Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതല്‍ 30 വരെ

1 min read

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതല്‍ 30 വരെ നടക്കും. ഓണം ടൂറിസം വാരാഘോഷത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തില്‍ ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് ആണ് ഇക്കാര്യം അറിയിച്ചത്. ഇത്തവണ ‘ഓണം ടൂറിസം വാരാഘോഷം’ എന്ന പേരിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. വാരാഘോഷത്തിന്‍റെ ഉദ്ഘാടനം ഓഗസ്റ്റ് 24 ന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയില്‍ നടക്കും. ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ഘോഷയാത്ര ഓഗസ്റ്റ് 30 ന് നഗരത്തില്‍ നടക്കും. കഴിഞ്ഞ വര്‍ഷം ഓണം വാരാഘോഷത്തിന്‍റെ ഭാഗമായ എല്ലാ സ്ഥലങ്ങളും വേദികളും ഇത്തവണയുമുണ്ടാകുമെന്നും ചില സ്ഥലങ്ങള്‍ പുതിയതായി കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. ഓണാഘോഷത്തില്‍ പരമാവധി വിദേശ വിനോദ സഞ്ചാരികളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന തെയ്യം, പടയണി, തോല്‍പാവക്കൂത്ത്, വിവിധ നാടന്‍ കലാരൂപങ്ങളുടെ അവതരണം പ്രധാന വേദിയായ നിശാഗന്ധിയില്‍ എല്ലാ ദിവസവും വൈകുന്നരം ആറ് മുതല്‍ ഏഴ് വരെ നടക്കും. വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ക്ക് കേരളീയ കലകള്‍ പരിചയപ്പെടാനും ആസ്വദിക്കാനും അവസരം ഒരുക്കുന്നതിന്‍റെ ഭാഗമായാണിത്. വിദേശ വിനോദസഞ്ചാരികളെ പരിപാടിയെക്കുറിച്ച് അറിയിക്കുന്നതിനായി നഗരത്തിലെ എല്ലാ പ്രമുഖ ഹോട്ടലുകളുമായും സഹകരിച്ച് ഓണാഘോഷങ്ങളുടെ ബ്രോഷറുകളും ഇംഗ്ലീഷിലുള്ള പ്രോഗ്രാം വിശദാംശങ്ങളും വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും. ഓണക്കാലത്ത് ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെയും ചേരുവകളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ പ്രത്യേക ഭക്ഷ്യ സ്ക്വാഡിനെ നിയോഗിക്കും. ഓണം വാരാഘോഷത്തിന്‍റെ നടത്തിപ്പിനായി മുഖ്യമന്ത്രി വി.ഡി സതീശന്‍ മുഖ്യ രക്ഷാധികാരിയായും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, മന്ത്രിമാരായ കെ.മുരളീധരന്‍, സി.പി ജോണ്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എഎ റഹീം എന്നിവര്‍ രക്ഷാധികാരികളായും, ടൂറിസം മന്ത്രി ചെയര്‍മാനായും, തിരുവനന്തപുരം ജില്ലയിലെ എംഎല്‍എമാര്‍ ഉപരക്ഷാധികാരികളായുമുള്ള ജനറല്‍ കമ്മിറ്റി തെരഞ്ഞെടുത്തു. വിവിധ കമ്മിറ്റികളുടെയും അതിനു കീഴില്‍ രൂപീകരിക്കുന്ന സബ് കമ്മിറ്റികളുടെയും നേതൃത്വത്തിലായിരിക്കും ഓണാഘോഷത്തിന്‍റെ നടത്തിപ്പ്.ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഓണം ടൂറിസം വാരാഘോഷം സംഘടിപ്പിക്കുന്നത്. ഓണം ടൂറിസം വാരാഘോഷത്തിന്‍റെ ഭാഗമായി ജില്ലയില്‍ വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര്‍ക്കും സംഘടനകള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ ജൂലൈ 12 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുന്‍പായി കണ്‍വീനര്‍, ഓണം ടൂറിസം വാരാഘോഷം-2026, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ ലഭിക്കണം. ഫോണ്‍: 0471 2560426. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.keralatourism.org. അപേക്ഷാ കവറിന് മുകളില്‍ ‘ഓണം ടൂറിസം വാരാഘോഷം2026’ എന്ന് എഴുതേണ്ടതാണ്.

  10 ലക്ഷത്തിലധികം എയർ കണ്ടീഷണറുകൾ വിറ്റഴിച്ച് വോൾട്ടാസ്
Maintained By : Studio3