കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നു: മോദി
1 min readന്യൂഡെല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്‍റെ പ്രധാന പദ്ധതിയായ പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ രണ്ട് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും താങ്ങുവിലയില്‍ (എംഎസ്പി) ചരിത്രപരമായ വര്‍ധനവ് വരുത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ കാര്‍ഷിക പരിവര്‍ത്തനത്തിനായി സര്‍ക്കാര്‍ നിരവധി നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും എംഎസ്പിയുടെ ഉറപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് ഡെല്‍ഹിയിലെ വിവിധ അതിര്‍ത്തികളില്‍ കര്‍ഷകരുടെ പ്രക്ഷോഭം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
‘ഈ ദിവസം, 2 വര്‍ഷം മുമ്പ് പ്രധാനമന്ത്രി-കിസാന്‍ പദ്ധതി ആരംഭിച്ചത് കഠിനാധ്വാനികളായ കര്‍ഷകര്‍ക്ക് അന്തസുള്ള ജീവിതവും അഭിവൃദ്ധിയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ്. നമ്മുടെ കര്‍ഷകരുടെ ധൈര്യവും അഭിനിവേശവും പ്രചോദനകരവുമാണ്, “കിസാന്‍ കാ സമ്മാന്‍ പിഎംകിസാന്‍ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റുകളില്‍ മോദി പറഞ്ഞു. താങ്ങുവില സംബന്ധിച്ച് തന്‍റെ സര്‍ക്കാരിന്‍റെ നിലപാടും പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരും പ്രതിപക്ഷവും എഎസ്പി സമ്പ്രദായം തകര്‍ക്കാന്‍ വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി ആശങ്കപ്പെടുകയും ചെയ്തു.
രാജ്യത്തുടനീളമുള്ള എല്ലാ കര്‍ഷകരുടെ കുടുംബങ്ങള്‍ക്കും സഹായം നല്‍കിക്കൊണ്ട് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ചെലവുകള്‍, ഗാര്‍ഹിക ആവശ്യങ്ങള്‍ എന്നിവ പരിപാലിക്കാന്‍ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധിആരംഭിച്ചത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പദ്ധതിയിന്‍ കീഴില്‍ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ സാമ്പത്തിക ആനുകൂല്യം നല്‍കുന്നു.2,000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായി ഫണ്ട് നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് മാറ്റുന്നു.ഈ പദ്ധതി തുടക്കത്തില്‍ രാജ്യത്തുടനീളമുള്ള എല്ലാ ചെറുകിട, നാമമാത്ര കര്‍ഷകരുടെ കുടുംബങ്ങള്‍ക്കും വരുമാന സഹായം നല്‍കി.