കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഗൂഗിള്‍ മാപ്‌സ് : ഡ്രൈവര്‍മാരെ ‘പരിസ്ഥിതി സൗഹൃദ’ റൂട്ടുകള്‍ കാണിക്കും
പുതിയ ഫീച്ചര്‍ ഈ വര്‍ഷം യുഎസില്‍ അവതരിപ്പിക്കും. ക്രമേണ മറ്റ് രാജ്യങ്ങളിലും ലഭ്യമാക്കും
മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: ഗൂഗിള്‍ മാപ്‌സ് ആപ്പ് ഇനി ഡ്രൈവര്‍മാര്‍ക്ക് ഏറ്റവും കുറവ് കാര്‍ബണ്‍ ബഹിര്‍ഗമനം നടക്കുമെന്ന് കണക്കാക്കുന്ന റൂട്ടുകള്‍ നിര്‍ദേശിക്കും. അതാത് പാതകളിലെ വാഹന ഗതാഗതവും റോഡുകളിലെ ചരിവുകളും മറ്റു ഘടകങ്ങളും കണക്കിലെടുത്താണ് ഇത്തരത്തില്‍ ‘പരിസ്ഥിതി സൗഹൃദ’ റൂട്ടുകള്‍ കാണിക്കുന്നത്. പുതിയ ഫീച്ചര്‍ ഈ വര്‍ഷം യുഎസില്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. ക്രമേണ മറ്റ് രാജ്യങ്ങളിലും ലഭ്യമാക്കും. തങ്ങളുടെ സേവനങ്ങളിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നത്.
ഉപയോക്താക്കള്‍ മറ്റൊരു തീരുമാനമെടുത്തില്ലെങ്കില്‍, ഡിഫോള്‍ട്ട് എന്ന നിലയില്‍ ‘പരിസ്ഥിതി സൗഹൃദ’ റൂട്ട് ആയിരിക്കും ഗൂഗിള്‍ മാപ്‌സ് കാണിക്കുന്നത്. ഇതേ റൂട്ടിന്റെ താരതമ്യം ചെയ്യാവുന്ന ഓപ്ഷനുകളും ഒരേസമയം മാപ്പില്‍ കാണാന്‍ കഴിയും. ബദല്‍ റൂട്ടുകളില്‍ വളരെ വേഗത്തില്‍ എത്താന്‍ കഴിയുമെങ്കില്‍ യൂസര്‍ മുമ്പാകെ ചോയ്‌സുകള്‍ വെയ്ക്കും. ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കുന്നവര്‍ക്ക് പ്രതീക്ഷിക്കാവുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം താരതമ്യം ചെയ്യാം.
പകുതിയോളം റൂട്ടുകളില്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദ ഓപ്ഷന്‍ കണ്ടെത്താന്‍ കഴിയുമെന്ന് ഗൂഗിളിന്റെ ഉല്‍പ്പന്ന വിഭാഗം ഡയറക്റ്റര്‍ റസ്സല്‍ ഡിക്കര്‍ പറഞ്ഞു. വ്യത്യസ്ത വിഭാഗം വാഹനങ്ങളും വിവിധ തരം റോഡുകളും പരിശോധിച്ചാണ് താരതമ്യേന കുറവ് കാര്‍ബണ്‍ ബഹിര്‍ഗമനം കണക്കുകൂട്ടുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കി. യുഎസ് സര്‍ക്കാരിനുകീഴിലെ നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി ലാബില്‍നിന്നുള്ള (എന്‍ആര്‍ഇഎല്‍) വിവരങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തും. പുതിയ ഫീച്ചര്‍ ഉപയോഗിക്കുന്നതോടെ എത്രമാത്രം കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ വ്യക്തമല്ല.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട മറ്റ് ഫീച്ചറുകളും ഗൂഗിള്‍ മാപ്‌സ് അവതരിപ്പിച്ചുവരികയാണ്. ജൂണ്‍ മുതല്‍ കുറവ് കാര്‍ബണ്‍ ബഹിര്‍ഗമനം നടക്കുന്ന മേഖലകളിലൂടെ യാത്ര ചെയ്യുന്നതിനെതിരെ ഗൂഗിള്‍ മാപ്‌സ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിക്കും. ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍, യുകെ രാജ്യങ്ങളില്‍ ഇത്തരം ലോ എമിഷന്‍ സോണുകളില്‍ ചില വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരുംമാസങ്ങളില്‍ കാര്‍, ബൈക്കിംഗ്, പബ്ലിക് ട്രാന്‍സിറ്റ്, മറ്റ് ഓപ്ഷനുകള്‍ എന്നിവയെല്ലാം ഒരു സ്ഥലത്തേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ മാപ്‌സ് ആപ്പ്. അതായത്, ഇനി ഒരു റൂട്ടില്‍ യാത്ര ചെയ്യുന്നതിന് ഇതില്‍ ഏതു വാഹനം ഉപയോഗിക്കണമെന്ന് താരതമ്യം ചെയ്യാന്‍ ടോഗിള്‍ ചെയ്യേണ്ടിവരില്ല.