ഗൊയ്ഥെ സെന്‍ട്രത്തിൽ മിഖായേല്‍ ഗ്ലൈഹിന്‍റെ ഫോട്ടോപ്രദര്‍ശനം
തിരുവനന്തപുരം: വിവിധ രാജ്യങ്ങളിലെ അന്ത്യയാത്രാ ചടങ്ങുകളിലെ വൈവിധ്യം വിളിച്ചോതുന്ന പ്രശസ്ത പത്രപ്രവര്‍ത്തകനും ജര്‍മ്മന്‍ ഫോട്ടോഗ്രാഫറുമായ മിഖായേല്‍ ഗ്ലൈഹിന്‍റെ ഫോട്ടോ പ്രദര്‍ശനത്തിന് തലസ്ഥാനം വേദിയാകുന്നു. ജര്‍മ്മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രത്തിന്‍റെ ആഭിമുഖ്യത്തില്‍ നവംബര്‍ 5 മുതല്‍ 8 വരെ മ്യൂസിയം പാര്‍ക്കിലാണ് പ്രദര്‍ശനം. നവംബര്‍ 5 ന് രാവിലെ 11 ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മിഖായേല്‍ ഗ്ലൈഹ് പങ്കെടുക്കും. കാണികള്‍ക്ക് അദ്ദേഹത്തോട് സംവദിക്കാനുള്ള അവസരം ലഭിക്കും. ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങളുടെ അന്ത്യകര്‍മ്മങ്ങളും രീതികളും വിളിച്ചോതുന്ന ചിത്രങ്ങളാണ് ‘വിടവാങ്ങലിന്‍റെ ആഗോള സംസ്കാരം’ എന്ന തീമില്‍ അണിനിരത്തുന്ന പ്രദര്‍ശനത്തിലുള്ളത്. ഹിന്ദു, ജൂത, മുസ്ലീം, ക്രിസ്ത്യന്‍, ചൈനീസ് സമൂഹങ്ങളുടെ അന്ത്യയാത്രാ പാരമ്പര്യങ്ങളിലേക്ക് കടന്നു ചെല്ലാന്‍ ഫോട്ടോ പ്രദര്‍ശനം അവസരമൊരുക്കും. സ്നേഹ-ദു:ഖ സാന്ദ്രമായ അന്ത്യയാത്രാ ചടങ്ങുകള്‍, സെമിത്തേരികള്‍, മതപരമായ ചിഹ്നങ്ങള്‍, ആചാരങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ പ്രദര്‍ശനത്തെ വേറിട്ടതാക്കും. മരിച്ചവരോടുള്ള ആദരവ് കലാപരമായ സംഭാവനയായി തിരിച്ചറിയപ്പെടുന്നതിന് പ്രദര്‍ശനം വേദിയാകും. അന്ത്യയാത്രാ ചടങ്ങുകളിലെ രൂപങ്ങള്‍, ചിഹ്നങ്ങള്‍, ആചാരങ്ങള്‍ എന്നിവയില്‍ മാത്രമാണ് വ്യത്യസ്ഥതയുള്ളതെന്ന് മിഖായേല്‍ ഗ്ലൈഹ് പറയുന്നു. അന്ത്യയാത്രാ ചടങ്ങുകളിലെ വൈവിധ്യം നേരിട്ടു കാണുന്നതിലും ഫ്രെയിമിലാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന തനിക്ക് ശ്മശാനങ്ങള്‍ നിശബ്ദതയുടെയും സ്നേഹസ്മരണയുടെയും സ്ഥലങ്ങളാണ്. പലപ്പോഴും ഇവ മരുപ്പച്ചകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലേഷ്യ, ദക്ഷിണാഫ്രിക്ക, ലെബനന്‍, ടുണീഷ്യ, റുവാണ്ട, യുകെ, ഫ്രാന്‍സ്, ഓസ്ട്രിയ, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ക്കൊപ്പം കേരളത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളും അദ്ദേഹത്തിന്‍റെ പ്രദര്‍ശനത്തിലുണ്ട്. സ്വദേശത്തും വിദേശത്തുമുള്ള മാധ്യമപ്രവര്‍ത്തകര്‍, ജേണലിസം സ്കൂളുകള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള മിഖായേല്‍ ഗ്ലൈഹ് ,നെഗറ്റീവ് വാര്‍ത്തകളും അക്രമവും വാര്‍ത്തയാക്കുന്നതില്‍ നിയന്ത്രണം വേണമെന്ന അഭിപ്രായക്കാരനാണ്. ഇത്തരം സമീപനത്തിലൂടെ സാമൂഹിക മാറ്റത്തിന് പത്രപ്രവര്‍ത്തനം ഒരു പോസിറ്റീവ് ശക്തിയായി മാറുമെന്നും അദ്ദേഹം കരുതുന്നു.
