കെഎസ് യുഎമ്മിന്‍റെ ഡിജിറ്റല്‍ ഫാബ് മെഷീന്‍ വര്‍ക്ക് ഷോപ്പ് ജൂലൈ 13 ന്
തിരുവനന്തപുരം: ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ മെഷീനുകളില്‍ പ്രായോഗിക പരിചയം നല്‍കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന മേക്കര്‍സ്പ്രിന്‍റിന്‍റെ രണ്ടാം പതിപ്പിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ടെക്നോപാര്‍ക്കിലെ ഫാബ് ലാബില്‍ ജൂലൈ 13 ന് ആരംഭിക്കുന്ന ആറ് ദിവസത്തെ വര്‍ക്ക് ഷോപ്പ് 18 ന് സമാപിക്കും. ‘6 ദിവസത്തിനുള്ളില്‍ 5 ഉപകരണങ്ങള്‍’ എന്ന പഠനമാതൃകയെ അടിസ്ഥാനമാക്കിയാണ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നത്. ഫാബ്രിക്കേഷന്‍ വിഷയങ്ങളില്‍ അറിവ് നേടുന്നതിനൊപ്പം പുത്തന്‍ ആശയങ്ങളെ പ്രോട്ടോടൈപ്പുകളാക്കി മാറ്റുന്നതിനുള്ള പ്രായോഗിക പരിശീലനം ഇതിലൂടെ ലഭിക്കും. ഒരു ഉത്പന്നത്തെ പ്രാരംഭ ആശയ ഘട്ടത്തില്‍ നിന്ന് പ്രവര്‍ത്തനപരമായ പ്രോട്ടോടൈപ്പ് തലത്തിലേക്ക് കൊണ്ടുപോകുക എന്നതാണ് വര്‍ക്ക് ഷോപ്പിന്‍റെ പ്രാഥമിക ലക്ഷ്യം. വ്യവസായസംരംഭങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ശാക്തീകരിക്കാനും പരിശീലനം ലക്ഷ്യമിടുന്നു. ഫാബ് ലാബ് കേരളയുമായി സഹകരിച്ചുള്ള വര്‍ക്ക് ഷോപ്പില്‍ പത്ത് പേര്‍ക്കാണ് പ്രവേശനം ലഭിക്കുക. വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍, പ്രൊഫഷണല്‍സ് എന്നിങ്ങനെ ഫാബ്രിക്കേഷന്‍ വിഷയങ്ങളില്‍ അറിവ് നേടാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഇതിന്‍റെ ഭാഗമാകാം. മെയ് മാസത്തില്‍ നടത്തിയ മേക്കര്‍സ്പ്രിന്‍റിന്‍റെ ഒന്നാംപതിപ്പ് വിജയകരമായിരുന്നു. വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ത്രിഡി പ്രിന്‍ററുകള്‍, ലേസര്‍ കട്ടറുകള്‍, കമ്പ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്‍ട്രോള്‍ (സിഎന്‍സി) റൂട്ടറുകള്‍, പ്രിന്‍റഡ് സര്‍ക്യൂട്ട് ബോര്‍ഡ് മില്ലിംഗ് (പിസിബി), സ്ക്രീന്‍ പ്രിന്‍റിംഗ് എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ മെഷീനുകള്‍, ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍, ഡിസൈന്‍ സോഫ്റ്റ് വെയറുകള്‍, അവശ്യ ടൂളുകള്‍ എന്നിവയില്‍ പ്രായോഗിക പരിചയം ലഭിക്കും. യുഎസ്എയിലെ ബോസ്റ്റണിലുള്ള സെന്‍റര്‍ ഫോര്‍ ബിറ്റ്സ് ആന്‍ഡ് ആറ്റംസ്, എംഐടിയുമായി ഫാബ് ലാബ് കേരള അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. രജിസ്ട്രേഷന്: https://startupmission.kerala.gov.in/fablab/maker-sprint
