സര്‍ക്കാരില്‍ അഭിപ്രായ ഭിന്നത, ഇ-കൊമേഴ്സ് നയം ഉപേക്ഷിച്ചേക്കും
1 min readചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പുതിയ നയം രൂപീകരിക്കുന്നതിലേക്ക് നീങ്ങിയേക്കും
ന്യൂഡെല്‍ഹി: നിര്‍ദ്ദിഷ്ട ഇ-കൊമേഴ്സ് നയം ഉപേക്ഷിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ വിഷയങ്ങളില്‍ പൊരുത്തക്കേട് നിലനില്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനുള്ളിലെ ചില വിഭാഗങ്ങള്‍ തന്നെ പുതിയ നയത്തിന്റെ യുക്തിയെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണിത്. കരട് നയത്തെക്കുറിച്ച് വ്യാഴാഴ്ച മന്ത്രിതല സമിതി ചര്‍ച്ച ചെയ്തിരുന്നു.
ഇ-കൊമേഴ്‌സ് മേഖലയ്ക്ക് ഒരു റെഗുലേറ്റര്‍ രൂപീകരിക്കുന്നത്, ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് സംഭരിക്കാനും ഉപയോഗിക്കാനും കൈമാറ്റം ചെയ്യാനും പ്രോസസ്സ് ചെയ്യാനും വിശകലനം ചെയ്യാനും കഴിയുന്ന ഡാറ്റ നിയന്ത്രിക്കുന്നതിന് ഒരു പുതിയ നിയമം നടപ്പാക്കുന്നത് എന്നിവയെല്ലാം യോഗത്തില്‍ ചര്‍ച്ചയായി. വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.നിര്‍ദിഷ്ട നയത്തിലെ ചില വിഷയങ്ങളില്‍ സമവായം ഉണ്ടാകാത്തതിനാല്‍ നയം ഉപേക്ഷിക്കാനാണ് സാധ്യതയെന്ന് യോഗത്തിനു ശേഷം ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.
നയം നടപ്പാക്കുന്ന നോഡല്‍ ബോഡിയായ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) ആണ് ഇതു സംബന്ധിച്ച കൂടിയാലോചന നടത്തിയിട്ടുള്ളത്. റെഗുലേറ്ററിന്റെ പങ്കും സാധുതയും, ഉപഭോക്തൃ ഡാറ്റാ പരിരക്ഷയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍, മറ്റ് നിയമനിര്‍മാണങ്ങളുമായുള്ള കൂടിക്കലരല്‍, മിററിംഗ് ആവശ്യമായ ഡാറ്റ വിഭാഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങള്‍ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. ഇലക്ട്രോണിക്‌സ്, ഐടി, കോര്‍പ്പറേറ്റ് കാര്യങ്ങള്‍, ധനകാര്യം, കൃഷി എന്നീ മന്ത്രാലയങ്ങള്‍ മന്ത്രിതല സമിതിയുടെ ഭാഗമാണ്. വിവിധ റെഗുലേറ്റര്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തു.
വ്യക്തികളുടെ സുരക്ഷ, ക്രമസമാധാനം, നിയമം നടപ്പിലാക്കല്‍, നികുതി ഏര്‍പ്പെടുത്തല്‍, സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ ഒഴുകുന്ന ഡാറ്റയിലേക്ക് വേഗത്തില്‍ പ്രവേശിക്കാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കുന്നതിനുള്ള ചട്ടങ്ങളാണ് കരട് നയം നിര്‍ദേശിക്കുന്നത്. ഡിജിറ്റലായുള്ള വേര്‍തിരിലുകള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതിന് സോഴ്സ് കോഡും അല്‍ഗോരിതങ്ങളും വെളിപ്പെടുത്തുന്നതിനും ഇത് ശുപാര്‍ശ ചെയ്യുന്നു.
അടുത്തിടെ വന്‍കിട ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ നിയന്ത്രണം വര്‍ധിപ്പിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്റ്റ് അവതരിപ്പിച്ചിരുന്നു. നിലവിലെ നിര്‍ദിഷ്ട നയം ഉപേക്ഷിച്ചാലും ഇ-കൊമേഴ്‌സ് പോലെ വിപുലമാകുന്ന ഒരു മേഖലയില്‍ നിയന്ത്രണ സംവിധാനങ്ങളില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.