സാമൂഹ്യ സുരക്ഷ ആനുകൂല്യങ്ങള്‍ നേടാന്‍ എല്ലാ തൊഴിലാളികള്‍ക്കും ആധാര്‍ നിര്‍ബന്ധം
ഇരട്ടിപ്പും തട്ടിപ്പും വഴിയുള്ള പണ നഷ്ടം ഒഴിവാക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍
ന്യൂഡെല്‍ഹി: രാജ്യത്ത് സംഘടിത മേഖലയിലും അസംഘടിത മേഖലയിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡായി ആധാര്‍ വേണമെന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമാക്കി. മേയ് 3 മുതലുള്ള കാലയളവിലാണ് ഇത് നിലവില്‍ വന്നിട്ടുള്ളത്. ഇരട്ടിപ്പും തട്ടിപ്പും വഴിയുള്ള പണ നഷ്ടവും ഒഴിവാക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
ഇതുവരെ ബയോമെട്രിക് തിരിച്ചറിയല്‍ രേഖകള്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പരിശോധിച്ചിരുന്നില്ല. ഇത് പല വ്യാജ തൊഴിലാളികളും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനോ ഒരാള്‍ തന്നെ പല പേരുകളില്‍ ആനുകൂല്യം നേടുന്നതിനോ അവസരമൊരുക്കിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 2020ലെ സാമൂഹ്യ സുരക്ഷാ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 142 പ്രകാരം അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ആനുകൂല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യണമെന്നും ആധാര്‍ നമ്പറിലൂടെ തന്‍റെ തിരിച്ചറിയല്‍ സ്ഥിരീകരിക്കണമെന്നും നിഷ്കര്‍ഷിക്കുന്നു. ഇത് മേയ് 3 മുതല്‍ പ്രാബല്യത്തിലാണെന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ അറിയിച്ചിരിക്കുന്നത്.
ചട്ടം അനുസരിച്ച് സര്‍ക്കാരില്‍ നിന്ന് ഏതു തരത്തിലുള്ള ആനുകൂല്യങ്ങള്‍ക്കായും ശ്രമിക്കുന്ന ഏതൊരു തൊഴിലാളിക്കും ആധാര്‍ ആവശ്യമാണ്. ചികിത്സാ സഹായം, മെറ്റേണിറ്റി ആനുകൂല്യം, പെന്‍ഷന്‍, ഗ്രാറ്റ്വിറ്റി തുടങ്ങിയവയെല്ലാം ഇതിന്‍റെ പരിധിയില്‍ വരുന്നു. കരിയര്‍ സെന്‍ററുകളില്‍ നിന്നുള്ള സേവനം ലഭിക്കുന്നതിനും ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാള്‍ എന്ന നിലയില്‍ മെഡിക്കല്‍ സഹായം ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധികമാകും.
ഇന്ത്യയുടെ തൊഴില്‍ ശക്തി നിലവില്‍ 500 മില്യണ്‍ ആണെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 10 ശതമാനം മാത്രമാണ് സംഘടിത മേഖലയില്‍ ഉള്ളത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വളരേ പരിമിതമായ അളവിലുള്ള സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ മാത്രമാണ് ലഭ്യമാകുന്നത്.