കോവിഡ് 19 കേസുകള്‍ കൂടി,മാര്‍ച്ചില്‍ സേവന മേഖലയുടെ പിഎംഐ താഴ്ന്നു
1 min readഇന്ത്യയുടെ സ്വകാര്യ മേഖലയുടെ സംയോജിത പിഎംഐ 56 ആയി, മാര്‍ച്ചില്‍ ഇത് 57.3 ആയിരുന്നു
ന്യൂഡെല്‍ഹി: ആഭ്യന്തര ആവശ്യകതയെത്തുടര്‍ന്ന്, മാര്‍ച്ചില്‍ ഇന്ത്യയുടെ സേവന പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവെങ്കിലും വളര്‍ച്ചാ വേഗത കുറഞ്ഞു. കൊറോണ വൈറസ് അണുബാധ രാജ്യത്ത് വീണ്ടും ഉയര്‍ന്നതാണ് ഇതിന് പ്രധാന കാരണം. സേവന മേഖലയുടെ പര്‍ച്ചേസിംഗ് മാനേജേര്‍സ് ഇന്‍റക്സ് (പിഎംഐ) ഫെബ്രുവരിയിലെ 55.3-ല്‍ നിന്ന് മാര്‍ച്ചില്‍ 54.6 ആയി കുറഞ്ഞുവെന്ന് ഡാറ്റാ അനലിറ്റിക്സ് കമ്പനിയായ ഐഎച്ച്എസ് മാര്‍ക്കിറ്റ് പറഞ്ഞു. 50ന് താഴെയുള്ള രേഖപ്പെടുത്തല്‍ മേഖലയുടെ സങ്കോചത്തെയും 50ന് മുകളിലുള്ള രേഖപ്പെടുത്തല്‍ വികാസത്തെയും സൂചിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ്, മെച്ചപ്പെട്ട ആവശ്യകത, ഉയരുന്ന വില്‍പ്പന എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് കമ്പനികളില്‍ ഉല്‍പ്പാദന വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, ഉപഭോക്താക്കളുടെ വരവ് കുറഞ്ഞത്, കോവിഡ് 19 കേസുകളുടെ വര്‍ധന, ഉപഭോക്തൃ അനിശ്ചിതത്വം എന്നിവ മൂലം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവെന്ന് ചില കമ്പനികള്‍ വ്യക്തമാക്കി. മഹാമാരി വീണ്ടും വര്‍ധിക്കുന്നതും നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കുന്നതും ഏപ്രിലിലെ വളര്‍ച്ചയില്‍ ഗണ്യമായ മാന്ദ്യത്തിന് കാരണമാകുമെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിലെ ഇക്കണോമിക്സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയാന ഡി ലിമ പറഞ്ഞു.
‘വാക്സിന്‍ ലഭ്യത മെച്ചപ്പെടുമെന്ന് സേവന ദാതാക്കള്‍ പ്രതീക്ഷിക്കുന്നു, ഇത് രോഗത്തിന്‍റെ വ്യാപനത്തെ തടയുകയും സമ്പദ്വ്യവസ്ഥയെ സഹായിക്കുകയും ചെയ്യും. ഈ വര്‍ഷത്തെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളുടെ നിഗമനം സംബന്ധിച്ച ശുഭാപ്തിവിശ്വാസം നിലനിര്‍ത്തുകയാണ്. പക്ഷേ, മൊത്തത്തിലുള്ള ആത്മവിശ്വാസം ഫെബ്രുവരി മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്, ഇത് ദീര്‍ഘകാല ശരാശരിയേക്കാള്‍ താഴെയുമാണ്, “അവര്‍ പറഞ്ഞു.
ഉപസൂചികള്‍ എടുത്താല്‍; ഉപഭോക്തൃ സേവനം, ധനകാര്യം, ഇന്‍ഷുറന്‍സ്, ഗതാഗതം, സ്റ്റോറേജ് എന്നിവയെല്ലാം ഉല്‍പ്പാദനത്തിലും വില്‍പ്പനയിലും വളര്‍ച്ച പ്രകടമാക്കി. റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവ പുതിയ ജോലികളിലും ബിസിനസ് പ്രവര്‍ത്തനങ്ങളിലും ഇടിവ് രേഖപ്പെടുത്തി.
കൊറോണ കേസുകളിലെ വര്‍ധന ബിസിനസുകള്‍ക്ക് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതും ചിലവ് സമ്മര്‍ദ്ദവും കാരണം ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐ മാര്‍ച്ചില്‍ ഏഴുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് തിങ്കളാഴ്ച പുറത്തുവിട്ട ഐഎച്ച്എസ് മാര്‍ക്കിറ്റ് കണക്കുകള്‍ വ്യക്തമാക്കുന്നു. മാനുഫാക്ചറിംഗ്, സേവന മേഖലകളെ കൂട്ടിച്ചേര്‍ത്ത് കണക്കാക്കുന്ന, ഇന്ത്യയുടെ സ്വകാര്യ മേഖലയുടെ സംയോജിത പിഎംഐ 56 ആയി. മാര്‍ച്ചില്‍ ഇത് 57.3 ആയിരുന്നു.
സ്വകാര്യ മേഖലയില്‍ തുടര്‍ച്ചയായ ഏഴാം മാസമാണ് പുതിയ ബിസിനസുകളില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നത്.