കിയ ഇന്ത്യയില്‍ റീബ്രാന്‍ഡിംഗ് പ്രഖ്യാപിച്ചു
കിയ മോട്ടോഴ്‌സ് ഇന്ത്യ ഇനി കിയ ഇന്ത്യ എന്ന പേരില്‍ അറിയപ്പെടും
ന്യൂഡെല്‍ഹി: കിയ മോട്ടോഴ്‌സ് ഇന്ത്യ ഇനി കിയ ഇന്ത്യ എന്ന പേരില്‍ അറിയപ്പെടും. ആഗോള പദ്ധതിയുടെ ഭാഗമായി ദക്ഷിണ കൊറിയന്‍ കമ്പനി ഇന്ത്യയില്‍ റീബ്രാന്‍ഡിംഗ് പ്രഖ്യാപിച്ചു. ഇതോടൊപ്പം ഇന്ത്യയില്‍ പുതിയ ലോഗോ അനാവരണം ചെയ്തു. സ്വന്തം വിപണിയായ ദക്ഷിണ കൊറിയയിലാണ് നാല് മാസം മുമ്പ് ആദ്യമായി പുതിയ ലോഗോ പ്രകാശനം ചെയ്തത്. പുതിയ ലോഗോ നല്‍കിയ മോഡലുകള്‍ മെയ് ആദ്യ വാരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
ഇതോടൊപ്പം 2021 മോഡല്‍ കിയ സെല്‍റ്റോസ്, കിയ സോണറ്റ് അനാവരണം ചെയ്തു. പരിഷ്‌കരിച്ച കിയ സെല്‍റ്റോസില്‍ പുതിയ ലോഗോ നല്‍കി. പുന:ക്രമീകരിച്ച വേരിയന്റ് ലൈനപ്പ്, കൂടുതല്‍ ഫീച്ചറുകള്‍ എന്നിവയോടെ പുതിയ സെല്‍റ്റോസ് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഐഎംടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ പുതുതായി ലഭിക്കും. പാഡില്‍ ഷിഫ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും നല്‍കും. നിരവധി വോയ്‌സ് കമാന്‍ഡുകള്‍ ഉള്‍പ്പെടുത്തി ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം പരിഷ്‌കരിക്കും. 2021 കിയ സെല്‍റ്റോസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മെയ് ആദ്യ വാരത്തില്‍ വെളിപ്പെടുത്തും. 2021 മോഡല്‍ കിയ സോണറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയും മെയ് ആദ്യ വാരത്തില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വേരിയന്റ് ലൈനപ്പില്‍ മാറ്റം വരുത്തും. കൂടുതല്‍ ഫീച്ചറുകള്‍ നല്‍കും.
റീബ്രാന്‍ഡിംഗ് പരിപാടികളുടെ ഭാഗമായി ‘മൂവ്‌മെന്റ് ദാറ്റ് ഇന്‍സ്പയേഴ്‌സ്’ എന്ന പുതിയ പരസ്യവാചകം കിയ സ്വീകരിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ടച്ച് പോയന്റുകളുടെ എണ്ണം 360 ആയി വര്‍ധിപ്പിക്കുക ലക്ഷ്യമാണ്. മൂന്നാം നിര, നാലാം നിര നഗരങ്ങളില്‍ ടച്ച് പോയന്റുകള്‍ ആരംഭിക്കും. ഇതോടെ രാജ്യത്തെ 218 നഗരങ്ങളില്‍ കിയ ഇന്ത്യ സാന്നിധ്യമറിയിക്കും. പുതിയ ഷിഫ്റ്റ് ആരംഭിച്ച് ആന്ധ്ര പ്രദേശിലെ അനന്തപുര്‍ പ്ലാന്റില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കിയ ഇന്ത്യ പദ്ധതി തയ്യാറാക്കുന്നു. 2022 ല്‍ ഇന്ത്യയിലെ പുതിയ സെഗ്‌മെന്റില്‍ പ്രവേശിക്കുമെന്ന് ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് വ്യക്തമാക്കി. എന്നാല്‍ പുതിയ മോഡല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.