പരമ്പരാഗത ക്ലാസുകള്‍ പുനരാരംഭിക്കുന്നത് വരുമാന വളര്‍ച്ചയില്‍ നിര്‍ണായകം: ഇന്‍ഡ് റാ
1 min readസ്കൂളുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതും പ്രധാനമായും ഗ്രാമപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്നതുമായ സ്ഥാപനങ്ങളില്‍ പകര്‍ച്ചവ്യാധി മൂലം എന്‍റോള്‍മെന്‍റ് നിരക്ക് കുറഞ്ഞിട്ടുണ്ട്
ന്യൂഡെല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരമ്പരാഗത ക്ലാസുകള്‍ പുനരാരംഭിക്കുന്നത് ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയിലെ എന്‍റോള്‍മെന്‍റിനും വരുമാന വളര്‍ച്ചയ്ക്കും പ്രധാനമാകുമെന്ന് ഇന്ത്യാ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ചിന്‍റെ (ഇന്‍ഡ്-റാ) റിപ്പോര്‍ട്ട്. റേറ്റിംഗ് ഏജന്‍സി ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയ്ക്ക് അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ‘സുസ്ഥിരം’ എന്ന കാഴ്ചപ്പാടാണ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം സ്ഥിരത പ്രകടമാക്കുമെന്ന പ്രതീക്ഷയാണ് ഇതിന്‍റെ അടിസ്ഥാനം്. കൂടാതെ, 2020-21ല്‍ 170 പുതിയ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുള്ളതും സുസ്ഥിരം എന്ന കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നു
ഇന്ത്യയിലെ ജനസംഖ്യയുടെ 29 ശതമാനം 0 മുതല്‍ 14 വയസ്സുവരെയുള്ളവരാണ്. ഇത് ഈ മേഖലയ്ക്ക് മികച്ച അവസരമാണ്. മഹാമാരിക്കിടയിലും നടപ്പു സാമ്പത്തിക വര്‍ഷം 9,600 സ്ഥാപനങ്ങളും 3.13 ദശലക്ഷം പ്രവേശനങ്ങളും നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയുള്ള പഠനമാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചതെന്ന് ഇന്‍ഡ് റാ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അടുത്ത അധ്യയന വര്‍ഷത്തില്‍ (2021-22) നേരിട്ടുള്ള ക്ലാസുകള്‍ക്കായി സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. എങ്കിലും ഒരു പരിധി വരെ ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിക്കുന്നത് 2021-22ലും നിലനില്‍ക്കുമെന്ന് ഇന്‍ഡ്-റാ വിശ്വസിക്കുന്നു.
ഇന്‍ഡ്-റാ റേറ്റിംഗ് നല്‍കിയിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും, പ്രധാനമായും കോളേജുകളുംും സര്‍വകലാശാലകളുമാണ്. അവരുടെ ശക്തമായ ഡിമാന്‍ഡ് പ്രൊഫൈലിന്‍റെയും പ്രാദേശികമായി മികച്ച വിപണിയുടെയും പിന്തുണയോടെ, നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ പ്രവേശനത്തില്‍ സ്ഥിരത പുലര്‍ത്താന്‍ അവയ്ക്കായിട്ടുണ്ട്. അതേസമയം, സ്കൂളുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതും പ്രധാനമായും ഗ്രാമപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്നതുമായ സ്ഥാപനങ്ങളില്‍ പകര്‍ച്ചവ്യാധി മൂലം എന്‍റോള്‍മെന്‍റ് നിരക്ക് കുറഞ്ഞിട്ടുണ്ട്.
ട്യൂഷന്‍ ഫീസില്‍ നല്‍കിയ കിഴിവുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരുമാന സമാഹരണത്തെ 2020-21ല്‍ ബാധിച്ചു. എന്നിരുന്നാലും, സാധാരണ ക്ലാസുകള്‍ പുനരാരംഭിക്കുന്നതോടെ ഈ സ്കൂളുകളില്‍ പ്രവേശനം ഈ സാമ്പത്തിക വര്‍ഷത്തില്‍ വീണ്ടെടുപ്പ് പ്രകടമാക്കാനാണ് സാധ്യത.പൊതുവേ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പണമൊഴുക്ക് പ്രൊഫൈല്‍ ദുര്‍ബലമാണ്. ഉയര്‍ന്ന കടം ,സേവന പ്രതിബദ്ധത, പ്രവര്‍ത്തനച്ചെലവ് എന്നിവയെല്ലാമാണ് ഇതിന് കാരണം. കോവിഡ് -19 ഈ സാഹചര്യം കൂടുതല്‍ വഷളാക്കി. 2021-22ലും ലിക്വിഡിറ്റി പ്രൊഫൈല്‍ അതേപടി തുടരുമെന്ന് ഇന്‍ഡ്-റാ പ്രതീക്ഷിക്കുന്നു.