റിയല്‍മി ‘ഡി’ ബ്രാന്‍ഡ് ആരംഭിക്കുന്നു
മെയ് 25 ന് പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കും. ഡി എന്ന അക്ഷരത്തിലാണ് ബ്രാന്‍ഡ് നെയിം ആരംഭിക്കുന്നത്
ന്യൂഡെല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി ഒടുവില്‍ ടെക്‌ലൈഫ് ബിസിനസിലേക്ക് പ്രവേശിക്കുന്നു. മെയ് 25 ന് പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കും. ഡി എന്ന അക്ഷരത്തിലാണ് പുതിയ ബ്രാന്‍ഡ് നെയിം ആരംഭിക്കുന്നത്. ഡി അക്ഷരം ഉള്‍പ്പെടുത്തിയ ടീസര്‍ റിയല്‍മി വൈസ് പ്രസിഡന്റും റിയല്‍മി ഇന്ത്യ, യൂറോപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മാധവ് ഷേത്ത് നേരത്തെ പുറത്തുവിട്ടിരുന്നു.
പുതിയ ബ്രാന്‍ഡില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനാണ് റിയല്‍മി തയ്യാറെടുക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തുടരുന്നതിനിടെ പുതിയ ബ്രാന്‍ഡിലെ ആദ്യ ഉല്‍പ്പന്ന അവതരണം വലിയ ആഘോഷമായി സംഘടിപ്പിക്കില്ല.
ടെക്‌ലൈഫ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിനായി ആഗോളതലത്തില്‍ പ്രഗല്‍ഭരായ പങ്കാളികളെ തേടുകയാണ് റിയല്‍മി. സ്വതന്ത്രമായ ഗവേഷണ വികസനം, സംയുക്തമായി വികസിപ്പിക്കല്‍, ഏതെല്ലാം ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ എത്തിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകണം. പുതിയ ടെക്‌നോളജി അനുഭവം നല്‍കുന്നതായിരിക്കണം ഉല്‍പ്പന്നങ്ങളെന്ന് റിയല്‍മി ആഗ്രഹിക്കുന്നു. ‘റിയല്‍മി ടെക്‌ലൈഫ്’ പ്ലാറ്റ്‌ഫോമില്‍ ചേര്‍ന്ന തങ്ങളുടെ പങ്കാളികളെ പിന്തുണയ്ക്കുമെന്ന് മാധവ് ഷേത്ത് വ്യക്തമാക്കി.
ഈ വര്‍ഷം എഐഒടി, ലൈഫ്‌സ്റ്റൈല്‍ വിഭാഗങ്ങളിലായി നൂറിലധികം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടിഡബ്ല്യുഎസ്, താങ്ങാവുന്ന വിലയില്‍ സ്മാര്‍ട്ട് ടിവികള്‍, സ്മാര്‍ട്ട് പ്ലഗുകള്‍, ട്രിമ്മറുകള്‍, സ്മാര്‍ട്ട് ബള്‍ബുകള്‍ തുടങ്ങിയവ ഈ ഉള്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു.