Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മള്‍ട്ടിപ്പിള്‍ മൈലോമയ്‌ക്കെതിരെ മജ്ജ മാറ്റിവെക്കല്‍ ഫലപ്രദമെന്ന് വിദഗ്ധര്‍

എല്ലുകളിലെ മജ്ജയില്‍ അനിയന്ത്രിതമായി പ്ലാസ്മ കോശങ്ങള്‍ അടിഞ്ഞുകൂടുന്ന രോഗമാണിത്

പ്രത്യേകിച്ചൊരു ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത അപകടകാരിയായ രക്താര്‍ബുദമാണ്  മള്‍ട്ടിപ്പിള്‍ മൈലോമ. ഇതുവരെ കണ്ടെത്തിയിട്ടുള്ള 180ഓളം രക്താര്‍ബുദങ്ങളില്‍ ഒന്നായ ഈ രോഗം പ്ലാസ്മ കോശങ്ങള്‍ അനിയന്ത്രിതമായി വളരുമ്പോള്‍ മജ്ജയില്‍ നിന്ന് ആരംഭിക്കുന്ന രോഗമാണ്. മള്‍ട്ടിപ്പിള്‍ മൈലോമ ബാധിച്ച പ്രായം കുറഞ്ഞ ആളുകള്‍ക്ക് മജ്ജ മാറ്റിവെക്കല്‍ ചികിത്സാരീതി ഫലപ്രദമാണെന്നാണ് വിദഗ്ധര്‍ ഇപ്പോള്‍ പറയുന്നത്. ഇത്തരത്തില്‍ മജ്ജ മാറ്റിവെച്ചാല്‍ രോഗികള്‍ക്ക് കൂടുതല്‍ കാലം ആരോഗ്യേേത്താടെ ജീവിക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ അഭിപ്രായം.

അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ഒരു രക്താര്‍ബുദമാണ് മള്‍ട്ടിപ്പിള്‍ മൈലോമ. അനിയന്ത്രിതമായി വളരുന്ന പ്ലാസ്മ കോശങ്ങള്‍ മജ്ജയില്‍ അടിഞ്ഞുകൂടുകയും ശരീരത്തിലെ നിരവധി അസ്ഥികളില്‍ ട്യൂമറുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള പ്ലാസ്മ കോശങ്ങള്‍ ആന്റിബോഡികളെ ഉല്‍പ്പാദിപ്പിക്കും. ഈ ആന്റിബോഡികള്‍ രോഗങ്ങളില്‍ നിന്നും ബാക്ടീരികളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. എന്നാല്‍ മള്‍ട്ടിപ്പിള്‍ മൈലോമ രോഗികളില്‍ കോശ വിഘടനത്തില്‍ പാകപ്പിഴകള്‍ സംഭവിക്കുകയും പ്ലാസ്മ കോശങ്ങള്‍ അനിയന്ത്രിതമായി വളര്‍ന്ന് എല്ലിനുള്ളിലെ മജ്ജയില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. മള്‍ട്ടിപ്പിള്‍ മൈലോമ ഉണ്ടാകാനുള്ള യഥാര്‍ത്ഥ കാരണം ഇപ്പോഴും അജ്ഞാതമാണ്. അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(എഫ്ഡിഎ) പറയുന്നത് ഈ രോഗം രോഗികളുടെ എല്ലുകള്‍ക്കും വൃക്കകള്‍ക്കും തകരാറുകള്‍ ഉണ്ടാക്കുമെന്നും പ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുമെന്നുമാണ്.

മജ്ജ മാറ്റിവെക്കുന്നതിലൂടെ മള്‍ട്ടിപ്പിള്‍ മൈലോമ രോഗികളുടെ അതിജീവന ശേഷി വര്‍ധിക്കുമെന്നും ഇക്കാലത്ത് അത് ചിലവേറിയ ചികിത്സ അല്ലെന്നും രോഗിക്ക് കേവലം പത്ത് ദിവസം മാത്രം ആശുപത്രിയില്‍ കഴിഞ്ഞാല്‍ മതിയാകുമെന്നും ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് ആശുപത്രിയിലുള്ള ബ്ലഡ് ഡിസോഡര്‍ വിഭാഗം മേധാവി രാഹുല്‍ ഭാര്‍ഗവ പറയുന്നു. മള്‍ട്ടിപ്പിള്‍ മൈലോമയ്ക്ക് ചികിത്സയൊന്നും ഇല്ലാത്തത് കൊണ്ടുതന്നെ, രോഗികളുടെ പ്രായവും രോഗം കണ്ടെത്തുമ്പോഴുള്ള അവസ്ഥയും അനുസരിച്ച് മാത്രമേ ഇവരുടെ അതിജീവന സാധ്യതകള്‍ പറയാന്‍ സാധിക്കുകയുള്ളുവെന്ന് എഫ്്ഡിഎയിലെ സെന്റര്‍ ഫോര്‍ ബയോളജിക്‌സ് ഇവാലുവേഷന്‍ ആന്‍ഡ് റിസര്‍ച്ച് വിഭാഗം ഡയറക്ടര്‍ പീറ്റര്‍ മാര്‍ക്‌സ് അഭിപ്രായപ്പെട്ടു. മള്‍ട്ടിപ്പിള്‍ മൈലോമ ബാധിച്ച മുതിര്‍ന്നവരില്‍ അബെക്മ ചികിത്സയ്ക്ക് എഫ്ഡിഎ കഴിഞ്ഞിടെ അനുമതി നല്‍കിയിരുന്നു. മള്‍ട്ടിപ്പിള്‍ മൈലോമെക്കെതിരെ എഫ്ഡിഎയുടെ അംഗീകാരം നേടുന്ന ആദ്യ കോശാധിഷ്ഠിത ജീന്‍ തെറാപ്പിയാണ് അബെക്മ. മുമ്പ് ചികിത്സകളോട് പ്രതികരിക്കാതിരുന്ന മള്‍ട്ടിപ്പിള്‍ മൈലോമ രോഗികളിലാണ് അബ്‌കെമയക്ക് അനുമതി നല്‍കിയിരിക്കുന്നത്.

രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും രോഗലക്ഷണങ്ങളെയും ആശ്രയിച്ചാണ് മള്‍ട്ടിപ്പിള്‍ മൈലോമയ്ക്ക് ചികിത്സ തീരുമാനിക്കുന്നത്. കൃത്യമായ സമയത്ത് ചികിത്സ തേടുകയാണെങ്കില്‍ നിലവിലെ ആധുനിക ചികിത്സാരീതികളിലൂടെ മള്‍ട്ടിപ്പിള്‍ മൈലോമ രോഗികള്‍ക്ക് കൂടുതല്‍ കാലം ആരോഗ്യത്തോടെ സാധാരണ ജീവിതം നയിക്കാനാകുമെന്ന് ഭാര്‍ഗവ പറഞ്ഞു.

Maintained By : Studio3