ബംഗാളില്‍ കേന്ദ്രമന്ത്രിക്കുനേരെ ആക്രമണം
കൊല്‍ക്കത്ത: പശ്ചിമ മിഡ്നാപൂര്‍ ജില്ലയിലെ പഞ്ചഖൂരി പ്രദേശത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ സംഘത്തെ ഒരു സംഘം അജ്ഞാതര്‍ ആക്രമിച്ചു. ആക്രമണത്തിനുപിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ടിഎംസി ഇതിനെ നിഷേധിച്ചിട്ടുണ്ട്. മുരളീധരന്‍ ബിജെപി സംസ്ഥാന നേതാവ് രാഹുല്‍ സിന്‍ഹയ്ക്കൊപ്പം ഈസ്റ്റ് മിഡ്നാപൂരിലെ ഘട്ടലിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ടിഎംസി നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു കേന്ദ്രമന്ത്രിയും സംഘവും. ആളുകള്‍ വടികളും മറ്റും കൊണ്ടുവന്ന് വാഹനം തടയുകയായിരുന്നു. തുടര്‍ന്ന് കേന്ദ്രമന്ത്രി തന്നെ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റുചെയ്തു. ‘ടിഎംസി ഗുണ്ടകള്‍ വെസ്റ്റ് മിഡ്നാപൂരില്‍ എന്‍റെ കോണ്‍വോയിയെ ആക്രമിച്ചു, ജനാലകള്‍ തകര്‍ത്തു, വ്യക്തിഗത സ്റ്റാഫുകളെ ആക്രമിച്ചു. എന്‍റെ യാത്ര ചുരുക്കി.’എന്ന് അദ്ദേഹം വിശദീകരിച്ചു.
പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച കേന്ദ്രമന്ത്രി, “ആക്രമണം ആസൂത്രണം ചെയ്തത് ടിഎംസി പ്രവര്‍ത്തകരാണെന്നും പോലീസിന്‍റെ സാന്നിധ്യത്തിലാണ് സംഭവം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘മമത ബാനര്‍ജി സര്‍ക്കാര്‍ കണ്ണടച്ചിരിക്കുകയാണെന്നും ഞാന്‍ കേന്ദ്ര സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കും’അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് റിപ്പോര്‍ട്ട് അയയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറിനോട് ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണ് ഇതിന് ഉത്തരവാദിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ‘തൃണമൂല്‍ അക്രമം എല്ലാ പരിധികളെയും മറികടന്നു. ഇതുവരെ 14 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ വീട് വിട്ടിറങ്ങുകയും ചെയ്തു. ഇത് ജനാധിപത്യല്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.