തണുപ്പ് മൂലം പല്ലുവേദന ഉണ്ടാകാനുള്ള കാരണം ഇതാണ്
1 min readപല്ലിനുള്ളിലെ ഒഡൊന്റൊബ്ലാസ്റ്റുകള്‍ എന്ന കോശങ്ങളാണ് തണുപ്പ് അനുഭവവേദ്യമാക്കുന്നത്
പല്ലിലെ ഇനാമലിന് താഴെയായി, രക്തക്കുഴലുകളും നാഡികളും അടങ്ങിയ ദന്തമജ്ജ സ്ഥിതി ചെയ്യുന്ന ഡെന്റൈന് രൂപം നല്‍കുന്ന ഒഡൊന്റൊബ്ലാസ്റ്റുകള്‍ എന്ന കോശങ്ങളുടെ പുതിയൊരു ചുമതല കണ്ടെത്തിയിരിക്കുകയാണ് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍. പല്ലിന് ആകൃതി നല്‍കുന്ന ഘടകങ്ങളില്‍ ഒന്നായ ഒഡൊന്റൊബ്ലാസ്റ്റുകള്‍ക്ക് തണുപ്പ് അനുഭവവേദ്യമാക്കുകയെന്ന കര്‍ത്തവ്യം കൂടി ഉണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. തണുപ്പുണ്ടാകുമ്പോള്‍ പല്ലുവേദന അനുഭവപ്പെടാനുള്ള കാരണം ഒഡൊന്റൊബ്ലാസ്റ്റുകളുടെ ഈ പ്രത്യേകതയാണെന്ന് സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പല കാരണങ്ങള്‍ കൊണ്ടും തണുപ്പ് തോന്നുമ്പോള്‍ പല്ലുവേദന അനുഭവപ്പെടാം. പല്ലിനുള്ളില്‍ പോടുണ്ടെങ്കില്‍ തണുപ്പനുഭവപ്പെടുമ്പോള്‍ കടുത്ത പല്ലുവേദന തോന്നാം. പ്രായം കൂടുമ്പോള്‍ മോണയ്ക്ക് തേയ്മാനം വരുന്നത് മൂലമുള്ള ഹൈപ്പര്‍സെന്‍സിറ്റിവിറ്റി കൊണ്ടും പല്ലുവേദന വരാം. പ്ലാറ്റിനം ഉപയോഗിച്ചുള്ള കീമോതെറാപ്പികള്‍ക്ക് വിധേയരായ കാന്‍സര്‍ രോഗികള്‍ക്കും തണുപ്പുണ്ടാകുമ്പോള്‍ ശരീരം മുഴുവന്‍ കൂടുതല്‍ സചേതനമായി തോന്നാറുണ്ട്. ചിലപ്പോള്‍ ഒരു ഇളങ്കാറ്റ് പോലും അവരില്‍ കടുത്ത വേദനയുണ്ടാക്കുമെന്നും പല രോഗികളും ചികിത്സ തന്നെ അവസാനിപ്പിക്കുന്ന അവസ്ഥയുണ്ടാകാറാണ്ടെന്നും മസാച്യുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലിലെ ഇന്റെഗ്രേറ്റഡ് ഡയഗനോസ്റ്റിക്‌സ് മെഡിക്കല്‍ ഡയറക്ടറും പഠനം തയ്യാറാക്കിയ പ്രധാന ഗവേഷകരില്‍ ഒരാളുമായ ജോക്കെന്‍ ലോറന്‍സ് പറയുന്നു.
പല്ലുവേദന പഠനവിധേയമാക്കുക വളരെ കടുപ്പമേറിയ സംഗതിയാണ്്. പഠനാവശ്യങ്ങള്‍ക്കായി മനുഷ്യരില്‍ വേദനയുണ്ടാക്കുന്നതിന് പല്ലിന്റെ കാഠിന്യം വെല്ലുവിളിയാണ്. പലപ്പോഴും പല്ല് തുറന്ന് മാത്രമേ ഇതിന് സാധിക്കാറുള്ളു. അതുകൊണ്ട് തന്നെ എലികളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ടിആര്‍പിസി5 എന്ന ജീന്‍ ഉണ്ടാക്കുന്ന ടിആര്‍പിസി5 പ്രോട്ടീനാണ് തണുപ്പുണ്ടാകുമ്പോള്‍ പല്ലുവേദനയ്ക്ക് കാരണമാകുന്നതെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ഈ ജീന്‍ ഇല്ലാതെ, ജനിതക വ്യതിയാനം വരുത്തിയ എലികള്‍ വേദനയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. ചൂടിനോട് വേഗത്തില്‍ പ്രതികരിക്കുന്ന ടിആര്‍പിസി5 ഒഡൊന്റൊബ്ലാസ്റ്റ് വഴി പല്ലിലേക്ക് തണുപ്പ് കടത്തിവിടുന്നെന്നും നാഡികളെ ഉത്തേജിപ്പിച്ച് കടുത്ത വേദനയും കോള്‍ഡ് ഹൈപ്പര്‍സെന്‍സിറ്റിവിറ്റിയും ഉണ്ടാക്കുന്നുവെന്നും ലോറന്‍സ് വിശദീകരിച്ചു. കേടുപാടുകള്‍ സംഭവിച്ച പല്ലിനെ കൂടുതല്‍ പരിക്കുകളില്‍ നിന്ന് സംരക്ഷിക്കാനുള്ള ശരീരത്തിന്റെ മാര്‍ഗങ്ങളിലൊന്നായിരിക്കും ഇതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
തണുപ്പ് അനുഭവപ്പെടുമ്പോള്‍ ടിആര്‍പിസി5 പ്രോട്ടീന്‍ ഒഡൊന്റോബ്ലാസ്റ്റുകളുടെ സ്തരത്തിലെ ചാനലുകള്‍ തുറന്ന് കാല്‍സ്യം പോലുള്ള തന്മാത്രകളെ അകത്തേക്ക് കടത്തിവിട്ട് കോശവുമായി സമ്പര്‍ക്കത്തില്‍ വരാനുള്ള അവസരമുണ്ടാക്കുകയാണ് ചെയ്യുന്നത്. ദന്തമജ്ജയില്‍ ആഴത്തിലുള്ള പോട് മൂലമുള്ള അണുബാധയുണ്ടെങ്കില്‍ ടിആര്‍പിസി5 കൂടുതലായി ഉണ്ടാകുകയും പല്ലിലെ വേരില്‍ നിന്നും വേദന അനുഭവപ്പെടുന്ന തലച്ചോറിലേക്ക് കൂടുതല്‍ ഇലക്ട്രിക്ക് സിഗ്നലുകള്‍ എത്തുകയും ചെയ്യുന്നു. പ്രായമാകുന്നത് മൂലം സംഭവിക്കുന്ന മോണയുടെ തേയ്മാനം പല്ലിനെ ഹൈപ്പര്‍സെന്‍സിറ്റീവ് ആക്കാനുള്ള കാരണം, പല്ലിലെ പുതുതായി പുറത്താകുന്ന പ്രദേശം വഴിയാണ് ഒഡൊന്റൊബ്ലാസ്റ്റുകള്‍ തണുപ്പ് അനുഭവവേദ്യമാക്കുന്നത് എന്നതുകൊണ്ടാണ്. തണുപ്പിന്റെ സാന്നിധ്യത്തില്‍ മിക്ക കോശങ്ങളുടെയും കോശജാലങ്ങളുടെയും പ്രവര്‍ത്തനം മന്ദഗതിയിലാകും. എന്നാല്‍ ടിആര്‍പിസി5 തണപ്പുണ്ടാകുമ്പോള്‍ കോശങ്ങളെ കൂടുതല്‍ ആക്ടീവ് ആക്കുന്നു.
മനുഷ്യരുടെ പല്ലിലും ടിആര്‍പിസിയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞതായി ഗവേഷകര്‍ സ്ഥിരീകരിച്ചു. നൂറ്റാണ്ടുകളായി പല്ല് വേദന കുറയ്ക്കാനുള്ള മരുന്നായി ആളുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് കരയാമ്പു സത്ത്. ഇതില്‍ അടങ്ങിയിട്ടുള്ള യൂജിനോള്‍ ടിആര്‍സിപി5നെ ബ്ലോക്ക് ചെയ്യുന്നു. യൂജിനോള്‍ അടങ്ങിയ ടൂത്ത്‌പേസ്റ്റുകള്‍ ഇപ്പോള്‍ തന്നെ വിപണിയില്‍ ലഭ്യമാണ്. തണുപ്പ് മൂലമുള്ള പല്ലിന്റെ സെന്‍സിറ്റിവിറ്റി കുറയ്ക്കാനുള്ള പുതിയ മരുന്നുകള്‍ നിര്‍മിക്കുന്നതിന് തങ്ങളുടെ കണ്ടെത്തല്‍ വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. മാത്രമല്ല, കീമോതെറാപ്പി മൂലമുള്ള അതിയായ കോള്‍ഡ് സെന്‍സിറ്റിവിറ്റി ചികിത്സിക്കാന്‍ യൂജിനോള്‍ അടങ്ങിയ മരുന്നുകള്‍ ഫലപ്രദമായിരിക്കുമെന്ന സൂചനയും പഠനം നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് തങ്ങളുടെ കണ്ടെത്തല്‍ പ്രചോദനമാകുമെന്ന് ലോറെന്‍സ് പ്രതീക്ഷ പ്രകടിപ്പിച്ചു.