യുടിഐ മിഡ് ക്യാപ് ഫണ്ട് ആസ്തി 11,679 കോടി രൂപ കടന്നു
കൊച്ചി: 2026 ഏപ്രില്‍ 30-ലെ കണക്കനുസരിച്ച് യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 11,679 കോടി രൂപ പിന്നിട്ടു. 2004 ഏപ്രില്‍ 7-ന് പ്രവര്‍ത്തനം ആരംഭിച്ച ഈ ഫണ്ട് മിഡ് ക്യാപ് കമ്പനികളില്‍ പ്രധാനമായും നിക്ഷേപം നടത്തുന്ന ഒരു ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണ്. ഫണ്ടിന്‍റെ പോര്‍ട്ട്ഫോളിയോയില്‍ നിലവില്‍ 70 ശതമാനം മിഡ് ക്യാപ് കമ്പനികളിലും 21 ശതമാനം സ്മോള്‍ ക്യാപ് കമ്പനികളിലും ബാക്കി ലാര്‍ജ് ക്യാപ് കമ്പനികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. വിവിധ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന 91 ഓളം സ്റ്റോക്കുകള്‍ ഈ ഫണ്ടിന്‍റെ പോര്‍ട്ട്ഫോളിയോയിലുണ്ട്. ഫണ്ടിന്‍റെ മുൻനിര നിക്ഷേപങ്ങളിൽ പിബി ഫിൻടെക് ലിമിറ്റഡ്, പോളികാബ് ഇന്ത്യ ലിമിറ്റഡ്, ട്യൂബ് ഇൻവെസ്റ്റ്‌മെന്‍റ്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡ്, മാക്സ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, സുസ്‌ലോൺ എനർജി ലിമിറ്റഡ്, ഫീനിക്സ് മിൽസ് ലിമിറ്റഡ്, മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക് ലിമിറ്റഡ്, എപിഎൽ അപ്പോളോ ട്യൂബ്‌സ് ലിമിറ്റഡ്, അജന്ത ഫാർമ ലിമിറ്റഡ് എന്നിവ ഉൾപ്പെടുന്നു. ഇവ പോർട്ട്‌ഫോളിയോയുടെ മൊത്തം നിക്ഷേപത്തിന്‍റെ ഏകദേശം 20 ശതമാനത്തോളം വരും. മികച്ച സാമ്പത്തിക അടിത്തറയുള്ളതും വളര്‍ച്ചാ സാധ്യതയുള്ളതുമായ കമ്പനികളെ താഴെത്തട്ടില്‍ നിന്ന് വിശകലനം ചെയ്ത് തിരഞ്ഞെടുക്കുന്ന ബോട്ടം-അപ്പ് രീതിയാണ് ഫണ്ട് പിന്തുടരുന്നത്.
