കൊറോണയെ പൂട്ടും : ഡിആര്‍ഡിഒ മരുന്ന് പുറത്തിറങ്ങി; പ്രതീക്ഷയില്‍ രാജ്യം
1 min read- കോവിഡിനെതിരെ ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്ന് പുറത്തിറങ്ങി
- പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ഉദ്ഘാടനം നിര്‍വഹിച്ചത്
- റെഡ്ഡീസ് ലബോറട്ടറീസുമായി ചേര്‍ന്നാണ് ഡിആര്‍ഡിഒ മരുന്ന് പുറത്തിറക്കിയത്
ന്യൂഡെല്‍ഹി: കോവിഡ് മഹാമാരിയെ പൂട്ടാന്‍ ഡിആര്‍ഡിഒ (കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം) വികസിപ്പിച്ച മരുന്ന് രാജ്യത്ത് ലഭ്യമായിത്തുടങ്ങി. തിങ്കളാഴ്ച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് മരുന്ന് പുറത്തിറക്കിയത്. ഡെല്‍ഹിയിലെ വിവിധ ആശുപത്രികള്‍ക്ക് പതിനായരിത്തോളം ഡോസുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്.
കോവിഡിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ നിര്‍ണായക വഴിത്തിരിവാകും ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്ന് എന്നാണ് കരുതപ്പെടുന്നത്. ഡിആര്‍ഡിഒയും ഹൈദരാബാദ് ആസ്ഥാനമായ ഡോ. റെഡ്ഡീസ് ലബോറട്ടറീസും സംയുക്തമായി വികസിപ്പിച്ച കോവിഡ് മരുന്നിന് അടുത്തിടെയാണ് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്.
കോവിഡ് രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ അനുകൂല ഫലം ലഭിച്ചതിന് പിന്നാലെയാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്.
2-ഡിഓക്സി-ഡി-ഗ്ലൂക്കോസ് എന്ന മരുന്നാണ് കോവിഡ് ചികില്‍സയില്‍ നിര്‍ണായക വഴിത്തിരിവായേക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ചെറിയ പാക്കറ്റില്‍ ലഭ്യമാകുന്ന പൗഡര്‍ രൂപത്തിലുള്ള കോവിഡ് മരുന്ന് വെള്ളത്തില്‍ കലര്‍ത്തിയാണ് കഴിക്കേണ്ടത്.
കോവിഡ് രോഗികള്‍ വേഗത്തില്‍ രോഗമുക്തരാകാനും മെഡിക്കല്‍ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഡിആര്‍ഡിഒ വികസിപ്പിച്ച പുതിയ മരുന്ന് സഹായിക്കുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിരുന്നു. മരുന്ന് നല്‍കിയ രോഗികളില്‍ നല്ലൊരു ശതമാനവും ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവായതായി കണ്ടെത്തുകയും ചെയ്തിരുന്നു. കോവിഡ് രോഗികളില്‍ കണ്ടുവരുന്ന ഓക്സിജന്‍ അളവിന്‍റെ പ്രശ്നം പരിഹരിക്കാന്‍ മരുന്നിന് സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം.
കേസുകള്‍ കുറയുന്നു
അതേസമയം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വരുന്നത് ആശ്വാസമാകുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 2,81,386 പേര്‍ക്കാണ്. എന്നാല്‍ മരണസംഖ്യ നാലായിരത്തിന് മുകളില്‍ തന്നെയാണ്. 4106 പേരാണ് കോവിഡ് ബാധയേറ്റ് 24 മണിക്കൂറിനിടെ മരിച്ചത്. ഒരു വേളയില്‍ നാല് ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ന്ന രോഗബാധിതരുടെ എണ്ണം 2.82 ലക്ഷത്തിലേക്ക് എത്തിയത് ആശ്വാസകരമായാണ് ആരോഗ്യ വിദഗ്ധര്‍ കാണുന്നത്. കേരളം ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിലേക്ക് പോയതാണ് കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണം. എറണാകുളം ഉള്‍പ്പടെയുള്ള നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തിങ്കളാഴ്ച്ച ആരംഭിച്ചു. മേയ് 23 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്.
അതേസമയം രാജ്യത്തെ കൊറോണ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഉപദേശക സമിതിയായ ഇന്ത്യന്‍ സാര്‍സ് കോവ് 2 ജീനോമിക്സ് കണ്‍സോര്‍ഷ്യത്തിന്‍റെ അധ്യക്ഷ സ്ഥാനത്തുനിന്നും വിഖ്യാത വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചത് ശ്രദ്ധേയമായി. കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രത്തിന്‍റെ ചില നടപടികളെ അടുത്തിടെ അദ്ദേഹം വിമര്‍ശിച്ചിരുന്നു.