August 21, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബയര്‍ രജിസ്ട്രേഷന്‍ 3000 കടന്നു, കെടിഎം അടുത്ത മാസം 24 ന്

1 min read

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ട് (കെ.ടി.എം 2026)-ന് ഇക്കുറി റെക്കോര്‍ഡ് രജിസ്ട്രേഷന്‍. മാര്‍ട്ടില്‍ പങ്കെടുക്കുന്നതിനുള്ള ബയർ രജിസ്ട്രേഷന്‍ 3000 കടന്നു. ഇതിൽ 790 രാജ്യാന്തര ബയർമാരും 2,210 ആഭ്യന്തര ബയർമാരും ഉൾപ്പെടുന്നു. സെപ്റ്റംബർ 24-ന് കൊച്ചിയിൽ ഔപചാരികമായ ഉദ്ഘാടനത്തിനു ശേഷം സെപ്റ്റംബർ 25 മുതൽ 27 വരെയാണ് മാർട്ടിന്റെ ഭാഗമായുള്ള ബിസിനസ് മീറ്റുകൾ നടക്കുക. ഉദ്ഘാടന ചടങ്ങ് ബോള്‍ഗാട്ടിയിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും പ്രദര്‍ശനവും വാണിജ്യ കൂടിക്കാഴ്ചകളും കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിലുമാണ് നടക്കുന്നത്. ടൂറിസം സംരംഭകരുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തിലും മികച്ച പുരോഗതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മേളയിൽ 382 സെല്ലര്‍മാരാണ് സ്റ്റാൾ ബുക്കിംഗ് പൂർത്തിയാക്കിയത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 30 ഓളം സ്റ്റാളുകളും മാര്‍ട്ടിലുണ്ടാകും. ബിസിനസ് ചർച്ചകൾക്കും വിപണന സാധ്യതകൾക്കുമായി ഇതിനകം 40,000 ലധികം ബിസിനസ് കൂടിക്കാഴ്ചകളാണ് ഷെഡ്യൂൾ ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായത്തിലേക്കുള്ള വലിയ തോതിലുള്ള നിക്ഷേപ-വാണിജ്യ സാധ്യതകളിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ദേശീയ-അന്തർദേശീയ തലങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ വിപുലമായ പങ്കാളിത്തവും ഇത്തവണത്തെ കെ.ടി.എമ്മിന്റെ ശ്രദ്ധേയമായ സവിശേഷതയാണ്. ആകെ 138 മാധ്യമ പ്രതിനിധികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 71 അന്താരാഷ്ട്ര മാധ്യമപ്രവർത്തകരും 67 ദേശീയ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. വാണിജ്യ കൂടിക്കാഴ്ചകൾ, ടൂറിസം നയകർത്താക്കളുടെ യോഗങ്ങൾ, ദേശീയ-അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാർട്ടിലുണ്ടാകും. ഇക്കുറി സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 3 വരെയാണ് പോസ്റ്റ്-മാർട്ട് ടൂറുകൾ സംഘടിപ്പിച്ചിരിക്കുന്നത്. പന്ത്രണ്ട് വിവിധ മേഖലകളിലായാണ് ഇത്തവണ ടൂർ സംഘടിപ്പിക്കുന്നത്. ക്ഷണിക്കപ്പെട്ട വിദേശ-ആഭ്യന്തര മാധ്യമപ്രവർത്തകർക്കായുള്ള ടൂർ പരിപാടി മാർട്ടിന് മുൻപായിത്തന്നെ നടത്തുന്നതായിരിക്കും. പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നു എന്നതാണ് ഇത്തവണത്തെ മാർട്ടിന്റെ മറ്റൊരു പ്രധാന സവിശേഷത. രജിസ്ട്രേഷൻ, വാണിജ്യ (ബിടുബി) കൂടിക്കാഴ്ചകൾ, സെമിനാറുകൾ തുടങ്ങി മാർട്ടിലെ എല്ലാ നടപടിക്രമങ്ങളും പൂർണ്ണമായും ഡിജിറ്റലാക്കും. ഇതിനായി പുതിയ സോഫ്റ്റ്‌വെയറും മൊബൈൽ ആപ്പുമായിരിക്കും ഉപയോഗിക്കുക.

  ക്രൂയിസ് ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ തുറമുഖ ട്രസ്റ്റിന് പത്ത് ഏക്കര്‍ സ്ഥലം: മുഖ്യമന്ത്രി
Maintained By : Studio3