ചെറുകിട സമ്പാദ്യ പദ്ധതി പലിശനിരക്ക് കുറച്ച തീരുമാനം ധനമന്ത്രി പിന്‍വലിച്ചു
1 min read- ബുധനാഴ്ച്ചയാണ് പലിശനിരക്ക് കുറച്ചത്
- വ്യാഴാഴ്ച്ച രാവിലെ തീരുമാനം പിന്‍വലിക്കുന്നതായി ധനമന്ത്രി
- തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയമാണ് കാരണമെന്ന് വിദഗ്ധര്‍
ന്യൂഡെല്‍ഹി: ലഘുസമ്പാദ്യ പദ്ധതികളുടെ അടുത്ത മൂന്നുമാസത്തേക്കുള്ള പലിശനിരക്ക് കുറച്ച തീരുമാനത്തില്‍ നിന്ന് മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. പഴയ നിരക്കുതന്നെ ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യാഴാഴ്ച്ച ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഇടക്കാല, ദീര്‍ഘകാല നിക്ഷേപ പദ്ധതികളുടെ പലിശ അരശതമാനം മുതല്‍ ഒരു ശതമാനം വരെ കുറച്ചതായി ബുധനാഴ്ച്ച രാത്രിയാണ് കേന്ദ്രത്തില്‍ നിന്നും അറിയിപ്പ് വന്നത്. എന്നാല്‍ പഴയ നിരക്കുകള്‍ തന്നെ തുടരുമെന്ന് വ്യാഴാഴ്ച്ച രാവിലെ ധനമന്ത്രി വ്യക്തമാക്കി.
സാധാരണക്കാര്‍ക്ക് ഉപകരിക്കുന്ന നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചത് തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബിജെപിയെ ബാധിച്ചേക്കാം എന്നു കരുതിയാകാം സര്‍ക്കാരിന്‍റെ മനം മാറ്റം എന്ന് കരുതപ്പെടുന്നു. സ്മാള്‍ സേവിംഗ്സ് ഡിപ്പോസിറ്റ് പലിശനിരക്ക് നാല് ശതമാനത്തില്‍ നിന്നും 3.5 ശതമാനത്തിലേക്കാണ് സര്‍ക്കാര്‍ കുറച്ചത്. ഇത് നാല് ശതമാനം തന്നെയായി തുടരും. പെട്ടെന്നുള്ള മലക്കംമറിയലുകള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും പ്രധാനമന്ത്രിയുടെ ഉപദേക സമിതിയിലെ മുന്‍ അംഗമായ രതിന്‍ റോയിയുമെല്ലാം കേന്ദ്ര ധനമന്ത്രാലയത്തെ വിമര്‍ശിച്ച് രംഗത്തെത്തി.