സ്വപ്നസാക്ഷാല്‍ക്കാരംപോലെ ഒരു കടല്‍യാത്ര: രാഹുല്‍
കൊല്ലം: കടല്‍യാത്ര ഒരു സ്വപ്ന സാക്ഷാല്‍ക്കാരമായിരുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരള തീരത്ത് മത്സ്യത്തൊഴിലാളികളുമായി ബോട്ടില്‍ ഒരു മണിക്കൂറാണ് അദ്ദേഹം ചെലവഴിച്ചത്. കൊല്ലത്ത് തീരഗ്രാമത്തിലെത്തിയ രാഹുല്‍ ഫിഷിംഗ് ബോട്ടിലാണ് കടല്‍യാത്രനടത്തിയത്. ഇവിടെയുള്ള മത്സ്യത്തൊഴിലാളികളുമായി കുറച്ച് സമയം ചെലവഴിക്കുന്നത് വളരെക്കാലമായി തന്‍റെ വളരെക്കാലത്തെ ആഗ്രഹമായിരുന്നുഎന്ന് മടങ്ങിയെത്തിയ അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുമായി യാത്ര ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് ഇവിടത്തെ നേതാക്കളോട് താന്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു മത്സ്യത്തൊഴിലാളിയുടെ ജീവിതം എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ബോട്ടുയാത്ര തന്നെ പഠിപ്പിച്ചതായി രാഹുല്‍ പറഞ്ഞു. അവര്‍ കടലുമായി ഒരു പോരാട്ടത്തില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ ലാഭം മറ്റൊരാള്‍ കൊണ്ടുപോകുന്നു, കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. “വലവീശുന്നത് ഞാന്‍ നോക്കിനിന്നു. വല വലിച്ചെടുത്തപ്പോള്‍ അതില്‍ ഒരു മത്സ്യം മാത്രമാണ് ഉണ്ടായിരുന്നത്. മത്സ്യം നിറഞ്ഞ ഒരു വലയാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്, പക്ഷെ അത് അങ്ങനെ ആയിരുന്നില്ല’രാഹുല്‍ പറഞ്ഞു. അദ്ദേഹത്തെ കാണാന്‍ കടല്‍ത്തീരത്ത് എത്തിയ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തു.
‘കടലിലെ ഈ ഒരു മണിക്കൂര്‍യാത്ര, നിങ്ങളെ കൂടുതല്‍ ബഹുമാനിക്കാനാണ് എന്നെ പ്രേരിപ്പിക്കുന്നത്. കാരണം നിങ്ങളുടെ ജീവിതം ബുദ്ധിമുട്ടേറിയതും അപകടകരവുമാണ്. ഞങ്ങള്‍ എല്ലാവരും മത്സ്യം കഴിക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ ദുഷ്കരമായ ജീവിതത്തെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. മറ്റുള്ളവരുടെ തളികയില്‍ മത്സ്യം എത്തിക്കുന്നതിനുള്ള നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഞാന്‍ ആദ്യമായി മനസിലാക്കി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം സ്ഥാപിക്കുമെന്നും രാഹുല്‍ അവര്‍ക്ക് ഉറപ്പുനല്‍കി. ‘കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഇപ്പോള്‍ ഒരു മാനിഫെസ്റ്റോ തയ്യാറാക്കാനുള്ള തയ്യാറെടുപ്പിലാണ്. നിങ്ങള്‍ക്കാവശ്യമുള്ളത് എന്താണെന്ന് അറിയാനും അത് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താനും നിങ്ങളുമായി വിശദമായ സംഭാഷണം നടത്താന്‍ പ്രകടനപത്രിക തയ്യാറാക്കുന്നവരോട് ഞാന്‍ ആവശ്യപ്പെടും’ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.