December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തമിഴ്നാട്ടില്‍ സ്റ്റാലിന്‍ അധികാരമേറ്റു; ഉദയനിധിക്ക് മന്ത്രിസ്ഥാനമില്ല

1 min read

ചെന്നൈ: തമിഴ്നാടിന്‍റെ പുതിയ മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ മന്ത്രിസഭയിലെ 33 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ഭാര്യ ദുര്‍ഗ സ്റ്റാലിന്‍; മകന്‍, ഉദയനിധി, സഹോദരി ലോക്സഭ എംപി കനിമൊഴി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ സൂത്രധാരനായ പോള്‍ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോറും സത്യപ്രതിജ്ഞക്ക് സന്നിഹിതനായിരുന്നു. ആഭ്യന്തരവകുപ്പിന്‍റെ ചുമതല മുഖ്യമന്ത്രിക്കായിരിക്കും. ഒപ്പം അഡ്മിനിസ്ട്രേറ്റീവ്, പോലീസ് സേവനങ്ങള്‍, ഭിന്നശേഷിക്കാരുടെ ക്ഷേമം തുടങ്ങിയവയും അദ്ദേഹത്തിന്‍റെ പോര്‍ട്ട്ഫോളിയോകളില്‍ പെടും. ഇത് സ്റ്റാലിന്‍റെ ആദ്യ ടേം ആണ്. 69 വയസ്സുള്ള അദ്ദേഹം തമിഴ്നാട്ടില്‍ ആദ്യമായി അധികാരത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്‍റെ പിതാവ് പാര്‍ട്ടി ഇതിഹാസമായ എം കരുണാനിധി അഞ്ച് തവണ ഈ പദവി വഹിച്ചിരുന്നു. സ്റ്റാലിന്‍റെ ഈ സത്യ പ്രതിജ്ഞ 10 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന്‍റെ പരിസമാപ്തിയാണ്.

സംസ്ഥാനം രണ്ടാം കോവിഡ് തരംഗത്തിനെതിരെ പോരാടുന്ന സാഹചര്യത്തിലാണ് ഡിഎംകെ അധികാരമേല്‍ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,000 പുതിയ കേസുകള്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കേസുകള്‍ വര്‍ദ്ധിച്ചു.കാരണം എല്ലാ പ്രധാന പാര്‍ട്ടികളും സാമൂഹ്യ അകലം പാലിക്കാത്ത റാലികളാണ് നടത്തിയത്. ഇത് മദ്രാസ് ഹൈക്കോടതിയുടെ കടുത്ത ശാസനയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു. വൈറസ് വ്യാപനത്തിന്‍റെ നിയന്ത്രണവും സംസ്ഥാനത്തെ ആരോഗ്യകരമായ അവസ്ഥയിലേക്ക് വീണ്ടെടുക്കുന്നതും സ്റ്റാലിന്‍റെ മുന്നിലെ വെല്ലുവിളികളില്‍ പ്രധാനമാണ്. തന്‍റെ സഹോദരന്‍റെ കഴിവുകളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച കനിമൊഴി, കോവിഡ് -19 വൈറസ് നിയന്ത്രണത്തിനുള്ള വ്യക്തമായ പദ്ധതി അദ്ദേഹത്തിനുണ്ടെന്നും അതിനായിരിക്കും പ്രഥമ പരിഗണനയെന്നും പറഞ്ഞു. മന്ത്രിസഭ യുവാക്കളും പരിചയസമ്പന്നരും കൂടിച്ചേര്‍ന്നതാണ് സ്റ്റാലിന്‍റെ മന്ത്രിസഭ. വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ പര്യാപ്തമായവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ഡിഎകെ പറയുന്നു. മന്ത്രിസഭയില്‍ 19 മുന്‍ മന്ത്രിമാരുണ്ടെങ്കിലും സ്ത്രീകള്‍ രണ്ടുപേര്‍ മാത്രമാണുള്ളത്.

മുന്‍ മന്ത്രിയും കട്പാഡിയില്‍ നിന്നും ആറ് തവണ എംഎല്‍എയുമായ മുതിര്‍ന്ന ഡിഎംകെ നേതാവ് ദുരൈമുരുകനാണ് പുതിയ ജലവിഭവ മന്ത്രി. ഇടയ്ക്കിടെ വരള്‍ച്ച ബാധിക്കുന്ന സംസ്ഥാനത്തിന് ഈ വകുപ്പ് ഏറെ നിര്‍ണായകമാണ്. അമേരിക്കയില്‍ ജോലി ചെയ്തിരുന്ന മുന്‍ നിക്ഷേപകബാങ്കറായ പളനിവേല്‍ ത്യാഗരാജന് ഫിനാന്‍സ് പോര്‍ട്ട്ഫോളിയോ നല്‍കി. ഇത് ഒരു പ്രധാന നിയമനമാണ്, കാരണം പ്രചാരണ വേളയില്‍ ദരിദ്ര കുടുംബങ്ങള്‍ക്ക് 4,000 രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, പ്രതിവര്‍ഷം പത്ത് ലക്ഷം ജോലികള്‍ എന്നിവയും ഡിഎംകെയുടെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടും.

ആരോഗ്യ വകുപ്പിനെ മെഡിക്കലും ഫാമിലി വെല്‍ഫെയറും ആയി വിഭജിച്ചിട്ടുണ്ട്. മുന്‍ ചെന്നൈ മേയറായിരുന്ന എംഎ സുബ്രഹ്മണ്യന്‍ ഇതിന് നേതൃത്വം നല്‍കുന്നു. ആദ്ദേഹം ആദ്യമായാണ് മന്ത്രിപദം പഹിക്കുന്നത്. കിടക്കകളുടെ കുറവ് റിപ്പോര്‍ട്ട് ചെയ്തതോടെ സ്റ്റാലിന്‍ സ്വകാര്യ ആശുപത്രികളോട് കുറഞ്ഞ വിലയ്ക്ക് കിടക്കകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. ജില്ലകളിലുടനീളം ആവശ്യവും ലഭ്യതയും ഏകോപിപ്പിക്കുന്നതിന് ഒരു വാര്‍ റൂം സജ്ജമാക്കാനും അദ്ദേഹം തയ്യാറെടുക്കുന്നു. എസ് രഘുപതിക്ക് നിയമം,തങ്കം തെന്നരസു വ്യവസായ വകുപ്പ്, കെ പൊന്‍മുടി ഉന്നത വിദ്യാഭ്യാസം, ഇവി വേലു പൊതുമരാമത്ത് , എസ് മുത്തുസാമി ഭവന, നഗരവികസനം എന്നിങ്ങനെയാണ് വകുപ്പുകളുടെ വിഭജനം. നിരവധി മന്ത്രാലയങ്ങളുടെ പേരുകളില്‍ മുഖ്യമന്ത്രി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് വിജയിച്ച തന്‍റെ മകന്‍ ഉദയനിധി സ്റ്റാലിന് മന്ത്രി പദവി നല്‍കിയിട്ടുമില്ല.

കൃഷി മന്ത്രാലയം കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയമായി മാറി. കടലൂര്‍ ജില്ലയിലെ കുരിഞ്ചിപാടിയില്‍ നിന്നുള്ള അഞ്ചു തവണ എംഎല്‍എ എംആര്‍കെ പന്നീര്‍സെല്‍വത്തിനാണ് ചുമതല. പരിസ്ഥിതി മന്ത്രാലയം – ശിവ വി മയ്യനാഥന്‍റെ നേതൃത്വത്തില്‍ – ഇപ്പോള്‍ പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആയിമാറി. തൊഴില്‍ ക്ഷേമ മന്ത്രാലയം ഇപ്പോള്‍ തൊഴില്‍ ക്ഷേമവും നൈപുണ്യവികസനവുമാണ്. സിവി ഗണേശന്‍റെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുക. എന്‍ആര്‍ഐ വകുപ്പ് ഇപ്പോള്‍ പ്രവാസി തമിഴ് ക്ഷേമമായി. ഇതും ന്യൂനപക്ഷ ക്ഷേമം, അഭയാര്‍ഥികള്‍, കുടിയൊഴിപ്പിക്കല്‍, വക്ഫ് ബോര്‍ഡ് എന്നിവയും ജിംഗി കെ എസ് മസ്താന് നല്‍കി. ഫിഷറീസ് മന്ത്രാലയത്തെ ഫിഷറീസ്, ഫിഷര്‍ഫോള്‍ക്ക് വെല്‍ഫെയര്‍ എന്ന് പുനര്‍നാമകരണം ചെയ്തു. അനിത ആര്‍ രാധാകൃഷ്ണനാണ് നേതൃത്വം നല്‍കുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് ഇന്‍ഫര്‍മേഷന്‍ മിനിസ്ട്രിയായി മാറി, ടി മനോ തംഗരാജിന് ഇതിന്‍റെ ചുമതല നല്‍കി.

കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യത്തിന് നേതൃത്വം നല്‍കിയ ഡിഎംകെ 159 നേടിയാണ് അധികാരത്തിലെത്തിയത്. എഐഎഡിഎംകെ സഖ്യത്തിന് 75 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

Maintained By : Studio3