Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രധാനമന്ത്രിയുടെ നോർവേ സന്ദർശന സംഘത്തിൽ ഇടംനേടിയ ഐറോവ്

1 min read

Person using tablet

കൊച്ചി: നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ചരിത്രപരമായ നോർവേ സന്ദർശനത്തിനുള്ള ഔദ്യോഗിക ബിസിനസ്സ് പ്രതിനിധി സംഘത്തിലേക്ക് കേരളത്തിൽ നിന്നുള്ള ഡീപ്പ്-ടെക് സ്റ്റാർട്ടപ്പായ ഐറോവ് തിരഞ്ഞെടുക്കപ്പെട്ടു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ യുണീക് ഐഡി സ്റ്റാര്‍ട്ടപ്പായ ഐറോവ് അണ്ടർവാട്ടർ റോബോട്ടിക്സ് കമ്പനിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഓസ്ലോയിൽ നടന്ന ഇന്ത്യ-നോർവേ സിഇഒ റൗണ്ട് ടേബിളിലും ഹൈ ലെവൽ ബിസിനസ്സ് ആന്റ് റിസർച്ച് ഉച്ചകോടിയിലും പങ്കെടുക്കാന്‍ ഐറോവിന് അവസരം ലഭിച്ചത് അഭിമാന നിമിഷമാണെന്ന് കമ്പനി സഹസ്ഥാപകനും സിടിഒയുമായ കണ്ണപ്പ പളനിയപ്പന്‍ ചൂണ്ടിക്കാട്ടി. സമുദ്രോപരിതല സാങ്കേതികവിദ്യ, അണ്ടർവാട്ടർ റോബോട്ടിക്സ്, ബ്ലൂ ഇക്കോണമി എന്നീ മേഖലകളിൽ ഇന്ത്യാ-നോര്‍വേ സഹകരണത്തിനായി തന്ത്രപ്രധാന ദിശാരേഖ ഐറോവ് സമർപ്പിച്ചു. നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന നോർവീജിയൻ കമ്പനികളിൽ ഏകദേശം എഴുപത് ശതമാനവും സമുദ്രമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ പങ്കാളിത്തം ഇരുരാജ്യങ്ങൾക്കും ഏറെ നിർണ്ണായകമാണ്. സബ്‌സീ എഞ്ചിനീയറിംഗ്, ഗ്രീൻ ഷിപ്പിംഗ്, അക്വാകൾച്ചർ എന്നിവയിൽ ലോകനേതാവായ നോർവേ, ഐറോവിന് ഏറ്റവും അനുയോജ്യമായ പങ്കാളിയാണെന്നും, അണ്ടർവാട്ടർ റോബോട്ടിക്സ്, സെന്‍കോപ് ഇന്റഗ്രേഷൻ, പ്രെഡിക്റ്റീവ് മെയിന്റനൻസ്, തുറമുഖ അടിസ്ഥാന സൗകര്യങ്ങളുടെ നിരീക്ഷണം എന്നിവയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ വലിയ സാധ്യതകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ നാവികസേനയിൽ നിന്ന് 47 കോടി രൂപയുടെ പ്രതിരോധകരാര്‍ ഐറോവ് അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇന്ത്യ-നോർവേ തന്ത്രപ്രധാന പങ്കാളിത്തത്തെ കൂടുതൽ ശക്തമാക്കുമ്പോൾ, ഐറോവ് പോലുള്ള ഡീപ്പ്-ടെക് കമ്പനികളെ ഇത്തരം ഉന്നതതല ചർച്ചകളിൽ ഉൾപ്പെടുത്തിയത് വഴി സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പുുകളെ ആഗോള സഹ-സൃഷ്ടാക്കളായാണ് രാജ്യം ഉയർത്തിക്കാട്ടുന്നത് എന്ന വ്യക്തമായ സന്ദേശമാണ് നൽകുന്നത്. സിഇഒ റൗണ്ട് ടേബിളിൽ ഇന്ത്യയും നോർവേയും തമ്മിലുള്ള സമുദ്ര സാങ്കേതിക സഹകരണത്തിനായി പ്രധാനപ്പെട്ട അഞ്ച് നിർദ്ദേശങ്ങളാണ് ഐറോവ് മുന്നോട്ടുവെച്ചത്. ലോകത്തിലെ ഏറ്റവും കഠിനമായ സമുദ്രാന്തർ ഭാഗങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന അത്യാധുനിക ആർഒവി, എയുവി, സെൻസറുകൾ എന്നിവയുടെ സംയുക്ത വികസനമാണ് ഇതിൽ പ്രധാനം. കപ്പലുകളുടെ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഗ്രീൻ ഷിപ്പിംഗ്, സ്വയംനിയന്ത്രിത അണ്ടർവാട്ടർ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള തുറമുഖ നവീകരണം, സുസ്ഥിര സമുദ്ര കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കുമായി റോബോട്ടിക്സും ഡാറ്റാ അനലിറ്റിക്സും വിന്യസിക്കുന്ന ബ്ലൂ ഇക്കോണമി എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ. കൂടാതെ ഇരുരാജ്യങ്ങളിലെയും ഡീപ്പ്-ടെക് പങ്കാളിത്തം വേഗത്തിലാക്കാൻ വിപണി ലഭ്യതയും സംയുക്ത ഗവേഷണ-വികസന ഫണ്ടിംഗും വാഗ്ദാനം ചെയ്യുന്ന ഇന്ത്യ-നോർവേ മറൈൻ ടെക് ഇന്നൊവേഷൻ കോറിഡോർ എന്ന സുസ്ഥിരമായ ഉഭയകക്ഷി ചട്ടക്കൂടും കമ്പനി നിർദ്ദേശിച്ചു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐറോവ്, ജലാശയങ്ങൾക്കടിയിലുള്ള നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷിതവും കാര്യക്ഷമവുമായ പരിശോധനയ്ക്കായി ഇൻഡസ്ട്രിയൽ-ഗ്രേഡ് അണ്ടർവാട്ടർ ഡ്രോണുകൾ നിർമ്മിക്കുന്ന മുൻനിര മറൈൻ റോബോട്ടിക്സ് കമ്പനിയാണ്. ഡാറ്റ പ്രോസസ്സിംഗും വിശകലനവും വേഗത്തിലാക്കാൻ കമ്പനി വികസിപ്പിച്ച ഇവിഎപി എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്ലാറ്റ്‌ഫോം ഈ രംഗത്തെ പ്രെഡിക്റ്റീവ് അസറ്റ് മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കുന്നു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സക്രിയ പിന്തുണയോടെ വളർന്ന് ആഗോള വേദിയിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞ ഐറോവിന്റെ ഈ നേട്ടം മറ്റ് ഇന്ത്യൻ ഡീപ്പ്-ടെക് സ്റ്റാർട്ടപ്പുകൾക്കും വലിയൊരു പ്രചോദനമാണെന്ന് കെഎസ് യുഎം വ്യക്തമാക്കി.

  മോട്ടോര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ആവശ്യകത
Maintained By : Studio3