കര്‍ഷക സമരം: കേന്ദ്രത്തിന് തിരിച്ചടി
1 min readന്യൂഡെല്‍ഹി: സുപ്രീം കോടതിയില്‍നിന്ന് കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി.പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിച്ചില്ലെങ്കില്‍ കോടതിക്കത് സ്‌റ്റേ ചെയ്യേണ്ടിവരമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ച് വ്യക്തമാക്കി. കര്‍ഷക സമരം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയായിരുന്നു കോടതിയുടെ നിരീക്ഷണം. കേന്ദ്ര നിലപാടില്‍ തങ്ങള്‍ നിരാശരാണ്. പ്രതിഷേധം തടസ്സപ്പെടുത്തുന്നില്ലെന്നും സമരം തുടരാമെന്നും വ്യക്തമാക്കിയ സുപ്രീം കോടതി ഒരേ സ്ഥലത്ത് പ്രതിഷേധം നടത്തണോ അതോ പൗരന്മാര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനായി പ്രതിഷേധ വേദി മാറ്റണോ എന്നതാണ് ചോദ്യമെന്നും പറഞ്ഞു.
ഏത് തരത്തിലുള്ള കൂടിയാലോചനകളാണ് സര്‍ക്കാര്‍ നടത്തിയതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്താണ് സംഭവിക്കുന്നതെന്ന് ദയവായി പറയുക. എന്തുകൊണ്ട് നിയമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദ്ദേശത്തോട് പ്രതികരിക്കാത്തത് ? നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്താന്‍ കേന്ദ്രം സമ്മതിച്ചാല്‍, ഞങ്ങള്‍ കര്‍ഷകരോട് സമരം പിന്‍വലിക്കാന്‍ ആവശ്യപ്പെടും. ‘- ബോബ്‌ഡെ പറഞ്ഞു. നിയമങ്ങള്‍ നടപ്പാക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചില്ലെങ്കില്‍ കോടതി അത് ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പുനല്‍കി. സമരവുമായി ബന്ധപ്പെട്ട് നിരവധി മരണങ്ങള്‍ നടക്കുന്ന കാര്യവും കോടതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ നിയമങ്ങള്‍ നിര്‍ത്തലാക്കുന്നത് അപ്രായോഗികമാണെന്ന്് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.