ഭീം പേയ്മെന്റ് ആപ്പിലൂടെ എൻപിഎസ് അക്കൗണ്ട് തുറക്കാം
മുംബൈ: നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എൻപിസിഐ ഭീം സർവീസസ് ലിമിറ്റഡ് , ‘തത്കാൽ എൻപിഎസ്’ സൗകര്യം ഭീം പേയ്മെന്റ് ആപ്പിൽ ലഭ്യമാക്കിയതായി പ്രഖ്യാപിച്ചു. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി അവതരിപ്പിച്ച ഈ സൗകര്യത്തിലൂടെ ബാങ്ക് ശാഖ സന്ദർശിക്കാതെയും പുതിയ രേഖകൾ സമർപ്പിക്കാതെയും മൂന്ന് ഘട്ടങ്ങളിലൂടെ ആപ്പിൽ നാഷണൽ പെൻഷൻ സിസ്റ്റം അക്കൗണ്ട് തുറക്കാം. നിലവിലുള്ള ബാങ്ക് പരിശോധിച്ചുറപ്പിച്ച കെവൈസി (KYC) വിവരങ്ങൾ ഉപയോഗിച്ചാണ് അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നത്. ഇതിനായി ഉപയോക്താക്കൾ ജനനത്തീയതി നൽകുകയും അർഹമായ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുകയും യുപിഐ വഴി ആദ്യ നിക്ഷേപം നടത്തുകയും വേണം. നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ഉപഭോക്താക്കൾക്ക് ഭീം ആപ്പിലൂടെ ഈ സൗകര്യം ലഭ്യമാണ്. ഭാവിയിൽ കൂടുതൽ ബാങ്കുകളെ ഉൾപ്പെടുത്തും. “കോടിക്കണക്കിന് ഇന്ത്യക്കാരുടെ ദൈനംദിന സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി യുപിഐ മാറിക്കഴിഞ്ഞുവെന്ന് എൻബിഎസ്എൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ലളിത നടരാജ് പറഞ്ഞു. ഇനി എൻപിഎസ് പോലുള്ള സാമ്പത്തിക പദ്ധതികൾ കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യം. ഭീമിലെ തത്കാൽ എൻപിഎസ് സൗകര്യം അർഹരായ ഉപയോക്താക്കൾക്ക് യുപിഐ ആപ്പിലൂടെ നേരിട്ട് എൻപിഎസ് അക്കൗണ്ട് തുറക്കാൻ അവസരമൊരുക്കുന്നു. നിക്ഷേപങ്ങൾ നടത്താനുള്ള സൗകര്യത്തിനപ്പുറം എൻപിഎസ് അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടികളും ലളിതമാക്കുന്നതിലൂടെ ഈ രംഗത്ത് ഭീമിന്റെ പങ്ക് വിപുലീകരിക്കുകയാണ്.” പിഎഫ്ആർഡിഎ നിയന്ത്രിക്കുന്ന കുറഞ്ഞ ചെലവിലുള്ള പെൻഷൻ പദ്ധതിയാണ് എൻപിഎസ്. നിയന്ത്രിത പെൻഷൻ ഫണ്ട് മാനേജർമാർ കൈകാര്യം ചെയ്യുന്ന വിപണിയുമായി ബന്ധിപ്പിച്ച ഫണ്ടുകളിലാണ് നിക്ഷേപം നടത്തുന്നത്. ബാധകമായ നിബന്ധനകൾക്ക് വിധേയമായി നികുതി ആനുകൂല്യങ്ങളും ലഭ്യമാണ്. വാർധക്യകാലത്ത് എല്ലാ പൗരന്മാർക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന പെൻഷൻ സംവിധാനം വികസിപ്പിക്കുകയെന്ന പിഎഫ്ആർഡിഎയുടെ ലക്ഷ്യത്തിന് തത്കാൽ എൻപിഎസ് പിന്തുണ നൽകുന്നു. “ഇന്ത്യയിലെ പണമിടപാട് രീതികളെ യുപിഐ മാറ്റിമറിച്ചു. വിരമിക്കൽ കാലത്തേക്കുള്ള സാമ്പത്തിക തയ്യാറെടുപ്പുകളിലും തത്കാൽ എൻപിഎസിന് മാറ്റം കൊണ്ടുവരാനാകുമെന്ന് പിഎഫ്ആർഡിഎ ചെയർമാൻ എസ്. രാമൻ പറഞ്ഞു. വെറും മൂന്ന് ഘട്ടങ്ങളിലൂടെ എൻപിസിഐ, ബാങ്കുകൾ, യുപിഐ ആപ്പുകൾ എന്നിവയുമായുള്ള സഹകരണത്തിലൂടെ അർഹരായ പൗരന്മാർക്ക് പെൻഷൻ അക്കൗണ്ട് തുറക്കാം. പ്രായമാകുന്നതിന് മുമ്പ് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ സന്ദേശം. ഈ സന്ദേശം ഓരോ തെരുവിലും ഗ്രാമത്തിലും ഇന്ത്യയിലെ ഓരോ പൗരനിലേക്കും എത്തിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.” 18നും 85നും ഇടയിൽ പ്രായമുള്ള അർഹരായ ഇന്ത്യൻ പൗരന്മാർക്ക് ഭീം പേയ്മെന്റ് ആപ്പിലെ തത്കാൽ എൻപിഎസ് വഴി അക്കൗണ്ട് തുറക്കാം. ആദ്യ നിക്ഷേപം കുറഞ്ഞത് 250 രൂപയായിരിക്കണം. ബാധകമായ എൻപിഎസ് നിബന്ധനകൾക്ക് വിധേയമായി തുടർന്നുള്ള നിക്ഷേപങ്ങൾ 10 രൂപ മുതൽ നടത്താം. എൻപിഎസിനെക്കുറിച്ചും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പിഎഫ്ആർഡിഎയുടെ ഔദ്യോഗിക എൻപിഎസ് പരിശോധിക്കാം.
