യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് പേരും പ്രൊഫൈല്‍ ചിത്രവും മാറ്റാം
ഈ മാറ്റങ്ങള്‍ യൂട്യൂബ് ചാനലിന് മാത്രമായിരിക്കും ബാധകമാകുന്നത്. ഗൂഗിള്‍ എക്കൗണ്ടിനെ ബാധിക്കില്ല
ന്യൂഡെല്‍ഹി: യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് ഇനി ഗൂഗിള്‍ എക്കൗണ്ടിനെ ബാധിക്കാതെ യൂട്യൂബ് സ്റ്റുഡിയോയില്‍ തങ്ങളുടെ പേരും പ്രൊഫൈല്‍ ചിത്രവും മാറ്റാം. ഈ സൗകര്യം യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് വളരെ എളുപ്പമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാറ്റങ്ങള്‍ യൂട്യൂബ് ചാനലിന് മാത്രമായിരിക്കും ബാധകമാകുന്നത്. ഗൂഗിള്‍ എക്കൗണ്ടിനെ ബാധിക്കില്ല. യൂട്യൂബ് ക്രിയേറ്റര്‍മാര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്ന പുതിയ ഫീച്ചറാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഏപ്രില്‍ 22 മുതല്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്്. വീഡിയോ ഷെയറിംഗ് സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമിലെ വ്യക്തികളുടെ എക്കൗണ്ടുകള്‍ക്കും ബ്രാന്‍ഡ് എക്കൗണ്ടുകള്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമായിരിക്കും.
വീഡിയോകള്‍ എളുപ്പത്തില്‍ അപ്‌ലോഡ് ചെയ്യാനും പണം സമ്പാദിക്കാനും സഹായിക്കുന്നതിന് ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യൂട്യൂബ് കഴിഞ്ഞ മാസം പുതിയ ടൂള്‍ അവതരിപ്പിച്ചിരുന്നു. പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വീഡിയോകള്‍ ഓട്ടോമാറ്റിക്കായി പരിശോധിക്കുന്നതാണ് ഈ ടൂള്‍. പകര്‍പ്പവകാശം സംബന്ധിച്ച അവകാശവാദങ്ങള്‍ക്ക് സാധ്യതയുണ്ടോ, ആഡ് സ്യൂട്ടബിലിറ്റി നിയന്ത്രണങ്ങളുണ്ടോ എന്നിവയെല്ലാം പരിശോധിച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പ് തരും.
ചെക്ക്സ് എന്നാണ് പുതിയ ടൂളിന് നല്‍കിയ പേര്. ഡെസ്‌ക്ടോപ്പ് ‘സ്റ്റുഡിയോ’യിലെ അപ്‌ലോഡ് പ്രക്രിയയില്‍ ചെക്ക്സ് ഉണ്ടായിരിക്കും. ഇതോടെ പകര്‍പ്പവകാശവാദം അല്ലെങ്കില്‍ യെല്ലോ ഐക്കണ്‍ ഉണ്ടായേക്കാവുന്ന വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ എണ്ണം കുറയ്ക്കാന്‍ കഴിയും. ചെക്ക്സ് ഉപയോഗിക്കുന്നതിലൂടെ വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ആശങ്കകള്‍ ഒഴിവാക്കാം. നേരത്തെ പകര്‍പ്പവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ ഓരോരുത്തര്‍ക്കും തങ്ങളുടെ വീഡിയോകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാമായിരുന്നു.