മുത്തൂറ്റ് ഫിനാൻസിൽ നേതൃമാറ്റം: അലക്സാണ്ടർ ജോർജ് പുതിയ മാനേജിങ് ഡയറക്ടർ
കൊച്ചി: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടറായി അലക്സാണ്ടർ ജോർജിനെ നിയമിക്കാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു. 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നേതൃമാറ്റത്തിന് കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളുടെ അംഗീകാരം തേടും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി കമ്പനിയെ വിജയകരമായി നയിച്ച നിലവിലെ മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് എക്സിക്യൂട്ടീവ് വൈസ് ചെയർമാനാകും. അടുത്ത ഘട്ടത്തിലേക്ക് കമ്പനി കടക്കുമ്പോൾ തന്ത്രപരമായ വഴികാട്ടിയായും പുതിയ നേതൃത്വത്തിന് മാർഗ്ഗദർശിയായും അദ്ദേഹം തുടരും. മുത്തൂറ്റ് ഫിനാൻസ് മുൻ ചെയർമാൻ പരേതനായ എം. ജി. ജോർജ് മുത്തൂറ്റിന്റെ ഇളയ മകനാണ് അലക്സാണ്ടർ ജോർജ്. നിലവിൽ മുത്തൂറ്റ് ഫിനാൻസിൻ്റെ ജോയിൻ്റ് മാനേജിങ് ഡയറക്ടറായ അലക്‌സാണ്ടർ യു.എസ്.എ.യിലെ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ അഡ്വാൻസ്ഡ് ഡിപ്ലോമയും തണ്ടർബേർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ.യും നേടിയിട്ടുണ്ട്. കുടുംബ ബിസിനസിൽ മാനേജറായി പ്രവർത്തനം ആരംഭിച്ച അദ്ദേഹം, സ്വന്തം കഴിവ് തെളിയിച്ചാണ് ഉന്നത പദവികളിലേക്ക് ഉയർന്നുവന്നത്. 2006 മുതൽ കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുന്ന അദ്ദേഹം, ഹോൾ-ടൈം ഡയറക്ടർ എന്ന നിലയിൽ ഉത്തരേന്ത്യ, കിഴക്കൻ ഇന്ത്യ, പശ്ചിമേന്ത്യ എന്നിവിടങ്ങളിലെ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ബ്രാഞ്ചുകൾ വിപുലീകരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. സാങ്കേതികവിദ്യ, ഡിജിറ്റൽ ബാങ്കിംഗ്, ഉപഭോക്തൃ അനുഭവം, മാർക്കറ്റിംഗ്, ബ്രാൻഡ് ബിൽഡിംഗ് തുടങ്ങിയ മേഖലകളിൽ നിരവധി മാറ്റങ്ങൾക്കും അദ്ദേഹം തുടക്കമിട്ടു. മുത്തൂറ്റ് കുടുംബത്തിന്റെ 800 വർഷത്തെ പാരമ്പര്യം മുറുകെപ്പിടിച്ചുകൊണ്ട്, സത്യസന്ധത, സുതാര്യത, കോർപ്പറേറ്റ് ഗവേണൻസ് എന്നിവയിലധിഷ്ഠിതമായാണ് അദ്ദേഹം ബിസിനസ് നയിക്കുന്നത്. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിക്കും (C.S.R) ഇൻഡിവിഡ്വൽ സോഷ്യൽ റെസ്പോൺസിബിലിറ്റിക്കും (I.S.R) അദ്ദേഹം വലിയ പ്രാധാന്യം നൽകുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രോഹിണി, നോയിഡ, അമൃതസർ, ഫിറോസാബാദ്, ഉന്നാവോ, ഹൂഗ്ലി തുടങ്ങിയ പ്രദേശങ്ങളിലെ പ്രൈമറി സ്കൂളുകളിലും സന്നദ്ധ സംഘടനകളിലും സാങ്കേതികവിദ്യയിലധിഷ്ഠിതമായ ‘മുത്തൂറ്റ് സ്മാർട്ട് കമ്പ്യൂട്ടർ ക്ലാസ് റൂമുകൾ’ സ്ഥാപിച്ചു. കൂടാതെ, മീററ്റ് ജില്ലാ ജയിലിലെ ‘റേഡിയോ പർവാസ് സെന്റർ’ പോലെയുള്ള തടവുകാരുടെ പുനരധിവാസ പദ്ധതിക്ക്, 2026-ലെ ഗ്ലോബൽ സി.എസ്.ആർ, ഇ.എസ്.ജി ആൻഡ് സസ്റ്റൈനബിലിറ്റി അവാർഡിൽ “ബെസ്റ്റ് സോഷ്യൽ വെൽഫെയർ ഇനിഷ്യേറ്റീവ് ഓഫ് ദി ഇയർ” പുരസ്കാരവും ലഭിച്ചു. ഇതോടൊപ്പം, നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ കെ. ആർ. ബിജിമോനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഉയർത്താനും ബോർഡ് ശുപാർശ ചെയ്തു. ചാർട്ടേഡ് അക്കൗണ്ടന്റായ അദ്ദേഹം കഴിഞ്ഞ 3 പതിറ്റാണ്ടുകളായി മുത്തൂറ്റ് ഗ്രൂപ്പിന്റെ സാമ്പത്തിക ഭദ്രതയിലും വളർച്ചയിലും സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്. റെക്കോർഡ് സാമ്പത്തിക പ്രകടനവും മികച്ച ബിസിനസ് വളർച്ചയുമായി മുന്നേറ്റം തുടരുമ്പോഴാണ് മുത്തൂറ്റ് ഫിനാൻസ് നേതൃമാറ്റത്തിന് ഒരുങ്ങുന്നത്. 2026 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിയുടെ കൺസോളിഡേറ്റഡ് വായ്പാ ആസ്തി 1.91 ലക്ഷം കോടി രൂപ പിന്നിട്ടു. കൂടാതെ, 2025-26 സാമ്പത്തിക വർഷത്തിൽ 10,606 കോടി രൂപയുടെ (₹106.06 ബില്യൺ) കൺസോളിഡേറ്റഡ് അറ്റാദായം നേടാനും കമ്പനിക്ക് സാധിച്ചു. ഡയറക്ടർമാരായ ജോർജ് എം. ജോർജ്, ജോർജ് എം. ജേക്കബ്, ജോർജ് അലക്സാണ്ടർ, ഈപ്പൻ അലക്സാണ്ടർ എന്നിവരടങ്ങുന്ന പരിചയസമ്പന്നരായ നേതൃത്വ സംഘവും മുതിർന്ന മാനേജ്‌മെന്റും അലക്സാണ്ടർ ജോർജിനൊപ്പം തുടർന്നും പ്രവർത്തിക്കുമെന്ന് ബോർഡ് ഉറപ്പുനൽകി. ജോർജ് അലക്സാണ്ടർ മുത്തൂറ്റ് (എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഡെസിഗ്നേറ്റ്): “വിശ്വാസത്തിലും മൂല്യങ്ങളിലും അധിഷ്ഠിതമായാണ് മുത്തൂറ്റ് ഫിനാൻസ് വളർന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സ്വർണ്ണപ്പണയ വായ്പകളെ കൂടുതൽ സംഘടിതവും ജനപ്രിയവുമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. അടുത്ത തലമുറയ്ക്ക് നേതൃത്വം കൈമാറാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. അലക്സാണ്ടറിന്റെ നേതൃപാടവത്തിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. പുതിയ പദവിയിലും കമ്പനിയുടെ സുഗമമായ മാറ്റത്തിനും വളർച്ചയ്ക്കും ഞാൻ ഒപ്പമുണ്ടാകും.” അലക്സാണ്ടർ ജോർജ് (മാനേജിങ് ഡയറക്ടർ ഡെസിഗ്നേറ്റ്): “ഡയറക്ടർ ബോർഡ് എന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദി രേഖപ്പെടുത്തുന്നു. എന്റെ പിതാവ് പരേതനായ എം. ജി. ജോർജ് മുത്തൂറ്റ്, നിലവിലെ എം.ഡി ജോർജ് അലക്സാണ്ടർ മുത്തൂറ്റ് എന്നിവരിൽ നിന്ന് ബിസിനസ് പഠിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ഒരു സമ്പൂർണ്ണ ധനകാര്യ സ്ഥാപനമായി വളരുമ്പോഴും ഉപഭോക്തൃ സംതൃപ്തിക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക സേവനങ്ങൾക്കും ഞങ്ങൾ മുൻഗണന നൽകും. തന്ത്രപരമായ പദ്ധതികൾ വേഗത്തിലാക്കാനും, പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കാനും, ഒപ്പം നമ്മുടെ ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ഓഹരിയുടമകൾക്കും സുസ്ഥിരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ മൂല്യം പ്രദാനം ചെയ്യാനുമായി അക്ഷീണം പരിശ്രമിക്കും.” ജോർജ് ജേക്കബ് മുത്തൂറ്റ് (ചെയർമാൻ, മുത്തൂറ്റ് ഫിനാൻസ്): “അലക്സാണ്ടർ ജോർജ് മുത്തൂറ്റ് ഫിനാൻസിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് ബോർഡിന് പൂർണ്ണ ഉറപ്പുണ്ട്. 7,500-ഓളം ശാഖകളും 50,000-ത്തിലധികം ജീവനക്കാരുമുള്ള ഈ പ്രസ്ഥാനം തുടർന്നും ഉത്തരവാദിത്തമുള്ള വളർച്ചയും ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങളും ഉറപ്പാക്കും.”
