ഏവരും വിശ്വസിച്ചു ‘വോള്‍ട്ട്സ്‌വാഗണ്‍’ ഏപ്രില്‍ ഫൂള്‍ തമാശ
ലോകമെങ്ങുമുള്ള മാധ്യമങ്ങളെ സമര്‍ത്ഥമായി കബളിപ്പിച്ചു
ന്യൂയോര്‍ക്ക്: യുഎസ് വിപണിയില്‍ ഫോക്‌സ്‌വാഗണ്‍ പുതിയ പേര് സ്വീകരിക്കുമെന്ന റിപ്പോര്‍ട്ട് ഈയിടെയാണ് പുറത്തുവന്നത്. ഫ്യൂച്ചര്‍ കേരളയും ഈ വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഫോക്സ്‌വാഗണ്‍ ഗ്രൂപ്പ് യുഎസില്‍ ‘വോള്‍ട്ട്സ്‌വാഗണ്‍’ പേര് സ്വീകരിക്കുമെന്ന വാര്‍ത്തയാണ് നല്‍കിയത്. ലോകമെങ്ങുമുള്ള മാധ്യമങ്ങളെ സമര്‍ത്ഥമായി കബളിപ്പിച്ച് ഏപ്രില്‍ ഫൂള്‍ തമാശയെന്ന നിലയിലാണ് പേരുമാറ്റം പ്രഖ്യാപിച്ചതെന്ന് ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍ വ്യക്തമാക്കി.
ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പേരുമാറ്റമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. മാത്രമല്ല, ഡീസല്‍ഗേറ്റ് തട്ടിപ്പ് വരുത്തിവെച്ച മാനഹാനി ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്നും പറയുകയുണ്ടായി.
യുഎസില്‍ ഫോക്സ്‌വാഗണ്‍ ഐഡി.4 ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിച്ചുവരികയാണ്. ഐഡി.4 ഇലക്ട്രിക് എസ്‌യുവി ആയിരിക്കും വോള്‍ട്ട്സ്‌വാഗണ്‍ പേര് ആദ്യമായി ഉപയോഗിക്കുന്നത് എന്നായിരുന്നു വാര്‍ത്ത.