ഗ്രാമങ്ങളിലെ കര്‍ഷകരെ സാമ്പത്തികമായി സ്വാശ്രയരാക്കുക ലക്ഷ്യം
ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍ വഴി സ്വയം തൊഴില്‍ പ്രോത്സാഹനം
ലക്നൗ: ഉത്തര്‍പ്രദേശിലെ ഗ്രാമീണ യുവാക്കള്‍ക്കിടയില്‍ ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍ വഴി സ്വയം തൊഴില്‍ വര്‍ധിപ്പിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ ശ്രമം. നിലവിലെ ഭക്ഷ്യ സംസ്കരണ വ്യവസായ നയം അനുസരിച്ച്, അത്തരം യൂണിറ്റുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് മൂലധന ഗ്രാന്‍റുകളും പലിശ ഇളവും നല്‍കുന്നുണ്ട്. ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനൊപ്പം ഗ്രാമങ്ങളിലെ കര്‍ഷകരെ സാമ്പത്തികമായി സ്വാശ്രയരാക്കുകയും ഗ്രാമവികസനം സാധ്യമാക്കുകയും ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. 62,122 യൂണിറ്റുകളിലൂടെ ഗ്രാമപ്രദേശങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്ന് വക്താവ് പറഞ്ഞു.
ഭക്ഷ്യ സംസ്കരണ വ്യവസായത്തില്‍ 10,500 കോടി രൂപയുടെ റെക്കോര്‍ഡ് നിക്ഷേപമാണുള്ളത്. 20,000 കോടിയിലധികം നിക്ഷേപം നടത്തി 3 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഗ്രാമപ്രദേശങ്ങളില്‍ തൊഴില്‍, സ്വയം തൊഴില്‍ എന്നിവ വര്‍ധിപ്പിക്കുന്നതിന്, പ്രദേശാടിസ്ഥാനത്തിലുള്ള കാര്‍ഷിക ഉല്‍പാദനമനുസരിച്ച് യൂണിറ്റുകള്‍ ആരംഭിക്കും. പാല്‍ ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട യൂണിറ്റുകള്‍ അലിഗഡ്, ബറേലി, ബുലന്ദ്ഷഹര്‍, കാണ്‍പൂര്‍ ദെഹത്ത്, ജൗന്‍പൂര്‍, മഥുര എന്നിവിടങ്ങളില്‍ സ്ഥാപിക്കും. പച്ചമുളകിനെ അടിസ്ഥാനമാക്കിയുള്ള ഉല്‍പന്നങ്ങള്‍ വാരണാസിയിലും ദിയോറിയയിലും സ്ഥാപിക്കും. , ലഖ്നൗ, അമ്രോഹ, സീതാപൂര്‍ എന്നിവിടങ്ങളില്‍ മാമ്പഴം, ബസ്തി, ഗോരഖ്പൂര്‍, സിദ്ധാര്‍ത്ഥ നഗര്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്ന മേന്മയുള്ള അരി തുടങ്ങി നിരവധി പദ്ധതികളാണ് ഒരുങ്ങുന്നത്.
പടിഞ്ഞാറന്‍, മധ്യ ഉത്തര്‍പ്രദേശില്‍ ചോളം കൃഷി അടിസ്ഥാനമാക്കി ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ഊന്നല്‍ നല്‍കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.ഉത്തര്‍പ്രദേശിലെ ഭക്ഷ്യ സംസ്കരണ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കാര്‍ഷിക സംസ്കരണ യൂണിറ്റുകള്‍ക്ക് ഇളവ് നല്‍കുന്നുവെന്നതും ശ്രദ്ധേയമാണ്. ഇതിനായി പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.