗ്ലാദേശില്‍ വേരുകളുള്ള ന്യൂനപക്ഷ ദലിത് ഹിന്ദു സംഘമായ മാതുവാസ് ആധിപത്യം പുലര്‍ത്തുന്ന സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നേറാന്‍ കഴിഞ്ഞത് ഇക്കാരണത്താലാണ്. നോര്‍ത്ത് 24 പര്‍ഗാനകളിലെയും നാദിയയിലെയും 32 സീറ്റുകളില്‍ മാതുവാസ് നിര്‍ണായകമായ ഘടകമാണ്. ഇവിടെ ബിജെപി 12 സീറ്റുകളില്‍ മാത്രമാണ് വിജയം നേടിയത്. 20 സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയി. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികളായ രാജ്ബാന്‍ഷികള്‍ ബിജെപിയെ പിന്തുണച്ചു. വടക്കന്‍ ബംഗാളിലെ ഈ ദലിത് സമുദായം ആധിപത്യം പുലര്‍ത്തുന്ന 11 സീറ്റുകളില്‍ ഒമ്പതും ബിജെപിനേടി.

ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് സമൂഹത്തിലെ ബംഗാളിലെ തദ്ദേശീയ ഗ്രൂപ്പുകളും അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ളവരും തമ്മില്‍ എതിര്‍പ്പുകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ് എന്നാണ്. സിഎഎ ഉടന്‍ നടപ്പാക്കണമെന്ന് ഇരു വിഭാഗങ്ങളും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അത് വ്യത്യസ്ത കാരണണങ്ങളാലാണ്.

ജാദവ്പൂര്‍ സര്‍വകലാശാലയിലെ പ്രൊഫസറും രാജ്ബാന്‍ഷി ജനസംഖ്യയും രാഷ്ട്രീയവും സംബന്ധിച്ച വിദഗ്ദ്ധനുമായ രൂപ കുമാര്‍ ബര്‍മന്‍ പറയുന്നതനുസരിച്ച്, വടക്കന്‍ ബംഗാളിലെ രാജ്ബന്‍ഷികളില്‍ ഒരു തദ്ദേശീയ വിഭാഗവും ഒരു കൂട്ടം ബംഗ്ലാദേശ് ഹിന്ദു അഭയാര്‍ഥികളും ഉള്‍പ്പെടുന്നു. ജല്‍പായ്ഗുരി, കൂച്ച്ബെഹാര്‍, ഡാര്‍ജിലിംഗ് ജില്ലകളില്‍ കുറഞ്ഞത് 40 ലക്ഷം ജനസംഖ്യയുള്ള രാജ്ബന്‍ഷികളെയും മറ്റ് വിഭാഗങ്ങളെയും രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. സിഎഎ, എന്‍ആര്‍സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) എന്നിവ പ്രകാരം അഭയാര്‍ഥികളെ തിരിച്ചറിയണമെന്ന് തദ്ദേശീയ ഗ്രൂപ്പുകള്‍ ആഗ്രഹിക്കുന്നു. പൗരത്വത്തിനായി സിഎഎ നടപ്പാക്കണമെന്ന് അഭയാര്‍ഥി സംഘം ആഗ്രഹിക്കുന്നു, “അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “അവര്‍ക്കിടയില്‍ ഒരു ശത്രുതയുണ്ട്. അതിനാല്‍, കഴിഞ്ഞ ആറ് ഏഴ് വര്‍ഷമായി ബിജെപിക്കൊപ്പം ഉണ്ടായിരുന്ന മുഴുവന്‍ രാജ്ബന്‍ഷി ജനങ്ങളും അവര്‍ക്ക് ഒരു ബ്ലോക്കായി വോട്ട് ചെയ്തു,” അദ്ദേഹം പറഞ്ഞു. ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചു എന്നത് സങ്കീര്‍ണ്ണമായ കണക്കുകൂട്ടലാണെന്നും ബര്‍മന്‍ കൂട്ടിച്ചേര്‍ത്തു.

വിഭജനകാലത്തും തുടര്‍ന്നുള്ള വര്‍ഷങ്ങളിലുമാണ് മാതുവാസ് ഇന്ത്യയിലെത്തിയത്. കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെങ്കിലും പശ്ചിമ ബംഗാളിലെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തോളമാണ് മാതുവാസ് എന്ന് കണക്കാക്കപ്പെടുന്നു. കുറഞ്ഞത് ആറ് പാര്‍ലമെന്‍റ് മണ്ഡലങ്ങളിലെങ്കിലും ഇവരുടെ സാന്നിധ്യമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ തെരഞ്ഞെടുപ്പില്‍ ഗൈഗട്ട, കൃഷ്ണനഗര്‍ ഉത്തര്‍, ബൊംഗാവോണ്‍ ഉത്തര്‍, ബൊംഗാവോണ്‍ ദക്സിന്‍, റാണഘട്ട് തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചു. ഹബ്ര, അശോക് നഗര്‍, സ്വരൂപനഗര്‍, മധ്യഗ്രാം, നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലകളില്‍ പരാജയപ്പെടുകയും ചെയ്തു.

സിഎഎ നടപ്പാക്കുന്നതിലെ കാലതാമസത്തെച്ചൊല്ലി സമൂഹത്തിലുണ്ടായ നീരസത്തിന്‍റെ പ്രതിഫലനമായാണ് മാതുവാസ് നിര്‍ണായക പങ്ക് വഹിക്കുന്ന പോക്കറ്റുകളില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തപ്പെടുന്നത്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന അവരുടെ ആവശ്യമാണ് സ്ഥിരമായ പൗരത്വം. 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജെയിന്‍, പാര്‍സി, ക്രിസ്ത്യന്‍ എന്നീ ആറ് ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്നാണ് സിഎഎ വാഗ്ദാനം ചെയ്യുന്നത്.

2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലകളിലുടനീളം 19 ലേറെ നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക് ലീഡ് ഉണ്ടായിരുന്നു. 2019 ല്‍ ബംഗാളില്‍ 18 ലോക്സഭാ സീറ്റുകള്‍ ബിജെപി നേടി. ‘2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ മാതുവ സമൂഹത്തിന് ഒരു പ്രധാന പങ്കുണ്ട്. പ്രത്യേകിച്ച് കൂച്ച് ബെഹാര്‍, നോര്‍ത്ത് മാള്‍ഡ, ബര്‍ദ്വാന്‍-ദുര്‍ഗാപൂര്‍, മറ്റ് പ്രദേശങ്ങള്‍, “ബിജെപിയുടെ മുതിര്‍ന്ന നേതാവ് പറഞ്ഞു. സിഎഎ 2019 ഡിസംബര്‍ 9 ന് ലോക്സഭയും 2019 ഡിസംബര്‍ 11 ന് രാജ്യസഭയും പാസാക്കി. 2020 ജനുവരി 10 ന് ഇത് പ്രാബല്യത്തില്‍ വന്നു, പക്ഷേ നടപ്പാക്കാനുള്ള നിയമങ്ങള്‍ ഇപ്പോഴും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. സിഎഎ നടപ്പാക്കുന്നതിലെ കാലതാമസം മാതുവ ഹൃദയഭൂമിയായ താക്കൂര്‍നഗറിലും മറ്റ് പ്രദേശങ്ങളിലും വലിയ നീരസം സൃഷ്ടിച്ചു എന്നത് വസ്തുതയാണ്. ബംഗാളിലെ പ്രചാരണ റാലികളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് മഹാമാരി കാരണം നിയമം നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടായെന്നും പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ അത് നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രഖ്യാപിച്ചത് ഈ സമൂഹത്തെ ഒപ്പം നിര്‍ത്താനായിരുന്നു.

ഇത്തവണ വീണ്ടും തിരഞ്ഞെടുപ്പിന് ബിജെപി ശ്രമിക്കുകയും വിജയിക്കുകയും ചെയ്ത ആസാമില്‍ നിരവധി തദ്ദേശീയ സമുദായങ്ങള്‍ നിയമത്തെ എതിര്‍ത്തുവെന്നതും സിഎഎ പാസാക്കാനുള്ള കാലതാമസത്തിന് കാരണമാകാം.

Maintained By : Studio3