ബീഹാറിലെ ആരോഗ്യ സംവിധാനങ്ങള്‍ പൂര്‍ണ പരാജയം: തേജസ്വി യാദവ്
പാറ്റ്ന: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബീഹാറിലെ ആരോഗ്യ സൗകര്യങ്ങള്‍ സമ്പൂര്‍ണ പരാജയമെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസി പ്രസാദ് യാദവ് ആരോപിച്ചു. സിഎജി റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ വന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ തേജസ്വി വിമര്‍ശനവുമായി രംഗത്തുവന്നത്. മുന്‍പ് നിരവധിതവണ ബീഹാറിലെ ആരോഗ്യ സംവിധാനങ്ങളുടെ ദയനീയാവസ്ഥയെപ്പറ്റി ആര്‍ജെഡി തന്നെ പരാതിപ്പെട്ടിട്ടുള്ളതാണ്. അന്ന് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ക്ക് ചെവികൊടുത്തില്ലെന്നും എല്ലാം പ്രതിപക്ഷ ആരോപണമാണ് എന്നപേരില്‍ തള്ളിക്കളയുകയുമായിരുന്നു. ഇപ്പോള്‍ സിഎജിയും ഇത് ചൂണ്ടിക്കാണിക്കുന്നു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനം അടിസ്ഥാന സൗകര്യങ്ങളില്‍ താഴ്ന്ന നിലയിലാണെന്ന് നിതി ആയോഗും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് തേജസ്വി പറഞ്ഞു.
സിഎജിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 69 ശതമാനം ഡോക്ടര്‍മാരുടെ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. കൂടാതെ 92 ശതമാനം നഴ്സുമാരുടെ തസ്തികകളും മറ്റ് മെഡിക്കല്‍ സ്റ്റാഫുകളുടെ ഒഴിവുകളും സര്‍ക്കാര്‍ നികത്തിയിട്ടില്ല. നിയമസഭാ സമ്മേളന വേളയില്‍ ഇക്കാര്യം പ്രതിപക്ഷം ഉന്നയിച്ചതാണ്. സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ല. കൂടാതെ ഈ മഹാമാരിക്കാലത്തുപോലും ആരോഗ്യ രംഗത്തെ മികവിനായി ശ്രമിക്കുന്നുമില്ലെന്ന് തേജസ്വി പറയുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 11 മെഡിക്കല്‍ കോളേജുകള്‍, 1 ഡെന്‍റല്‍ കോളേജ്, 61 നഴ്സിംഗ് പരിശീലന സ്ഥാപനങ്ങള്‍ എന്നിവ ആരംഭിക്കാന്‍ ബീഹാര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതുവരെ 2 മെഡിക്കല്‍ കോളേജുകളും 2 നഴ്സിംഗ് സ്ഥാപനങ്ങളും മാത്രമാണ് തുറന്നിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 61 ശതമാനം കൂടുതല്‍ ഫിസിഷ്യന്‍മാരും 69 ശതമാനം കൂടുതല്‍ ദന്തഡോക്ടര്‍മാരും 92 ശതമാനം നഴ്സുമാരും ഇനിയും ആവശ്യമാണെന്നും മെഡിക്കല്‍ കോളേജുകളിലെ അധ്യാപക ഫാക്കല്‍റ്റികളില്‍ 56 ശതമാനം കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യമേഖലയില്‍ അനുവദിച്ച 75 ശതമാനം ഫണ്ടും സംസ്ഥാന സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.