പ്രതിരോധം : ബന്ധം ശക്തമാക്കാന്‍ ഇന്ത്യയും യുഎസും
1 min readഇന്ത്യക്കുള്ള പ്രതിരോധ ഉപകരണങ്ങളുടെ വില്‍പ്പന 20 ബില്യണ്‍ ഡോളറിലെത്തിയെന്ന് യുഎസ്
തന്ത്രപ്രധാനമാണ് ബന്ധമെന്നും ബൈഡന്‍ സര്‍ക്കാര്‍
അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയാണ് ഇന്ത്യ
വാഷിംഗ്ടണ്‍: ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തമാകുന്നു. ഇന്ത്യയുടെ സുരക്ഷയുമായും അഖണ്ഡതയുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ അമേരിക്കയ്ക്ക് വലിയ പ്രതിബദ്ധതയുണ്ടെന്നും ഇന്ത്യക്കുള്ള പ്രതിരോധ ഉപകരണങ്ങളുടെ വില്‍പ്പന ഇപ്പോള്‍ 20 ബില്യണ്‍ ഡോളറിലെത്തി നില്‍ക്കുകയാണെന്നും യുഎസ് സര്‍ക്കാര്‍ വ്യക്തമാക്കി.
ഈ വര്‍ഷം വരെയുള്ള കണക്കനുസരിച്ച് 20 ബില്യണ്‍ ഡോളറിന്‍റെ പ്രതിരോധ വില്‍പ്പനയാണ് ഇന്ത്യയുമായിട്ടുള്ളത്. അത്യാധുനികമായ പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യക്ക് നല്‍കുന്നത്. അവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അമേരിക്കയ്ക്കുള്ള പ്രതിബദ്ധതയാണ് ഇത് പ്രകടമാക്കുന്നത്-സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നെദ് പ്രൈസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ്.
ബൈഡന്‍ സര്‍ക്കാര്‍ ഇന്ത്യയുമായുള്ള പ്രതിരോധ മേഖലയിലെ ബന്ധത്തിന് അത്ര വലിയ ശ്രദ്ധ നല്‍കില്ലെന്ന് ചില കോണുകളില്‍ നിന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം വാദങ്ങളില്‍ യാതൊരുവിധ കഴമ്പുമില്ലെന്നാണ് അമേരിക്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ആഗോളവും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമാണ് ഇന്ത്യയുമായുള്ളതെന്ന് പ്രൈസ് പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക, സുരക്ഷ ബന്ധങ്ങള്‍ മറ്റെന്നത്തേക്കാളും ശക്തമാണ് ഇപ്പോഴെന്ന് അടുത്തിടെ യുഎസിലെ ഇന്ത്യയുടെ അംബാസഡറായ തരന്‍ജിത് സിംഗ് സന്ധുവും വ്യക്തമാക്കിയിരുന്നു. പ്രധാന പ്രതിരോധ പങ്കാളി അഥവാ മേജര്‍ ഡിഫന്‍സ് പാര്‍ട്ട്ണര്‍ എന്ന പദവിയാണ് അമേരിക്ക ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്. സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍-1 സ്റ്റാറ്റസും രാജ്യത്തിനുണ്ട്.