പോഡ്കാസ്റ്റുകളുടെ ഓട്ടോ ട്രാന്‍സ്‌ക്രൈബ് ഫീച്ചറുമായി സ്‌പോട്ടിഫൈ
1 min readബീറ്റ വേര്‍ഷനെന്ന നിലയില്‍ വരും ആഴ്ച്ചകളില്‍ ചില എക്‌സ്‌ക്ലുസീവ്, ഒറിജിനല്‍ ഷോകളുടെ ഓട്ടോ ട്രാന്‍സ്‌ക്രൈബ് ആരംഭിക്കും
സാന്‍ ഫ്രാന്‍സിസ്‌കോ: സ്വീഡിഷ് മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ചു. ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ആപ്പ് കൂടുതല്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കാരങ്ങള്‍. പോഡ്കാസ്റ്റ് ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചറിന്റെ ബീറ്റ വേര്‍ഷനാണ് ഒരു പുതിയ കാര്യം. ബീറ്റ വേര്‍ഷനെന്ന നിലയില്‍ വരും ആഴ്ച്ചകളില്‍ ചില എക്‌സ്‌ക്ലുസീവ്, ഒറിജിനല്‍ ഷോകളുടെ ഓട്ടോ ട്രാന്‍സ്‌ക്രൈബ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
ഉപയോക്താക്കള്‍ക്ക് ഓഡിയോ സഹിതവും ഓഡിയോ ഇല്ലാതെയും പകര്‍പ്പെഴുത്ത് വായിക്കാന്‍ കഴിയും. മാത്രമല്ല, പകര്‍പ്പെഴുത്തില്‍ ലഘുവായി തട്ടിയാല്‍ (ടാപ്പ്) ഓഡിയോയില്‍ ആ ഭാഗത്തേക്ക് ചാടാം. ആത്യന്തികമായി സ്‌പോട്ടിഫൈ പ്ലാറ്റ്‌ഫോമിലെ എല്ലാ പോഡ്കാസ്റ്റുകള്‍ക്കും പകര്‍പ്പെഴുത്തുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു. പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കും. പോഡ്കാസ്റ്റുകളുടെ പകര്‍പ്പെഴുത്ത് മൊത്തത്തില്‍ ഓടിച്ചുനോക്കാനും വേണമെങ്കില്‍ പ്രത്യേക ഭാഗം മാത്രം കേള്‍ക്കാനും കഴിയും. കേള്‍ക്കുന്നതിനേക്കാള്‍ വായിക്കുന്നതാണ് ഇഷ്ടമെങ്കില്‍ അങ്ങനെയുമാകാം.
ട്രാന്‍സ്‌ക്രിപ്ഷന്‍ കൂടാതെ, കാഴ്ച്ചയിലും മാറ്റങ്ങള്‍ വരുത്തുകയാണ് സ്‌പോട്ടിഫൈ ആപ്പ്. ബട്ടണ്‍ നിറങ്ങള്‍, ടെക്സ്റ്റ് ഫോര്‍മാറ്റ്, വലുപ്പം എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തും. കാഴ്ച്ചശക്തി കുറഞ്ഞവര്‍ക്കും കാഴ്ച്ചാ വൈകല്യങ്ങള്‍ നേരിടുന്നര്‍ക്കും ആപ്പ് ഉപയോഗം എളുപ്പമാക്കുന്നതിനാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. വെളിച്ചക്കുറവ്, ഉയര്‍ന്ന സ്‌ക്രീന്‍ പ്രതിഫലനങ്ങള്‍ എന്നീ സാഹചര്യങ്ങള്‍ മറികടക്കാനും കഴിയും. കൂടാതെ, ഐഒഎസ് ഉപയോക്താക്കള്‍ക്ക് സെറ്റിംഗ്‌സ് സന്ദര്‍ശിച്ച് ടെക്‌സ്റ്റ് വലുപ്പം വളരെ വലുതാക്കാനും കഴിയും.