എണ്‍പത് ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ കൂടി സ്മാര്‍ട്ട് ക്ലാസുകള്‍ ആരംഭിക്കുമെന്ന് സാംസംഗ്
1 min readഇന്ത്യയിലെ യുവജനങ്ങളെ ശാക്തീകരിക്കുന്നതിലൂടെ ‘പവറിംഗ് ഡിജിറ്റല്‍ ഇന്ത്യ’ ലക്ഷ്യം നിറവേറ്റാനാണ് സാംസംഗ് ശ്രമിക്കുന്നത്
ന്യൂഡെല്‍ഹി: പുതുതായി രാജ്യത്തെ എണ്‍പത് ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ കൂടി സ്മാര്‍ട്ട് ക്ലാസുകള്‍ ആരംഭിക്കുമെന്ന് സാംസംഗ് ഇന്ത്യ പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ സാംസംഗ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസമാണ് ഇതുവഴി സാംസംഗ് ലഭ്യമാക്കുന്നത്. ഇന്ത്യയിലെ അടുത്ത തലമുറ യുവജനങ്ങളെ ശാക്തീകരിക്കുന്നതിലൂടെ ‘പവറിംഗ് ഡിജിറ്റല്‍ ഇന്ത്യ’ എന്ന ലക്ഷ്യം നിറവേറ്റാനാണ് സാംസംഗ് ശ്രമിക്കുന്നത്.
രാജ്യത്തെ 625 ജവഹര്‍ നവോദയ വിദ്യാലയങ്ങളിലെയും പത്ത് നവോദയ ലീഡര്‍ഷിപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെയും 835 ക്ലാസ്മുറികളിലാണ് സ്മാര്‍ട്ട് ക്ലാസുകള്‍ സജ്ജീകരിക്കുന്നത്. അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സാംസംഗിന്റെ സ്മാര്‍ട്ട് ക്ലാസുകള്‍ പ്രയോജനപ്പെടും.
ജമ്മു കശ്മീരിലെ കുപ്‌വാര, ഗുജറാത്തിലെ ദാഹോദ്, ഛത്തീസ്ഗഢിലെ സുക്മ, പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ്, അസമിലെ ബക്‌സ തുടങ്ങി രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലെ ഗ്രാമീണ ജില്ലകളിലാണ് പുതിയ സ്മാര്‍ട്ട് ക്ലാസുകളില്‍ ഭൂരിപക്ഷവും ആരംഭിക്കുന്നത്. രാജ്യത്തെ പതിനേഴ് സംസ്ഥാനങ്ങളിലാണ് പുതുതായി സ്മാര്‍ട്ട് ക്ലാസുകള്‍ ആരംഭിക്കുന്ന ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ സ്ഥിതിചെയ്യുന്നത്.
ഗ്രാമപ്രദേശങ്ങളിലെ കഴിവുള്ള കുട്ടികള്‍ക്ക് ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയമാണ് ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ നടത്തുന്നത്. നിലവില്‍ രാജ്യത്ത് 661 ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
നവോദയ വിദ്യാലയ സമിതിയുമായി ചേര്‍ന്ന് 2013 ലാണ് ആദ്യ സാംസംഗ് സ്മാര്‍ട്ട് ക്ലാസ് സ്ഥാപിച്ചത്. ഇതുവരെ ഇന്ത്യയിലെ 4.3 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു. പുതിയ സ്മാര്‍ട്ട് ക്ലാസുകള്‍ ആരംഭിക്കുന്നത് പുതുതായി അമ്പതിനായിരം വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടും. പദ്ധതിയുടെ ഭാഗമായുള്ള അധ്യാപക പരിശീലനം തുടരും. ഇതുവരെ 8,000 ഓളം അധ്യാപകര്‍ക്ക് പരിശീലനം നല്‍കി.