ആഗോള വെല്ലുവിളികളെ നേരിടാൻ പുതിയ തരം ബഹുമുഖത്വം ആവശ്യമെന്ന് യുഎൻ മേധാവി
1 min readന്യൂയോർക്ക്: ആഗോള വെല്ലുവിളികളെ നേരിടാൻ പുതിയ രീതിയിലുള്ള ബഹുമുഖത്വം ആവശ്യമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. യുഎൻ ജനറൽ അസംബ്ലിയുടെ ആദ്യ യോഗത്തിന്റെ 75ാമത് വാർഷികത്തിന് തുടക്കം കുറിച്ചുള്ള വിർച്വൽ പ്രസംഗത്തിലാണ് ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ കൂടുതൽ മെച്ചപ്പെട്ട ആഗോള സഹകരണം ഉണ്ടാകണമെന്ന് ഗുട്ടെറസ് അഭിപ്രായപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ സഹകരണത്തോടെ നടന്ന ആഗോള സർവ്വേയിൽ പ്രതികരിച്ച 97 ശതമാനം ആളുകളും ഈ അഭിപ്രായമാണ് പങ്കുവെച്ചതെന്നും ഗുട്ടെറസ് പറഞ്ഞു.
അന്താരാഷ്ട്ര സഹകരണത്തിനായുള്ള ആവശ്യകത തുടരുമ്പോഴും യഥാർത്ഥത്തിൽ എന്താണ് അതുകൊണ്ട് അർത്ഥമാക്കുന്നതെന്നത് സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാട് കൂടുതൽ വികസിപ്പിക്കേണ്ടതുണ്ട്. പരസ്പരബന്ധിത ലോകത്തിൽ ബഹുമുഖത്വത്തിന്റെ ശൃംഖലയാണ് ആവശ്യം. ആഗോള, പ്രാദേശിക സംഘടനകൾക്ക് പരസ്പരം ആശയവിനിമയം നടത്താനും പൊതു താൽപ്പര്യങ്ങൾക്ക് വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാനും അതിലൂടെ കഴിയും. സ്ത്രീകൾക്കും യുവാക്കൾക്കും പൊതുജനങ്ങൾക്കും ബിസിനസ്, ടെക്നോളജി, ശാസ്ത്രം, അക്കാദമി മേഖലകൾക്കും തുല്യ പങ്കാളിത്തമുള്ള, ഏവരെയും ഉൾക്കൊള്ളുന്ന ബഹുമുഖത്വമാണ് ആവശ്യമെന്നും ഗുട്ടെറസ് പറഞ്ഞു.
നീതി, ലിംസമത്വം ഉൾപ്പടെയുള്ള തുല്യത എന്നിവയിലൂന്നിയ ആഗോള സഹകരണമായി ആഗോള സംവിധാനത്തെ മാറ്റേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഗുട്ടെറസ് സംസാരിച്ചു. സ്ത്രീകളുടെ നേതൃത്വവും തുല്യ പങ്കാളിത്തവും ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ പ്രധാനമാണ്. സ്ത്രീകൾ നേതൃപദവികളിലെത്തുകയും തീരുമാനമെടുക്കലിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുമ്പോൾ ശക്തമായ കാലാവസ്ഥാ കരാറുകളും സാമൂഹിക സുരക്ഷയ്ക്കായി കൂടുതൽ നടപടികളും കൂടുതൽ കാലം നീണ്ടുനിൽക്കുന്ന സമാധാനവും ഇന്നവേഷനും ഉണ്ടാകുന്നത് നാം കാണുന്നുണ്ട്. യുവാക്കൾക്കും ഈ ബഹുമുഖ പ്രക്രിയയിൽ വലിയ പങ്കുണ്ട്. എല്ലാവരും ഒന്നിച്ച് നിന്നാൽ കോവിഡ്-19 പോലുള്ള വെല്ലുവിളികളെ അതിജീവിക്കാൻ ലോകത്തിന് കഴിയുമെന്നും കൂടുതൽ ശുദ്ധവും സുരക്ഷിതവുമായ ഭംഗിയുള്ളതുമായ ലോകം വരും തലമുറകൾക്കായി ഒരുക്കാൻ കഴിയുമെന്നും ഗുട്ടെറസ് പറഞ്ഞു.
1946 ജനുവരി 10ന് ലണ്ടനിലാണ് യുഎൻ പൊതുസഭയുടെ ആദ്യയോഗം നടന്നത്.