Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്

1 min read

കൊച്ചി: മലയാള സിനിമയിൽ സ്ത്രീസാന്നിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും വനിതകൾക്ക് ആധുനിക സിനിമ അനുബന്ധ സാങ്കേതികവിദ്യയിൽ പ്രാവീണ്യം ഉറപ്പാക്കുന്നതിനുമായി കെഎസ് യു എം യൂണിക് ഐഡി സ്റ്റാർട്ടപ്പായ സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് കോളേജ് വിദ്യാർത്ഥിനികൾക്കായി സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. “ഹെർ ലെൻസ്: എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ് ഫോർ വുമൺ” എന്ന ഈ സ്കോളർഷിപ്പ്, ഈ മേഖലയിൽ വനിതകൾക്കായി പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ ധനസഹായ പദ്ധതിയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നത് കേവലം സാങ്കേതിക ഉപകരണം മാത്രമല്ല, മറിച്ച് സർഗ്ഗാത്മക ഭാവനയുടെ പുതിയ സാധ്യതയാണെന്ന തിരിച്ചറിവിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സിനിമയിലെ സ്ത്രീ കാഴ്ചപ്പാടുകളെ എഐ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നതിലൂടെ ചലച്ചിത്ര നിർമ്മാണ ലോകത്ത് നൂതന മാതൃക സൃഷ്ടിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. നടൻ കമൽഹാസൻ ഉദ്ഘാടനം ചെയ്ത ‘വേവ് 1.0’ എന്ന എഐ ഫിലിം മേക്കിംഗ് മൂവ്‌മെന്റിന്റെ ഭാഗമായാണ് സംരംഭം. സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗിന്റെ ജൂൺ ബാച്ചിലേക്കാണ് ഈ സ്കോളർഷിപ്പുകൾ ലഭ്യമാവുക. തിരഞ്ഞെടുക്കപ്പെടുന്നവരിൽ മൂന്ന് പേർക്ക് ഇന്ത്യയിലെ ആദ്യത്തെ സമഗ്ര എഐ ഫിലിം മേക്കിംഗ് പ്രോഗ്രാമിലേക്ക് 100 ശതമാനം സ്കോളർഷിപ്പ് (1,25,000 രൂപ) നൽകുന്ന ‘വിഷനറി ഗ്രാന്റും’, മറ്റ് മൂന്ന് പേർക്ക് കോഴ്സ് ഫീസിന്റെ 50 ശതമാനം സ്കോളർഷിപ്പ് നൽകുന്ന ‘പയനിയർ ഗ്രാന്റും’ ലഭിക്കും. സിനിമ, ക്രിയേറ്റീവ് ഡിസൈൻ, കണ്ടന്റ് ക്രിയേഷൻ, ഹ്രസ്വചിത്ര നിർമ്മാണം, എഴുത്ത് അല്ലെങ്കിൽ സാങ്കേതികവിദ്യ എന്നിവയിൽ താല്പര്യമുള്ള കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്. മുൻപരിചയം നിർബന്ധമല്ലെങ്കിലും അപേക്ഷകർ 35 വയസ്സിൽ താഴെയുള്ളവരായിരിക്കണം. അപേക്ഷകരുടെ ക്രിയേറ്റീവ് പോർട്ട്‌ഫോളിയോ, “എന്തുകൊണ്ട് ഞാൻ എഐ ഫിലിം മേക്കിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നു” എന്ന വിഷയത്തിലുള്ള 300 വാക്കുകളിൽ കുറയാത്ത കുറിപ്പ്, ഓൺലൈൻ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താൽപ്പര്യമുള്ളവർ https://forms.gle/W8bA9JsLjLRjcYjAA എന്ന ലിങ്ക് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മെയ് 15 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് +91 89211 62636 എന്ന ഫോൺ നമ്പറിലോ sostorytelling.com എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

  എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് അറ്റാദായം 553 കോടി രൂപയായി ഉയര്‍ന്നു

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3