ഈ വര്‍ഷം ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പ് വിപണി മീഡിയടെക് ഭരിക്കും
ആഗോള 5ജി സ്മാര്‍ട്ട്‌ഫോണ്‍ എസ്ഒസി വിപണി ഭരിക്കുന്നത് ക്വാല്‍ക്കോം ആയിരിക്കുമെന്നും കൗണ്ടര്‍പോയന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
ന്യൂഡെല്‍ഹി: ഈ വര്‍ഷം ആഗോള സ്മാര്‍ട്ട്‌ഫോണ്‍ എസ്ഒസി (സിസ്റ്റം ഓണ്‍ ചിപ്പ്) വിപണിയില്‍ ആധിപത്യം സ്ഥാപിക്കുന്നത് മീഡിയടെക് ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. 37 ശതമാനമായിരിക്കും വിപണി വിഹിതം. 30 ശതമാനം വിഹിതവുമായി ആഗോള 5ജി സ്മാര്‍ട്ട്‌ഫോണ്‍ എസ്ഒസി വിപണി ഭരിക്കുന്നത് ക്വാല്‍ക്കോം ആയിരിക്കുമെന്നും കൗണ്ടര്‍പോയന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
5ജി സ്മാര്‍ട്ട്‌ഫോണ്‍ എസ്ഒസി/എപി സെഗ്‌മെന്റിലെ വിപണി വിഹിതം ഇരട്ടിയോളം വര്‍ധിപ്പിക്കാനാണ് മൊബീല്‍ ചിപ്പ് നിര്‍മാതാക്കളായ മീഡിയടെക് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 5ജി സ്മാര്‍ട്ട്‌ഫോണ്‍ എസ്ഒസി വിപണിയിലെ ആവശ്യകതയുടെ ഏകദേശം മൂന്നില്‍രണ്ട് ഭാഗവും വിതരണം ചെയ്യുന്നത് മീഡിയടെക്, ക്വാല്‍ക്കോം എന്നിവ ചേര്‍ന്നായിരിക്കുമെന്ന് റിസര്‍ച്ച് അനലിസ്റ്റ് പാര്‍വ് ശര്‍മ പറഞ്ഞു. രണ്ട് കമ്പനികളും തമ്മിലുള്ള അന്തരം കുറഞ്ഞിരിക്കുകയാണ്.
2020 നാലാം പാദത്തിലെ മികവ് ഈ വര്‍ഷം മീഡിയടെക് തുടര്‍ന്നേക്കുമെന്ന് റിസര്‍ച്ച് ഡയറക്റ്റര്‍ ഡേല്‍ ഗായ് പറഞ്ഞു. 2021 മുഴുവന്‍ വര്‍ഷത്തിലുമായി സ്മാര്‍ട്ട്‌ഫോണ്‍ എപി/എസ്ഒസി ഷിപ്‌മെന്റുകളുടെ 37 ശതമാനം വിഹിതം നേടാന്‍ മീഡിയടെക്കിന് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, നിലവില്‍ വിതരണ രംഗത്ത് ക്വാല്‍ക്കോം നേരിടുന്ന പ്രശ്‌നങ്ങള്‍ 2021 ആദ്യ പകുതിയില്‍ മീഡിയടെക്കിന് അനുകൂലമായി മാറുമെന്നും ഡാലേ ഗെയ് പ്രസ്താവിച്ചു.
അതേസമയം, 2021 രണ്ടാം പകുതിയില്‍ ക്വാല്‍ക്കോം ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ആദ്യ പകുതിയില്‍ വിതരണവുമായി ബന്ധപ്പെട്ട പ്രതിബന്ധങ്ങള്‍ ക്വാല്‍ക്കോം നേരിട്ടില്ലെങ്കില്‍ 5ജി സെഗ്‌മെന്റിലെ ക്വാല്‍ക്കോമിന്റെ വിപണി വിഹിതം ഉയര്‍ന്നതായിരിക്കുമെന്നും ശര്‍മ പ്രതീക്ഷ പ്രകടിപ്പിച്ചു.