‘ബ്രാന്‍ഡ് വയനാട്’ ഉൾപ്പടെ കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ: മന്ത്രി
കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ച ‘ബ്രാൻഡ് വയനാട്’ പദ്ധതിയും ഉത്തരവാദിത്ത ടൂറിസം മിഷന്റെ പുതിയ ലൈഫ് എക്സ്പീരിയൻസ് ട്രെയിലുകളും ടൂറിസം, സിനിമ, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി മത്സരിക്കുന്നതിന് പകരം സഹകരിച്ചു പ്രവർത്തിക്കുക എന്ന നയമാണ് സർക്കാരിനുള്ളത്. ഇതിന്റെ ഭാഗമായി കൂർഗ്, മൈസൂരു, ശ്രീലങ്ക പോലുള്ള സമാനസാഹചര്യമുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തി കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. തിരുനെല്ലി സർക്യൂട്ട്, ചേകാടി ഫാം സന്ദർശനം, കാപ്പി എക്സ്പീരിയൻസ് എന്നിവ ഉൾപ്പെടുന്ന ഗൈഡഡ് സഞ്ചാര പരിപാടിയ്ക്കാണ് മന്ത്രി തുടക്കം കുറിച്ചത്. വയനാടിന്റെ പ്രകൃതിഭംഗി, കാർഷിക-പൈതൃക സവിശേഷതകൾ, സംസ്കാരം എന്നിവ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സമീപകാലത്തുണ്ടായ പ്രകൃതിദുരന്തം മേപ്പാടി പഞ്ചായത്തിലെ രണ്ട് വാർഡുകളെ (മുണ്ടക്കൈ, ചൂരൽമല) മാത്രമാണ് ബാധിച്ചതെന്നും ജില്ല മൊത്തത്തിൽ അപകടത്തിലാണെന്ന തരത്തിൽ തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരള ടൂറിസത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ഈ വർഷത്തെ മൈസൂർ ദസറയിൽ കേരളത്തിന്റെ തനത് കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരക്കും. അടുത്തകൊല്ലം മുതൽ ഓണാഘോഷ പരിപാടികൾ മൈസൂർ ദസറയ്ക്ക് സമാനമായ പകിട്ടോട് കൂടി നടത്തുമെന്നും മന്ത്രി അറിയിച്ചു. ദീർഘകാലമായിട്ടുള്ള ആവശ്യമായ ടൂറിസത്തിന് വ്യവസായ പദവി നൽകുന്നതിനുള്ള കരട് നയം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഹോംസ്റ്റേ ഉടമകളെ മൂന്ന് ക്ലസ്റ്ററുകളായി തിരിച്ച് പ്രത്യേക പരിശീലനം നൽകും. സഞ്ചാരികളുടെ താമസദിവസങ്ങൾ വർധിപ്പിക്കുക, മലബാർ ടൂറിസത്തെ മുഖ്യധാരയിലെത്തിക്കുക, കെ.ടി.ഡി.സി സ്ഥാപനങ്ങളെ ലാഭകരമാക്കുക എന്നിവ സർക്കാരിന്റെ മുൻഗണനാ വിഷയങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബ്രാൻഡ് വയനാട് എന്നത് വലിയൊരു ലക്ഷ്യത്തോടുകൂടിയ ലളിതമായൊരു ആശയമാണെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച കേരള ടൂറിസം ഡയറക്ടര്‍ എം.അഞ്ജന പറഞ്ഞു. ഏക സ്വത്വമുള്ള വിനോദസഞ്ചാര കേന്ദ്രമായി ലോകം വയനാടിനെ കാണണമെന്നാണ് ആഗ്രഹിക്കുന്നത്. ടൂറിസത്തിലൂടെ ഇവിടെ ലഭിക്കുന്ന ഓരോ രൂപയും കർഷകനെയും കരകൗശല വിദഗ്ദ്ധനെയും ഗോത്ര കുടുംബങ്ങളെയും വയനാടിനെ സ്വന്തം ഭവനമായി കാണുന്ന യുവ സംരംഭകരെയുമെല്ലാം ശാക്തീകരിക്കണമെന്ന ലക്ഷ്യമാണിതിനുള്ളതെന്നും ടൂറിസം ഡയറക്ടര്‍ പറഞ്ഞു. മാനന്തവാടി എം എൽ എ ഉഷാ വിജയൻ, കേരള ടൂറിസം അഡി. ഡയറക്ടര്‍ (ജനറല്‍) സുമിത് കുമാര്‍ താക്കൂര്‍, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് സി.വി രാജന്‍, വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ, വാർഡ് മെമ്പർ സിനി ജോജി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ‘ബ്രാൻഡ് വയനാട്’ പരിപാടിയുടെ ഭാഗമായി വിദഗ്ധര്‍ നയിക്കുന്ന പ്രഭാഷണങ്ങളും നടന്നു. ‘പ്രകൃതിയും വന്യജീവി വൈവിധ്യവും’ എന്ന വിഷയത്തിൽ എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ബയോഡൈവേഴ്സിറ്റി ലീഡ് സനീഷ് സി. എസും, ‘സംസ്കാരം’ എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി ചെയർമാൻ കൽപ്പറ്റ നാരായണനും, ‘കരകൗശലം’ എന്ന വിഷയത്തിൽ ഉറവ് ഇൻഡിജിനസ് സയൻസ് & ടെക്നോളജി സ്റ്റഡി സെന്റർ സാമൂഹിക പ്രവർത്തകൻ ടി. ശിവരാജും സംസാരിച്ചു. വയനാടിനെ സുരക്ഷിതവും സുസ്ഥിരവുമായ ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിനുള്ള ഉത്തരവാദിത്ത ടൂറിസം നയങ്ങളും ഹോംസ്റ്റേ നവീകരണവും പദ്ധതി ഉറപ്പാക്കും. വയനാട് കോഫി, സുഗന്ധവ്യഞ്ജനങ്ങൾ, പരമ്പരാഗത നെല്ലിനങ്ങൾ, തേൻ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കൊപ്പം പ്രാദേശിക പാചകരീതികള്‍, കാർഷിക ജീവിതം, ഗോത്രപൈതൃകം, ഗ്രാമീണ അനുഭവങ്ങൾ എന്നിവയും ടൂറിസവുമായി ബന്ധിപ്പിക്കും. ഭൗമസൂചികാ പദവിയുള്ള ‘വയനാട് റോബസ്റ്റ കോഫി’യെ ‘ഫാം ടു കപ്പ്’ മാതൃകയിൽ ആഗോള വിപണിയിൽ പ്രീമിയം ബ്രാൻഡായി അവതരിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. തനത് ഗോത്ര സംസ്കാര സംരക്ഷണത്തിനായി ‘എൻ ഊര്’ പൈതൃക ഗ്രാമം വിപുലീകരിക്കുന്നതിനൊപ്പം 50 കോടി രൂപ ചെലവിൽ ട്രൈബൽ സർവകലാശാലയും പൈതൃക വിജ്ഞാന മേഖലയും സ്ഥാപിക്കും. ഇതോടൊപ്പം കോർപ്പറേറ്റ് പങ്കാളിത്തം ഉറപ്പാക്കുന്ന ‘വയനാട് സി.എസ്.ആർ എക്സ്ചേഞ്ച്’ (ഭൂമി പോർട്ടൽ), പരിസ്ഥിതി സംരക്ഷണത്തിനായുള്ള ‘ഇ-മാലിന്യ മുക്ത ഡ്രൈവ്’ എന്നിവയും ബ്രാൻഡ് വയനാടിന്റെ ഭാഗമായി നടപ്പിലാക്കും. കര്‍ട്ടന്‍ റൈസര്‍ പരിപാടിയുടെ ഭാഗമായി രണ്ട് ദിവസങ്ങളിലും പൊതുജനങ്ങൾക്കായി രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 വരെ “എൻ ഊര്” ലൈവ് എക്സ്പീരിയൻസ് സോൺ പ്രവർത്തിക്കുന്നുണ്ട്. ഗോത്രവർഗ്ഗക്കാരുടെ തനത് ജീവിതരീതികൾ, ഗോത്ര ഭക്ഷണമേള, പൈതൃക-കരകൗശല പ്രദർശനം, കമ്മ്യൂണിറ്റി അനുഭവങ്ങൾ എന്നിവ സന്ദർശകർക്ക് നേരിട്ടറിയാൻ അവസരമുണ്ട്.
