87% ഇന്ത്യന്‍ ബിസിനസുകള്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്ളെക്സിബിള്‍ വര്‍ക്കിംഗ് പരിഗണിക്കുന്നു
1 min readമൂന്നിലൊന്ന് ജീവനക്കാരും മഹാമാരിക്ക് ശേഷവും വര്‍ക്ക് ഫ്രം ഹോം തുടരുമെന്ന് കരുതുന്നു
ബെംഗളൂരു: ഭൂരിഭാഗം ഇന്ത്യന്‍ ബിസിനസുകളും (87%) വീഡിയോ കോണ്‍ഫറന്‍സിംഗ് സൊലൂഷനുകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഫ്ളെക്സിബിള്‍ വര്‍ക്ക് മോഡല്‍ പരിഗണിക്കുന്നതായി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് (ബിസിജി) നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട്. വിഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് ആയ സൂം ആണ് സര്‍വെ കമ്മീഷന്‍ ചെയ്തത്. വിഡിയോ കോണ്‍ഫറന്‍സിംഗ് ഉപയോഗിച്ച് തങ്ങളുടെ ബിസിനസ്സ് പ്രക്രിയകള്‍ വഴിതിരിച്ചുവിടാന്‍ കഴിഞ്ഞ വ്യവസായങ്ങളെ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ. കാര്യമായ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും ബിസിനസിന്‍റെ തുടര്‍ച്ചയും വളര്‍ച്ചയും നേടാന്‍ സംരംഭങ്ങള്‍ക്ക് ഇത്തരത്തില്‍ സാധിച്ചുവെന്ന് സര്‍വേ വിലയിരുത്തുന്നു.
വിദൂരമായി ജോലി ചെയ്യുന്ന ജീവനക്കാരില്‍ 2.5-3 മടങ്ങ് വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് പരിഹാരങ്ങളുടെ ഉപയോഗത്തില്‍ 2.4-2.7 മടങ്ങ് വര്‍ദ്ധനവുണ്ടായതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. സര്‍വേയില്‍ പങ്കെടുത്ത ബിസിനസ്സുകളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സൊലൂഷനുകളില്‍ ആകെ ചെലവഴിച്ച സമയം 3-5 മടങ്ങ് വര്‍ദ്ധിച്ചു.
2020ലെ ബിസിജിയുടെ സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം മാനേജര്‍മാരും പാന്‍ഡെമിക്കിന് മുമ്പുള്ളതിനേക്കാള്‍ ഫ്ളെക്സിബിള്‍ റിമോട്ട് വര്‍ക്കിംഗ് മോഡലുകളോട് തുറന്ന സമീപനം പുലര്‍ത്തുന്നു. സര്‍വേയില്‍ പങ്കെടുത്ത ബിസിനസ്സുകളിലെ മൂന്നിലൊന്ന് ജീവനക്കാരും മഹാമാരിക്ക് ശേഷവും വര്‍ക്ക് ഫ്രം ഹോം തുടരുമെന്ന് കരുതുന്നു. അതിനാല്‍ ഹൈബ്രിഡ് വര്‍ക്കിംഗ് മോഡലുകള്‍ നിലനില്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ടെക്നോളജി മേഖലയാണ് വിദുരങ്ങളിലിരുന്നുള്ള ജോലിയെ സഹായിക്കുന്നതിനുള്ള സൊലൂഷനുകള്‍ കൂടുതല്‍ സ്വീകരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 84 ശതമാനം ബിസിനസ്സുകളും പകര്‍ച്ചവ്യാധികള്‍ക്കപ്പുറമുള്ള ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് പരിഹാരങ്ങള്‍ അനിവാര്യമാണെന്ന് സമ്മതിച്ചു. ആരോഗ്യ സംരക്ഷണ മേഖലയില്‍ നിന്ന് സര്‍വെയില്‍ പങ്കെടുത്ത ബിസിനസുകളുടെ 67 ശതമാനവും വിഡിയോ കോണ്‍ഫെറന്‍സിന്‍റെ സഹായത്തോടെയുള്ള ഫ്ളെക്സിബിള്‍ വര്‍ക്കിംഗ് പരിഗണിച്ചു.