2020 ആദ്യ പാദം ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ശരാശരി റൂം വരുമാനം 38.7% ഇടിഞ്ഞു
1 min readമികച്ച പ്രകടനം കാഴ്ചവച്ച ലെഷര്‍ വിഭാഗമാണ് ഈ മേഖലയുടെ വീണ്ടെടുക്കലിനെ പ്രാഥമികമായി നയിക്കുന്നത്
ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഹോസ്പിറ്റാലിറ്റി വ്യവസായം 2021ന്‍റെ തുടക്കത്തില്‍ വീണ്ടെടുപ്പിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു എങ്കിലും പ്രതിസന്ധി വലിയ അളവില്‍ തുടരുന്നു എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. 2020 ലെ ഒന്നാം പാദത്തെ അപേക്ഷിച്ച് 2021 ആദ്യ പാദത്തില്‍ ലഭ്യമായ മുറികളില്‍ നിന്നുള്ള ശരാശരി വരുമാനം (റെവ്പാര്‍) 38.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി ജെഎല്‍എല്ലിന്‍റെ ഹോട്ടല്‍ മൊമന്‍റം ഇന്ത്യ (എച്ച്എംഐ) റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമുഖമായ ആറ് നഗരങ്ങളിലെ റെവ്പാര്‍ 2020ലെ സമാനപാദത്തെ അപേക്ഷിച്ച് 48 ശതമാനം ഇടിവാണ് പ്രകടമാക്കിയിട്ടുള്ളത്.
മികച്ച പ്രകടനം കാഴ്ചവച്ച ലെഷര്‍ വിഭാഗമാണ് ഈ മേഖലയുടെ വീണ്ടെടുക്കലിനെ പ്രാഥമികമായി നയിക്കുന്നത്. 28 ഹോട്ടലുകളിലെ 2,064 റൂമുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 53 ശതമാനം ഇടിവാണ് ജനുവരി-മാര്‍ച്ച് പാദത്തില്‍ ഉണ്ടായത് രേഖപ്പെടുത്തി. ആഭ്യന്തര ഓപ്പറേറ്റര്‍മാരെ അപേക്ഷിച്ച് അന്താരാഷ്ട്ര ഓപ്പറേറ്റര്‍മാര്‍ 54:46 എന്ന നിലയില്‍ ആധിപത്യം പുലര്‍ത്തി.
രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയുടെ തിരിച്ചുവരവില്‍ മുഖ്യപങ്കുവഹിക്കുന്നത് ഗോവയാണ്. റെവ്പാര്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1.1 ശതമാനം ഇടിഞ്ഞുവെങ്കിലും ഒക്കുപ്പന്‍സിയുടെ അടിസ്ഥാനത്തില്‍ 6.4 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ഗോവയ്ക്കായി. അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോളും ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയ്ക്ക് ഗോവ വേഗത്തില്‍ വീണ്ടെടുക്കുന്നതാണ് കാണാനാകുന്നത്.
ബെംഗളൂരുവില്‍ റെവ്പാര്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 60.6 ശതമാനം ഇടിവാണ് റൂമുകളില്‍ നിന്നുള്ള ശരാശരി വരുമാനത്തില്‍ ഇവിടെ ഉണ്ടായത്. ഹോസ്പിലാറ്റി മേഖലയില്‍ ആറ് പ്രധാന നഗരങ്ങളിലെ പ്രവര്‍ത്തന സജ്ജമായ ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയും യഥാക്രമം 6.7 ശതമാനവും 4.2 ശതമാനവും കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
‘ഹോസ്പിറ്റാലിറ്റി വ്യവസായം 2021 ആദ്യപാദത്തില്‍ ഒരു പുനരുജ്ജീവനത്തിന് സാക്ഷ്യം വഹിച്ചു. മിക്ക ഒഴിവുസമയ വിപണികളും മികച്ച പ്രകടനം കാഴ്ചവച്ചു. കോര്‍പ്പറേറ്റ് യാത്രകളിലെ വര്‍ദ്ധനവ് കാരണം വീണ്ടെടുക്കലിന്‍റെ വേഗത വര്‍ധിച്ചുതുടങ്ങി. പക്ഷേ രണ്ടാം തരംഗത്തിന്‍റെ ആരംഭം യാത്രാ നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവന്നതിനാല്‍ ഇതെല്ലാം കുറച്ചുകാലം മാത്രമായിരുന്നു 2021 ല്‍ ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി മേഖല സമ്മര്‍ദ്ദത്തിലായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, “ജെഎല്‍എല്ലിന്‍റെ സൗത്ത് ഏഷ്യ ഹോട്ടല്‍സ്, ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജയ്ദീപ് ഡാങ് പറഞ്ഞു.
കൊറോണയുടെ ആദ്യ തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പരിമിതമായിരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഹോസ്പിറ്റാലിറ്റി-ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം രണ്ടാം തരംഗവും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. യാത്രക്കാരുടെ ആരോഗ്യ സുരക്ഷ കൂടി പരിഗണിക്കുന്ന തരത്തിലുള്ള പരിവര്‍ത്തനങ്ങള്‍ക്കും സംരംഭങ്ങള്‍ വിധേയമാകുകമയാണ്.