ഇന്ത്യ ഇവി നിര്‍മാണ കേന്ദ്രമാകും: ഗഡ്കരി
1 min readന്യൂഡെല്‍ഹി: ഉചിതമായ സമയ പരിധിക്കുള്ളില്‍ ഇന്ത്യ ഏറ്റവും മികച്ച ഇലക്ട്രിക് വാഹന (ഇവി) നിര്‍മാണ കേന്ദ്രമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. അടുത്ത ആറുമാസത്തിനുള്ളില്‍ രാജ്യത്ത് ലിഥിയം അയണ്‍ ബാറ്ററികള്‍ പൂര്‍ണ്ണമായും നിര്‍മ്മിക്കാനാരും എന്നും ആമസോണിന്‍റെ ‘എസ്എംഭവ് സമ്മിറ്റ് 2021’ലെ പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ ഇന്ത്യ മുന്നേറുകയാണ്. കാലക്രമേണ നമ്മള്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളാകും. ഹരിതോര്‍ജ്ജം ഉണ്ടാക്കുന്നതിനുള്ള മികച്ച ശേഷി ഇന്ത്യയ്ക്കുണ്ട്. നമ്മള്‍ക്ക് വൈദ്യുതി മിച്ചമായുണ്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വൈദ്യുതിയെ ഇന്ധനമായി ഉപയോഗിക്കേണ്ട സമയമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആമസോണ്‍ ഇന്ത്യ നിരത്തിലെത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങളെ ഗഡ്കരി ഫ്ലാഗ് ഓഫ് ചെയ്തു. ഓണ്‍ലൈനാണ് ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തത്. വിതരണ ശൃംഖലയില്‍ പുനരുപയോഗ ഊര്‍ജ്ജം കൂടുതലായി ഉപയോഗിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതി വെളിവാക്കുന്നതാണ് പുതിയ നീക്കമെന്ന് ആമസോണ്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
വിതരണത്തിനായി കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) ലഭ്യമാക്കാന്‍ മഹീന്ദ്ര ഇലക്ട്രിക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി ആമസോണ്‍ ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇവി ശൃംഖല വികസിപ്പിക്കുന്നതിനായി ഇപ്പോള്‍ ഹീറോ ഇലക്ട്രിക്കും ‘ഇവേജ്’ പോലുള്ള സ്റ്റാര്‍ട്ടപ്പുകളും ആമസോണ്‍ ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്.