Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 രണ്ടാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു

1 min read

തിരുവനന്തപുരം: തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി ‘കോയോ’ എന്ന സാറ്റലൈറ്റ് നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹമായ ‘നിള’ വിജയകരമായി വിക്ഷേപിച്ചതിനു പിന്നാലെയാണ് ഹെക്സ്20യുടെ ഈ നേട്ടം. സ്പേസ്എക്സിന്‍റെ ട്രാന്‍സ്പോര്‍ട്ടര്‍ -17 ല്‍ കോയോ (കൈനറ്റിക്കല്‍ ഒപ്റ്റിക് യോ ഒബ്സര്‍വര്‍) എന്ന സാറ്റലൈറ്റ് ആണ് ഹെക്സ്20 നിര്‍മ്മിച്ചത്. ബഹിരാകാശത്ത് എത്തി ഏകദേശം ഒരു മണിക്കൂറിന് ശേഷം വിക്ഷേപണ വാഹനത്തില്‍ നിന്ന് അത് വിജയകരമായി വേര്‍പെട്ടു. 40 മിനിറ്റിനുശേഷം ഹെക്സ്20യുടെ സാറ്റലൈറ്റ് കണ്‍ട്രോള്‍ സെന്‍ററില്‍ ആദ്യത്തെ ബീക്കണ്‍ സിഗ്നലുകള്‍ ലഭിക്കുകയും ചെയ്തു. യുഎസ് സ്വകാര്യ ബഹിരാകാശ സംരംഭമായ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേഷന്‍റെ (സ്പേസ്എക്സ്) പങ്കാളിത്തത്തോടെയാണ് ഹെക്സ്20യുടെ ആദ്യ ഉപഗ്രഹമായ ‘നിള’ കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ചത്. സ്വകാര്യ മേഖലയില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമാണ് ‘നിള’. കോയോ, ഹെക്സ്20 യെ വിശ്വസനീയമായ ആഗോള ഉപഗ്രഹ ദൗത്യ പങ്കാളിയായി സ്ഥാപിക്കുന്നതിലെ സുപ്രധാന ചുവടുവയ്പാണിതെന്ന് ഹെക്സ്20 സിഇഒ അമല്‍ ചന്ദ്രന്‍ പറഞ്ഞു. ഓരോ വിജയകരമായ ദൗത്യവും നമ്മുടെ ബഹിരാകാശ പാരമ്പര്യം വികസിപ്പിക്കുന്നു. അതോടൊപ്പം നമ്മുടെ പ്ലാറ്റ്‌ഫോമുകളുടെ പക്വതയെ ശക്തിപ്പെടുത്തുകയും, വേഗത, വിശ്വാസ്യത, എഞ്ചിനീയറിംഗ് മികവ് എന്നിവ ഉപയോഗിച്ച് ആദ്യന്ത ഉപഗ്രഹ ദൗത്യങ്ങള്‍ നല്‍കാനുള്ള കഴിവിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ബഹിരാകാശത്തേക്കുള്ള താങ്ങാനാവുന്നതും വേഗത്തിലുള്ളതുമായ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും ലഭ്യതയ്ക്കുള്ള ആവശ്യം വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ലക്ഷ്യബോധത്തോടെയുള്ള ആശയങ്ങളെ വിജയകരമായ ബഹിരാകാശ ദൗത്യങ്ങളാക്കി മാറ്റാന്‍ ഗവണ്‍മെന്‍റുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവരെ പ്രാപ്തരാക്കാന്‍ ഹെക്സ്20 പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. 1500-ലധികം ബീക്കണ്‍ സിഗ്നലുകള്‍ ഡീകോഡ് ചെയ്തും 75 ലധികം കമാന്‍ഡുകള്‍ ഭൂമിയില്‍ നിന്ന് അയച്ചും ഭമണപഥത്തില്‍ രൂപകല്‍പ്പന ചെയ്തതുപോലെ ‘കോയോ’ പ്രവര്‍ത്തിച്ചു തുടങ്ങിയെന്ന് ഹെക്സ്20 സഹസ്ഥാപകനും സിടിഒയുമായ അനുരാഗ് രഘു പറഞ്ഞു. രണ്ടാമത്തെ ആഴ്ചയില്‍ പേലോഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ആരംഭിക്കും. തായ് വാന്‍ ആസ്ഥാനമായുള്ള എയ്ജിവേഴ്സിന്‍റെ ഫൈബര്‍ ഒപ്റ്റിക് ഗൈറോസ്കോപ്പ് (എഫ്ഒജി), യുഎസ്എ ആസ്ഥാനമായുള്ള ആംപ്ലിഫൈഡ് സ്പെയ്സിന്‍റെ ക്രമീകരിക്കാവുന്ന പവര്‍ സിസ്റ്റം, തായ് വാനില്‍ നിന്നുള്ള ഡിജിപീറ്റര്‍, ഹെക്സ്20 നിര്‍മ്മിച്ച സോളാര്‍ പാനലിലുള്ള തായ് വാന്‍ ഇ.ടി സ്പേസ് പവര്‍ സോളാര്‍ സെല്ലുകള്‍ എന്നിവ ‘കോയോ’ വഹിക്കുന്നു. ഇ.ടി സ്പേസ് പവര്‍ സോളാര്‍ സെല്ലുകള്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കോയോ’യില്‍ ബഹിരാകാശ പ്രവര്‍ത്തനത്തിന് അനുയോജ്യമായ ഹെക്സ്20യുടെ സോളാര്‍ പാനല്‍ വിന്യാസ സംവിധാനങ്ങളാണുള്ളത്. അതില്‍ ഒരു നൂതന ഫീഡ്ബാക്ക് സംവിധാനം, ഹിഞ്ച് ഡിസൈന്‍, ഡിപ്ലോയബിള്‍ മോണോപോള്‍ റോഡ് ആന്‍റിന എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ എഎക്സ് ക്യൂബ്സാറ്റ് പ്ലാറ്റ്‌ഫോമിനും കൂടുതല്‍ ഫലപ്രദമാകുന്നു. കമ്പനിയുടെ മറ്റൊരു നാഴികക്കല്ലെന്ന് ഹെക്സ്20 സഹസ്ഥാപകനും ഡയറക്ടറുമായ എം.ബി അരവിന്ദ് ഈ ദൗത്യത്തെ വിശേഷിപ്പിച്ചു. ഹെക്സ്20യുടെ പരിശ്രമത്തിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമാണ് ദൗത്യത്തിന്‍റെ വിജയം. ഹെക്സ്20യുടെ ആദ്യ ഉപഗ്രഹമായ ‘നിള’ ഒരു മികച്ച പഠനാനുഭവമായിരുന്നു. ആദ്യ ദൗത്യത്തില്‍ നിന്നുള്ള അറിവുകള്‍ ‘കോയോ’യില്‍ ഗുണം ചെയ്തു. ഓരോ വെല്ലുവിളിയും പരിഹാരത്തേക്കാളുപരി ഉത്തരങ്ങളും മികച്ച മാര്‍ഗങ്ങളുമാക്കി മാറ്റുകയാണ് ഞങ്ങള്‍ ചെയ്യത്. അതാണ് ഇവയെ വിശ്വസനീയമായ ഉല്‍പ്പന്നങ്ങളാക്കി മാറ്റിയത്. രണ്ടാമത്തെ ദൗത്യത്തിന്‍റെ വിജയം ഹെക്സ്20യുടെ ഉല്‍പ്പന്ന വിശ്വാസ്യതയും ഉപഭോക്താക്കള്‍ക്കിടയിലെ ആത്മവിശ്വാസവും വര്‍ധിപ്പിക്കാന്‍ സഹായിച്ചു. ദൗത്യം സാധ്യമാക്കുന്നതില്‍ ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്‍ററിന്‍റെ (ഇന്‍സ്പേസ്) പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഹെക്സ്20യ്ക്ക് ആറ് ബഹിരാകാശ ദൗത്യങ്ങളാണുള്ളത്. നിള-3 (യുകെ ആസ്ഥാനമായുള്ള ഓംസ്പേസിന്‍റെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന് യോഗ്യത നേടുന്നതിനായി നിര്‍മ്മിച്ച ക്യൂബ്സാറ്റ്), എസ്എഐഎസ്ഐ (തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടിയുള്ള കപ്പല്‍ തിരിച്ചറിയല്‍ ഉപഗ്രഹം), കോസ്പര്‍1 (കോസ്പറിന്‍റെ പങ്കാളിത്തത്തോടെ വിവിധ ആഗോള സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള ബഹിരാകാശ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം), എമിറേറ്റ്സ് ആസ്റ്ററോയ്ഡ് മിഷന്‍ ആസ്റ്ററോയ്ഡ് ഇമ്പാക്റ്റര്‍ പ്രോബ് എന്നിവ ഈ ദൗത്യങ്ങളില്‍ ഉള്‍പ്പെടുന്നു. യുഎഇയുടെ ഛിന്നഗ്രഹ ദൗത്യത്തിനൊപ്പം പറക്കുന്ന ആസ്റ്ററോയിഡ് ജസ്റ്റിഷ്യയെ ചിത്രീകരിക്കുന്നത വിധത്തിലാണ് എമിറേറ്റ്സ് ആസ്റ്ററോയിഡ് മിഷന്‍ ആസ്റ്ററോയിഡ് ഇംപാക്റ്റര്‍ പ്രോബ് ദൗത്യം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മനുഷ്യചരിത്രത്തിലെ ഏത് മൈക്രോസാറ്റ്/ക്യൂബ്സാറ്റിനേക്കാളും കൂടുതല്‍ ദൂരം ഈ ദൗത്യം സഞ്ചരിക്കും. ഹെക്സ്20യുടെ മായവി1, ഡിങ്ക്എന്‍1 ദൗത്യങ്ങള്‍ ഹെക്സ് 20യുടെ സ്വന്തം തെര്‍മല്‍, ദൃശ്യ ഭൗമ നിരീക്ഷണ പേലോഡുകള്‍ക്ക് പുറമെ ഒന്നിലധികം ഉപഭോക്തൃ പേലോഡുകള്‍ വഹിക്കുന്ന പേലോഡ് അഗ്രഗേറ്റര്‍ ദൗത്യങ്ങളായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇവ വിവിധ ആപ്ലിക്കേഷനുകളിലൂടെ പ്രയോജനപ്രദമായ ഭൗമ നിരീക്ഷണ ഡാറ്റ നല്‍കും. നേരത്തെ ‘നിള’യുടെ വിക്ഷേപണത്തിലൂടെ സ്പേസ് എക്സുമായി പങ്കാളിത്തം പുലര്‍ത്തുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പായി ഹെക്സ്20 മാറിയിരുന്നു. യുഎസ്, യുഎഇ, തായ് വാന്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ഹെക്സ്20 ഐഎസ്ആര്‍ഒ ദൗത്യങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ആഭ്യന്തര നിര്‍മ്മാണ ശൃംഖലയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഉപഗ്രഹങ്ങളുടെ നിര്‍മ്മാണത്തിനൊപ്പം അനുബന്ധ സേവനങ്ങളും ഹോസ്റ്റഡ് പേലോഡ് സൊല്യൂഷനുകളും ഹെക്സ് 20 യിലൂടെ ലഭ്യമാകും.

  യുപിഐ ബയോമെട്രിക് ഇടപാടുകൾ 600 മില്യൺ കടന്നു
Maintained By : Studio3