ഹാര്‍ലി ബൈക്കുകള്‍ വില്‍ക്കാന്‍ ഹീറോയുടെ പുതിയ ബിസിനസ് വിഭാഗം
പുതിയ ബിസിനസ് വിഭാഗത്തിന്റെ മേധാവി രവി അവളൂര്‍ ആയിരിക്കും
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഹീറോ മോട്ടോകോര്‍പ്പ് പ്രത്യേക ബിസിനസ് പ്രഖ്യാപിച്ചു. പുതിയ ബിസിനസ് വിഭാഗത്തിന്റെ മേധാവി രവി അവളൂര്‍ ആയിരിക്കും. ഡുകാറ്റി ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായിരുന്നു രവി അവളൂര്‍. ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയുടെ നാല് എക്‌സിക്യൂട്ടീവുകളും പുതിയ ബിസിനസ് വിഭാഗത്തെ നയിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുന്നു.
പ്രത്യേക ബിസിനസ് വിഭാഗം പ്രഖ്യാപിച്ചതുകൂടാതെ, ജനുവരി 18 മുതല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഉല്‍പ്പന്നങ്ങള്‍ ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങി. നിലവില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ പതിനൊന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലര്‍മാരെ ഹീറോ മോട്ടോകോര്‍പ്പ് സ്വന്തം ബിസിനസിന്റെ ഭാഗമാക്കി.
കൊല്‍ക്കത്ത, മുംബൈ, അഹമ്മദാബാദ്, പുണെ, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഭുവനേശ്വര്‍, ഡെല്‍ഹി, ഡെറാഡൂണ്‍, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഡീലര്‍ഷിപ്പുകള്‍. ഇവിടങ്ങളിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലര്‍ഷിപ്പുകള്‍ പുതിയ പേര് സ്വീകരിച്ചാണ് ഹീറോ മോട്ടോകോര്‍പ്പ് ബിസിനസിന്റെ ഭാഗമാകുന്നത്. കൊച്ചിയിലെ സ്‌പൈസ് കോസ്റ്റ് ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലര്‍ഷിപ്പ് എക്‌സെല്‍സിയോര്‍ മോട്ടോഴ്‌സ് എന്ന് പുനര്‍നാമകരണം ചെയ്തു.
ഈ പതിനൊന്ന് നഗരങ്ങള്‍ കൂടാതെ മറ്റിടങ്ങളിലും സര്‍വീസ്, പാര്‍ട്ടുകള്‍, ആക്‌സസറികള്‍ എന്നിവ ഹീറോ മോട്ടോകോര്‍പ്പ് ലഭ്യമാക്കും. ഇന്ത്യന്‍ വിപണിയിലെ പുതിയ ഹാര്‍ലി മോഡല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് പുറത്തുവരും.