Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വന്‍താരയുടെ വന്യജീവി സംരക്ഷണ, വെറ്ററിനറി സയന്‍സസ് യൂണിവേഴ്‌സിറ്റി

1 min read

ജാംനഗര്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് അംബാനി സ്ഥാപിച്ച ആഗോള വന്യജീവി സംരക്ഷണ പ്രസ്ഥാനമായ വന്‍താര ഗുജറാത്തിലെ ജാംനഗറില്‍ പുതിയ സര്‍വ്വകലാശാല ആരംഭിച്ചു. വന്യജീവി സംരക്ഷണത്തിനും വെറ്ററിനറി സയന്‍സിനും മാത്രമായി സമര്‍പ്പിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ സംയോജിത ആഗോള സര്‍വ്വകലാശാലയാണ് വന്‍താര യൂണിവേഴ്‌സിറ്റി. മൃഗക്ഷേമം, ശാസ്ത്രീയ പുരോഗതി, വന്യജീവി സംരക്ഷണത്തിന്റെ ഭാവി എന്നിവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണ് സര്‍വ്വകലാശാല പ്രവര്‍ത്തിക്കുക. വെറ്ററിനറി മെഡിസിന്‍, കണ്‍സര്‍വേഷന്‍, വൈല്‍ഡ് ലൈഫ് കെയര്‍ എന്നീ മേഖലകളില്‍ ഭാവി നേതാക്കളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. ഭാരതത്തിന്റെ പൗരാണിക വിജ്ഞാന പാരമ്പര്യത്തെയും ആധുനിക വിദ്യാഭ്യാസ രീതികളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ‘കാരുണ്യം, അറിവ്, നൈപുണ്യം എന്നീ ഗുണങ്ങളോടെ ജീവജാലങ്ങളെ സേവിക്കാന്‍ നാം എങ്ങനെ സജ്ജരാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സംരക്ഷണത്തിന്റെ ഭാവി. കഷ്ടത അനുഭവിക്കുന്ന മൃഗങ്ങളെ കണ്ടതില്‍ നിന്നും അവയുടെ സംരക്ഷണത്തിന് മികച്ച സംവിധാനങ്ങള്‍ ആവശ്യമാണെന്ന തിരിച്ചറിവില്‍ നിന്നുമാണ് വന്‍താര യൂണിവേഴ്‌സിറ്റി ജനിച്ചത്. വിശ്വവിഖ്യാതമായ, പ്രാചീന നളന്ദ സര്‍വ്വകലാശാലയുടെ മൂല്യങ്ങളില്‍ നിന്നും ‘ആ നോ ഭദ്രഃ ക്രതവോ യന്തു വിശ്വതഃ’ (എല്ലാ ദിശകളില്‍ നിന്നും ഉല്‍കൃഷ്ടമായ ചിന്തകള്‍ നമ്മിലേക്ക് വരട്ടെ) എന്ന സനാതന ദര്‍ശനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സര്‍വകലാശാല രൂപകല്‍പ്പന ചെയ്തിരിക്കുന്നത്,’ അനന്ത് അംബാനി പറഞ്ഞു. ഹിന്ദു പാരമ്പര്യമനുസരിച്ച് നടന്ന സര്‍വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ അക്കാദമിക്, സയന്‍സ്, കണ്‍സര്‍വേഷന്‍ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പുല്‍മേടുകള്‍, വനങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, ഹിമാലയന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച മണ്ണും വെള്ളവും കല്ലുകളും ഉപയോഗിച്ചാണ് സര്‍വ്വകലാശാലയുടെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചത്. ഇത് ഇന്ത്യയുടെ പാരിസ്ഥിതിക വൈവിധ്യത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്നു. അക്കാദമിക് പ്രോഗ്രാമുകളെന്ന നിലയില്‍ അണ്ടര്‍ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ്, ഫെലോഷിപ്പ് പ്രോഗ്രാമുകള്‍ സര്‍വകലാശാലയിലുണ്ടാകും. വൈല്‍ഡ് ലൈഫ് മെഡിസിന്‍ ആന്‍ഡ് സര്‍ജറി, ന്യൂട്രീഷന്‍, ബിഹേവിയറല്‍ സയന്‍സസ്, ജനറ്റിക്‌സ്, എപ്പിഡെമിയോളജി, വന്യജീവി സംരക്ഷണ നയങ്ങള്‍ തുടങ്ങിയവയാണ് പ്രധാന വിഷയങ്ങള്‍. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്. അത്യാധുനിക ക്ലിനിക്കല്‍ സൗകര്യങ്ങള്‍, അന്താരാഷ്ട്ര സഹകരണം, റെസിഡന്‍ഷ്യല്‍ ക്യാമ്പസ് എന്നിവയും വന്‍താര സര്‍വകലാശാലയുടെ പ്രത്യേകതകളാണ്. വന്യജീവികളെ ആരാധിക്കുക മാത്രമല്ല, അവയെ ശാസ്ത്രീയമായി സംരക്ഷിക്കാന്‍ പരിശീലനം ലഭിച്ച കൈകളും അറിവും ആവശ്യമാണെന്ന കാഴ്ചപ്പാടാണ് വന്‍താര യൂണിവേഴ്‌സിറ്റി മുന്നോട്ട് വെക്കുന്നത്. വന്യജീവി സംരക്ഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ സംരംഭത്തിന് സാധിക്കുമെന്ന് കരുതപ്പെടുന്നു.

  ഡിബിഎസ് ബാങ്ക് 'ഡിബിഎസ് ആസ്‌പയർ' ബാങ്കിംഗ് പദ്ധതി

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3